(www.kl14onlinenews.com)
(22-October -2024)
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി എ.കെ.ഷാനിബ്. വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസ് നേതൃത്വത്തിനെതിരെയും ഷാനിബ് കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. പാർട്ടി പ്രവർത്തകരുടെ വാക്ക് കേൾക്കാൻ തയ്യാറാകാത്ത ആളാണ് സതീശൻ. സതീശനു ധാർഷ്ട്യമാണ്. മുഖ്യമന്ത്രി ആകാൻ എല്ലാവരെയും ചവിട്ടി മെതിച്ചു സതീശൻ മുന്നോട്ട് പോകുന്നുവെന്നും ഷാനിബ് പറഞ്ഞു.
പാലക്കാട് ബിജെപിയെ വിജയിപ്പിക്കാൻ പ്രതിപക്ഷ നേതാവും സാഹചര്യം ഒരുക്കി കൊടുക്കുകയാണ്. ബിജെപിയുമായി ചേർന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നീങ്ങുകയാണ് വി.ഡി.സതീശൻ. അധികാരത്തിനു വേണ്ടി അദ്ദേഹം എന്തും ചെയ്യുമെന്നും ഷാനിബ് പറഞ്ഞു. തന്റെ സ്ഥാനാര്‍ഥിത്വം ഒരിക്കലും ബി.ജെ.പിക്ക് അനുകൂലമായിരിക്കില്ല. പകരം ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിലിനുമുള്ള മറുപടിയായിരിക്കുമെന്നും ഷാനിബ് വ്യക്തമാക്കി.
പാർട്ടിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചശേഷമാണ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്ന എ.കെ.ഷാനിബ് പാർട്ടി വിട്ടത്. സിപിഎം തുടർഭരണം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയ്യാറാവുന്നില്ല. പാലക്കാട് - വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ.മുരളീധരൻ എന്നും പാർട്ടി വിടുന്നതിനു മുൻപായി ഷാനിബ് പറഞ്ഞിരുന്നു.
Post a Comment