പിണറായി എന്ന സൂര്യൻ കെട്ടുപോയി: മുഖ്യമന്ത്രി ചതിച്ചെന്ന് പി.വി അൻവർ

(www.kl14onlinenews.com)
(26-Sep -2024)

പിണറായി എന്ന സൂര്യൻ കെട്ടുപോയി: മുഖ്യമന്ത്രി ചതിച്ചെന്ന് പി.വി അൻവർ


മലപ്പുറം: മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റെന്ന് പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ച് സംശയത്തിന്റെ നിഴലിലാക്കിയെന്ന് പി.വി അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരസ്യ പ്രസ്താവന നടത്തരുതെന്ന പര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ടാണ് പി.വി അൻവർ പ്രതികരണം നടത്തിയത്.

'മരംമുറി കേസിൽ അന്വേഷണം തൃപ്തികരമല്ലെന്നും, സ്വർണക്കടത്ത് കേസിലും റിദാന്റെ കൊലപാതകത്തിലും അന്വേഷണം കാര്യക്ഷമമായല്ല നടക്കുന്നതെന്നും' അൻവർ ആരോപിച്ചു. 'പാർട്ടി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. സ്വര്‍ണം പൊട്ടിക്കല്‍ ആരോപണത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി വലിയ ചിരിയായിരുന്നു. കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം ഉന്നയിച്ച് മുഖ്യമന്ത്രി തന്നെ പൊതുസമൂഹത്തിനു മുന്നിൽ ഇട്ടു കൊടുക്കുകയായിരുന്നുവെന്നും' അൻവർ പറഞ്ഞു.

കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താൻ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്രത്തോളം കടന്ന് പറയേണ്ടിയിരുന്നില്ല. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണവും തെറ്റായ രീതിയിലായിരുന്നു. മുഖ്യമന്ത്രിയെ പാർട്ടി തിരുത്തിയില്ല. അജിത്ത് കുമാർ പറഞ്ഞ രീതിയിലാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനം നടത്തിയത്. മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല,' അൻവർ പറഞ്ഞു.

പൊലീസ് തന്‍റെ പിന്നാലെയുണ്ട് ഇന്ന് വാര്‍ത്താസമ്മേളനം നടത്താൻ കഴിയുമെന്ന് പോലും വിചാരിച്ചതല്ലെന്ന്' അൻവർ പറഞ്ഞു. ഇന്നു പുലര്‍ച്ചെ രണ്ടു മണിവരെ ഉറങ്ങിയിട്ടില്ല. ഇന്നലെ രാത്രിയും പൊലീസ് തന്‍റെ വീട്ടിലെത്തി. ഇനി പ്രതീക്ഷ കോടതിയിലാണ്. താൻ ഉന്നയിച്ച കാര്യങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കാൻ ഇനി ഹൈക്കോടതിയെ സമീപിക്കുമെന്നും പി.വി അൻവര്‍ പറഞ്ഞു.

പിണറായി എന്ന സൂര്യൻ കെട്ടുപോയെന്നും പാർട്ടിയുടെ ഗ്രാഫ് പൂജ്യമായെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയെ അങ്കിൾ എന്നാണ് എഡിജിപി അജിത് കുമാർ വിളിക്കുന്നത്. ഉന്നതർക്ക് എന്ത് അഴിമതിയും നടത്താം. ഏറ്റവും ഭയാനകമായ കാര്യം എല്ലാ പാർട്ടിക്കാരും ഒറ്റക്കെട്ടാണെന്നും അൻവർ കൂട്ടിച്ചേർത്തു.

അതേമയം, പൊലീസ് പിടിച്ചെടുത്ത സ്വർണം മാറ്റിയെന്ന ആരോപണത്തിൽ കൂടുതൽ തെളിവ് അൻവർ പുറത്തുവിട്ടു. 2023ൽ വിദേശത്തുനിന്നെത്തിയ കുടുംബവുമായി സംസാരിക്കുന്ന വീഡിയോ ആണ് അൻവര്‍ പുറത്തുവിട്ടത്. പിടിച്ച സ്വർണത്തിൽ പകുതിയും പൊലീസ് മാറ്റിയെന്ന് കുടുംബ വീഡിയോയിൽ പറയുന്നു.

കരിപ്പൂർ എയർപോർട്ട് സ്വർണക്കടത്ത് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും അൻവർ ചോദിച്ചു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ തെളിവുകളടക്കമുള്ള വീഡിയോകൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു അൻവറിൻ്റെ വിമർശനം. പത്രസമ്മേളന സ്ഥലത്ത് നേരത്തെ തന്നെ തയ്യാറാക്കിയിരുന്ന മോണിറ്ററിൽ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചായിരുന്നു പി വി അൻവറിൻ്റെ വാർത്താ സമ്മേളനം. ആരോപണങ്ങളില്‍ നടപടി ഇല്ലാതെവന്നപ്പോള്‍ തനിക്ക് ഒരു ഡിറ്റക്ടീവ് ആകേണ്ടിവന്നെന്ന് പറഞ്ഞുകൊണ്ടായിരുന്നു അന്‍വര്‍ സ്വന്തം അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളും അതിന് തെളിവായുള്ള വീഡിയോകളും പുറത്തുവിട്ടത്.


Post a Comment

Previous Post Next Post