(www.kl14onlinenews.com)
(26-Sep -2024)
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് ഒരു നിമിഷം പോലും ആഭ്യന്തര വകുപ്പ് വഹിക്കാൻ അർഹതയില്ലെന്ന് പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രി ആ കാര്യത്തിൽ പരാജയമാണെന്നും, അൻവർ പറഞ്ഞു. മുഖ്യമന്ത്രിയോട് ഇപ്പോഴും ബഹുമാനമുണ്ടെന്നും, എന്നാൽ കള്ളനാക്കാൻ നോക്കിയാൽ സമ്മതിക്കില്ലെന്നും അൻവർ പറഞ്ഞു.
'ഗവർണർ നൽകിയ കത്തിൽ തന്നെ കുറിച്ച് അന്വേഷിക്കാനല്ല പറഞ്ഞത്. ഉന്നയിച്ച ഫോൺ ചോർത്തലിനെ കുറിച്ച് അന്വേഷിക്കാനാണ് പറഞ്ഞതെന്ന്,' അൻവർ പറഞ്ഞു. "മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയാൽ താൻ കൈകൂപ്പി പോകുമെന്ന് കരുതിയോ. എല്ലാവരും ഒരുപോലെയാണെന്ന് കരുതരുത്. താൻ അങ്ങനെ പേടിച്ചു പോകുന്ന ഒരു കുടംബത്തിൽ നിന്നല്ല വന്നത്. നിരവധി വ്യക്തികളെ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സംഭാവന ചെയ്ത കുടുംബത്ത് നിന്നാണ്.
വർഷങ്ങളോളം ജയിലിൽ കിടന്നിട്ടുള്ള ബാപ്പയും ബന്ധുക്കളും ഉള്ള കുടുംബത്തിൽ നിന്നും ഉള്ള ആളാണ് താൻ. ആ രക്തമാണ് ശരീരത്തിൽ ഓടുന്നത്. അങ്ങനെയുള്ള ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട. പാവപ്പെട്ട മനുഷ്യർക്കും, പാർട്ടിക്കാർക്കും, ദൈവത്തിനും മുന്നിൽ മാത്രമേ പി.വി അൻവർ കീഴ്പെടൂ. ഒരു കൊമ്പനും കുത്താൻ ഇങ്ങോട്ട് വരേണ്ട. അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ല," അൻവർ പറഞ്ഞു.
സംസ്ഥാനത്തു നടക്കുന്ന സ്വർണം കള്ളക്കടത്തിൽ അൻവർ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചു. "വർഷങ്ങളായി വിമാനത്താവളത്തിലൂടെ സ്വർണം വരുന്നു, പൊലീസ് പിടിക്കുന്നു. പിടിക്കുന്ന രീതി കണ്ടല്ലോ? ഇതെന്താ വെള്ളരിക്കാ പട്ടണമോ? മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള യാതൊരു അർഹതയുമില്ല. അദ്ദേഹം ആ കാര്യത്തിൽ പരാജയമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു നോക്കിയാൽ കാണാവുന്ന അത്ര അടുത്തുള്ള ഫ്ലാറ്റിലാണ് ശിവശങ്കറും സ്വപ്നയും താമസിക്കുന്നത്. എന്തേ മുഖ്യമന്ത്രി അറിയാതെ പോയത്? ഇന്റലിജൻസും, വിജിലൻസും അടക്കമുള്ള സംവിധാനങ്ങൾ അന്നു കേരളത്തിൽ ഇല്ലേ?" പി.വി. അൻവർ ചോദിച്ചു.
Post a Comment