യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ, മുഖ്യപ്രതി ആത്മഹത്യ ചെയ്ത നിലയിൽ

(www.kl14onlinenews.com)
(26-Sep -2024)

യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ, മുഖ്യപ്രതി ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു: ബെംഗളൂരു നഗരത്തെ നടുക്കിയ കൊലപാതകത്തിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന ആളെ പോലീസ് മരിച്ച നിലയിൽ കണ്ടെത്തി. 29 കാരിയായ മഹാലക്ഷ്മിയെ കൊലപ്പെടുത്തിയശേഷം ശരീര ഭാഗം കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ മുഖ്യപ്രതി 31 കാരനായ മുക്തിരഞ്ജൻ പ്രതാപ് റേയെ ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ഭുയിൻപൂർ ഗ്രാമത്തിന് സമീപമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ബെംഗളൂരു വിനായക നഗറിലെ വസതിയിൽനിന്ന് ഫ്രിഡ്ജിൽ കഷ്ണങ്ങളാക്കി സൂക്ഷിച്ചിരുന്ന മഹാലക്ഷ്മിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. കേസിലെ പ്രതിയെ പിടികൂടാനായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. റേ ആണ് മുഖ്യപ്രതിയെന്ന് അധികം വൈകാതെ തന്നെ പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. മഹാലക്ഷ്മിയുടെ ഭർത്താവും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തതിൽനിന്നാണ് ബെംഗളൂരുവിലെ വസതിയിൽ നിന്ന് റേയെ കാണാതായതായി മനസിലാക്കിയത്.

പിന്നാലെ, പോലീസ് റേയുടെ സഹോദരനെ ബന്ധപ്പെട്ടു. റേ തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും കൊലപാതകം ചെയ്തെന്ന് സമ്മതിച്ചുവെന്നും പോലീസിനോട് പറഞ്ഞു. സംസ്ഥാനം വിടാൻ താൻ റേയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. പശ്ചിമ ബംഗാളിൽ താമസിക്കുന്ന സഹോദരനെയാണ് റേ വിളിച്ചതെന്നും അതായിരുന്നു അയാളുടെ അവസാന ലൊക്കേഷനെന്നും പോലീസ് പറഞ്ഞു.

ഒഡീഷയിൽ റേ ഉണ്ടെന്ന് അറിഞ്ഞ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കാൻ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റേ ആത്മഹത്യ ചെയ്തതായി ബെംഗളൂരു ഡിസിപി (സെൻട്രൽ) ശേഖർ എച്ച് തെക്കണ്ണവർ ഇന്ത്യൻ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചു. മഹാലക്ഷ്മിയും റേയും ഒരേ മാളിലാണ് ജോലി ചെയ്തിരുന്നത്. 2023 മുതൽ ഇരുവരും സൗഹൃദത്തിലാണെന്ന് പോലീസ് പറഞ്ഞു. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു മഹാലക്ഷ്മി.

ശ്രദ്ധിക്കൂ

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

Post a Comment

Previous Post Next Post