സീതാ ഷെല്‍ക്കെ: 600 പേരുള്ള ഗ്രാമത്തില്‍ നിന്ന് സൈന്യത്തിലെത്തി ചൂരൽമല പാലം നിർമാണത്തിന് ചുക്കാൻ പിടിച്ച പെൺകരുത്ത്

(www.kl14onlinenews.com)
(02-August -2024)

സീതാ ഷെല്‍ക്കെ: 600 പേരുള്ള ഗ്രാമത്തില്‍ നിന്ന് സൈന്യത്തിലെത്തി ചൂരൽമല പാലം നിർമാണത്തിന് ചുക്കാൻ പിടിച്ച പെൺകരുത്ത്
വയനാട് :
കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത മഹാദുരന്തമാണ് ചൊവ്വാഴ്ച പുലർന്നപ്പോൾ വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ ഉണ്ടായ ഉരുൾപൊട്ടൽ. എല്ലാം നഷ്ടമായ ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് പോകാനുള്ള പാലം തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്.

എന്നാൽ അതീവ പ്രതികൂല കാലാവസ്ഥയിൽ 22 മണിക്കൂർ നേരം കൊണ്ട് സൈന്യം ചൂരല്‍മലയില്‍ 190 അടി നീളത്തിൽ ബെയ്‌ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി.അപ്പോഴാണ് മഴയിൽ നനഞ്ഞ് ചെളിയിൽ പുതഞ്ഞ് ചൂരല്‍മലയില്‍ നിന്ന സൈനികരും മറ്റു രക്ഷാപ്രവർത്തകരുമടങ്ങുന്ന പുരുഷാരത്തിനു നടുവിൽ തല ഉയർത്തി നിന്ന ഒരു വനിതയെ കണ്ടത്.

ഈ പാലം നിർമ്മാണത്തിന് ചുക്കാൻ പിടിച്ച സൈന്യത്തിലെ ഉദ്യോ​ഗസ്ഥയായിരുന്നു അത്. ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിൽ സ്ത്രീകൾക്ക് യാതൊന്നും ചെയ്യാനില്ല എന്ന് ചോദിച്ചവർക്കുള്ള ഉത്തരമാണ് മേജർ സീത അശോക് ഷെൽക്കെ എന്ന മഹാരാഷ്ട്രക്കാരി.

ചൂരല്‍മലയിലെ ദുരന്ത ഭൂമിയിൽ ബെയ്‌ലി പാലം പൂർത്തിയാക്കിയ സംഘത്തിലെ എൻജിനീയറാണ് അവർ. പാലം നിർമിച്ചത് ബെംഗളൂരുവിൽനിന്നുള്ള സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയർ ഗ്രൂപ്പ് (MEG) ആണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈന്യത്തിനാവശ്യമായ സഹായങ്ങൾ നൽകുന്ന എഞ്ചിനീയറിങ് വിഭാഗമാണ് മദ്രാസ് സാപ്പേഴ്‌സ് എന്ന് അറിയപ്പെട്ടുന്ന ഇവർ.

ബുധൻ രാത്രി 9 ന് പണി ആരംഭിച്ച് വ്യാഴം വൈകിട്ട് വൈകിട്ട് 5.55 ന് ബെയ്‌ലി പാലത്തിലൂടെ അതിന്റെ ബലം പരീക്ഷിച്ച സൈനിക വാഹനവും ട്രക്കും കടന്നുപോയി. തുടർന്ന് ഭാരത് മാതാ കീ ജയ് മുഴക്കിയ ആരവം മുഴകുമ്പോഴാണ് അവരെ ലോകം ശ്രദ്ധിച്ചത്.

തുടർന്ന് ഇന്ത്യൻ ആർമിയെയും മേജർ സീത ഷെൽക്കെയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്.

600 പേര്‍ മാത്രമുള്ള ഗ്രാമത്തില്‍ നിന്നും സൈന്യത്തിലേക്ക്

2012 ൽ സേനയിലേക്കുള്ള പ്രവേശനത്തിലൂടെ മഹാരാഷ്ട്രയിലെ തന്റെ ചെറിയ ഗ്രാമത്തിന്റെ അഭിമാനമായ് മാറിയ വ്യക്തിയാണ് സീത അശോക് ഷെല്‍ക്കെ. അഹമ്മദ്നഗര്‍ ജില്ലയിൽ അന്ന് കേവലം 600 പേര്‍ മാത്രമുള്ള ഗാഡില്‍ഗാവ് എന്ന ഗ്രാമത്തിലാണ് സീത ജനിച്ചത്. കര്‍ഷകനും അഭിഭാഷകനുമായിരുന്ന അശോക് ഭിക്കാജി ഷെല്‍ക്കെയുടെ നാലു പെൺമക്കളിൽ രണ്ടാമത്തെ ആൾ.അമ്മ വീട്ടമ്മയാണ്. ഗീതാഞ്ജലിയും അനുരാധയും യോഗിനിയുമാണ് സീതയുടെ സഹോദരിമാര്‍.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ സീത അഹമ്മദ്നഗറിലെ ലോനിയില്‍ സ്ഥിതി ചെയ്യുന്ന പ്രവാര റൂറല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നുമാണ് എഞ്ചിനീയറിംഗ് ബിരുദം നേടിയത്. അവസാന വര്‍ഷ പരീക്ഷയില്‍ 67 ശതമാനം മാര്‍ക്ക് നേടിയായിരുന്നു സീത ബിരുദ പഠനം പൂര്‍ത്തീകരിച്ചത്. സേനയിലെ പരിശീലനത്തിന്റെ ഭാഗമായി സീത ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയില്‍ (ഒടിഎ) 49 ആഴ്ച നീളുന്ന പരിശീലനത്തിന് ചേർന്ന ശേഷമാണ് സീതയ്ക്ക് സേനയില്‍ ഔദ്യോഗിക സ്ഥാനം ലഭിച്ചത്.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ഉദ്യോഗസ്ഥയെക്കുറിച്ച് പത്രത്തില്‍ വന്ന ലേഖനം വായിച്ചതാണ് സൈന്യത്തിലേക്കുള്ള പ്രവേശനത്തിന് പ്രചോദനം.അതിനുമുമ്പ്ഐ പിഎസ് നേടാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍കൊടുക്കാൻ ആരും ഉണ്ടായിരുന്നില്ല. ആ ഉദ്യോഗസ്ഥയെക്കുറിച്ച് പത്രത്തില്‍ വന്ന ലേഖനം വായിച്ച ശേഷമാണ് സീത സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ചത്

ജനിച്ചത് ഒരു ചെറിയ ഗ്രാമത്തിലായിരുന്നുവെങ്കിലും, തന്റെ വലിയ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മാതാപിതാക്കള്‍ സീതയുടെ ഒപ്പം നിന്നു. കൂടാതെ, എസ്എസ്ബിയുടെ (SSB) അഭിമുഖത്തില്‍ രണ്ടുതവണ പരാജയപ്പെട്ടുവെങ്കിലും സ്വപ്നത്തിലേക്കുള്ള ശ്രമം തുടര്‍ന്ന സീത മൂന്നാമത്തെ ശ്രമത്തിലാണ് വിജയിച്ചത്. മുന്‍ ലെഫ്റ്റനന്റ് കേണലായ പ്രദീപ് ബ്രഹ്‌മങ്കര്‍, സേനയിലെ ഉദ്യോഗസ്ഥന്‍മാരായ പികെ ബാനര്‍ജി, ഹൃഷികേശ് ആപ്തെ എന്നിവരാണ് അവർക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

ഇപ്പോഴിതാ, പാലത്തിന്റെ നിർമ്മാണത്തെ കുറിച്ചുള്ള സീത ഷെൽക്കെയുടെ പ്രതികരണമാണ് പുറത്തുവരുന്നത്. "ഞാൻ എന്നെ ഒരു സ്ത്രീയായി മാത്രം കണക്കാക്കുന്നില്ല, ഞാൻ ഒരു സൈനികനാണ്. ഇന്ത്യൻ സൈന്യത്തിൻ്റെ പ്രതിനിധിയായാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ലോഞ്ചിംഗ് ടീമിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.

എന്റെ എല്ലാ സീനിയർ ഉദ്യോഗസ്ഥർക്കും ഈ അവസരത്തിൽ ഞാൻ നന്ദി പറയുന്നു. എല്ലാ ജവാന്മാരുടെയും ഒരുമിച്ചുള്ള പരിശ്രമത്തിന്റെ ഫലമായാണ് ഈ പാലം ഇവിടെ സാധ്യമായത്. മഴയും മറ്റു പ്രതികൂല കാലാവസ്ഥകളും വെല്ലുവിളി സൃഷ്ടിച്ചിരുന്നു. പക്ഷെ ദുരന്ത മേഖലയിലേക്ക് എത്തുന്നതിനുള്ള പ്രധാനമാർഗം ഇതായിരുന്നു. കേരളത്തിലെ പ്രാദേശിക ഭരണകൂടത്തിനും, സഹായവുമായെത്തിയ ഉദ്യോഗസ്ഥർക്കും, ഞങ്ങളെ സഹായിച്ച പ്രദേശവാസികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും ഞാൻ നന്ദി പറയുന്നു," മേജർ സീത ഷെൽക്കെ എഎൻഐയോട് പറഞ്ഞു.

Post a Comment

Previous Post Next Post