നീറ്റ് പിജി; പരീക്ഷയിൽ മാറ്റമില്ലെന്ന് സുപ്രീം കോടതി

(www.kl14onlinenews.com)
(09-August -2024)

നീറ്റ് പിജി; പരീക്ഷയിൽ മാറ്റമില്ലെന്ന് സുപ്രീം കോടതി
ഡൽഹി: നീറ്റ്-പിജി പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യം തള്ളി സുപ്രീം കോടതി. ഓഗസ്റ്റ് 11 ഞായറാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്ന പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

പരീക്ഷയെഴുതുന്ന നിരവധി ഉദ്യോഗാർത്ഥികൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് പ്രധാനമായും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. പരീക്ഷ നടക്കാൻ രണ്ടു ദിവസം ബാക്കിനിൽക്കെ മാറ്റിവയ്‌ക്കാനാവില്ലെന്നും, കുറച്ചു കുട്ടികളുടെ താത്പര്യം മാത്രം പരിഗണിച്ച് രണ്ടു ലക്ഷത്തോളം വിദ്യാർത്ഥികളുടെ കരിയർ അപകടത്തിലാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

പരീക്ഷയിലെ ക്രമക്കേടുകള്‍ തടയാനാണ് പരീക്ഷ കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിയിപ്പ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചതെന്ന് എൻ.ബി.ഇ.എം.എസ് സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. പരീക്ഷ കേന്ദ്ര അലോട്ട്‌മെൻ്റുകളെക്കുറിച്ചുള്ള ഫീഡ്‌ബാക്ക് ലഭിച്ചതിന് ശേഷം വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുന്നതിനായി കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവധിച്ചിരുന്നതായി എൻ.ബി.ഇ ചീഫ് അഭിജിത് ഷേത്ത് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

സുരക്ഷ ഉറപ്പാക്കാൻ സ്വകാര്യ പരീക്ഷ കേന്ദ്രങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചില വിദ്യാർത്ഥികൾക്ക് ആല്പം കൂടുതൽ യാത്ര ചെയ്യേണ്ടി വന്നേക്കാം. ദൂരം പരമാവധി കുറയ്ക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എങ്കിലും ചില വിദ്യാർത്ഥികൾക്ക് 100-150 കിലോമീറ്റർ യാത്ര ചെയ്യേണ്ടി വന്നേക്കാം,' അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post