(www.kl14onlinenews.com)
(09-August -2024)
കാസര്‍കോട്: വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ഹര്‍ജിക്കാരനും കാസർകോട്ടെ അഭിഭാഷകനുമായ സി ഷുക്കൂർ. രണ്ട് കാരണങ്ങൾ കോടതി നീരീക്ഷിച്ചു എന്നാണ് തന്‍റെ അഭിഭാഷകനിൽ നിന്ന് മനസിലായത്. മറ്റു അധികാരികളെ സമീപിക്കാതെ നേരിട്ടു കോടതിയെ സമീപിച്ചു എന്നതാണ് ആദ്യത്തെ കാരണം. ഫണ്ട് ദുരുപയോഗം ചെയ്തതിനു തെളിവുകൾ ഹാജരാക്കുവാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ് രണ്ടാമത്തെ കാരണം.
ഇന്നലെ ഹര്‍ജി ഫയൽ ചെയ്തത് മുതൽ സജീവമായ ചർച്ച ഈ വിഷയത്തിൽ നടന്നു എന്നതു തന്നെ ഒരു പോസിറ്റിവ് കാര്യമായി കാണുന്നുവെന്നും സി ഷുക്കൂര്‍ ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം ഫണ്ടുകൾക്ക് മോണിറ്ററിംഗ് വേണമെന്ന ആവശ്യം ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പിൽ സമർപ്പിക്കും. ദുരിതാശ്വാസ നിധിയിൽ പണം നൽകിയിട്ടുണ്ട്. ഈ ഹർജി സമർപ്പിച്ച നിലയിൽ വീണ്ടും പണം നൽകുവാൻ കോടതി നിർദേശിച്ചിട്ടുണ്ട്. അതും നൽകുന്നതിൽ സന്തോഷമേയുള്ളുവെന്നും സി ഷുക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
ഹർജിക്കാരനോട് 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊടുക്കാൻ കോടതി നിർദേശിച്ചിരുന്നു. ഹർജിയിൽ എന്ത് പൊതുതാൽപര്യമാണ് ഉള്ളതെന്ന് ചോദിച്ച കോടതി, സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ഹർജിക്കാരനോട് ആരാഞ്ഞു.
വയനാട് ദുരന്തത്തിന്‍റെ പേരിൽ നടത്തുന്ന പണപ്പിരിവും പുനരധിവാസവും പൂർണമായി സർക്കാർ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ടാണ് സി ഷുക്കൂർ ഹൈക്കോടതിയെ സമീപിച്ചത്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുകയാണ്. ഈ ഫണ്ടുകൾ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേൽനോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു
Post a Comment