(www.kl14onlinenews.com)
(16-August -2024)
ഡൽഹി: ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പിൻനിരയിൽ ഇരുത്തിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിരോധ മന്ത്രാലയത്തിനും എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ജൂൺ നാലിന് ശേഷമുള്ള പുതിയ യാഥാർത്ഥ്യത്തിലേക്ക് പ്രധാനമന്ത്രി ഉണരണമെന്ന് കോൺഗ്രസ് പറഞ്ഞു.
രാഹുൽ ഗാന്ധിയെ പിൻനിരയിൽ ഇരുത്തിയ ധിക്കാരപരമായ പെരുമാറ്റം പ്രധാനമന്ത്രി പാഠം പഠിക്കാത്തതിന്റെ തെളിവാണെന്ന്, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വിമർശിച്ചു.
പ്രധാനമന്ത്രി നിസ്സാര ചിന്താഗതിയുള്ള ആളാണെന്നും അതിന് അദ്ദേഹം തന്നെ തെളിവ് നൽകുന്നുണ്ടെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് വിമർശിച്ചു. 'ചെറിയ മനസ്സുള്ളവരിൽ നിന്ന് വലിയ കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. രാഹുൽ ഗാന്ധിയെ അഞ്ചാം നിരയിൽ ഇരുത്തി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ നിരാശയാണ് പ്രകടിപ്പിച്ചത്. എന്നാൽ അത് രാഹുൽ ഗാന്ധിയെ ഒരു തരത്തിലും ബാധിക്കില്ല. അദ്ദേഹം ഇനിയും ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കുകതന്നെ ചെയ്യും' സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
കേന്ദ്രമന്ത്രിമാര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും പിന്നിലായാണ് രാഹുൽ ഗാന്ധിക്ക് ഇരിപ്പിടം നൽകിയത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മലാ സീതാരാമന്‍, ശിവരാജ് സിങ് ചൗഹാന്‍, എസ്.ജയശങ്കര്‍, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തുടങ്ങിയവര്‍ മുന്‍നിരയില്‍ ഇരുന്നപ്പോള്‍ ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷനേതാവിനെ പിന്നില്‍ ഇരുത്തിയതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
സാമൂഹ്യമാധ്യമങ്ങളിൽ അടക്കം വിമർശനം ശക്തമായതോടെ, ഒളിമ്പിക്‌സ് താരങ്ങള്‍ക്ക് ആദ്യ നിരയിൽ ഇരിപ്പിടം നൽകിയതിനാലാണ് രാഹുൽ ഗാന്ധിക്ക് പിൻനിരയിൽ സ്ഥാനം നൽകിയതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.
Post a Comment