(www.kl14onlinenews.com)
(16-August -2024)
ബെംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിനായി ഡ്രെഡ്ജര്‍ എത്തിക്കുന്നതില്‍ പ്രതിസന്ധി. ഇതിനിടെ, ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലിനിടെ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗങ്ങള്‍ വീണ്ടും കണ്ടെത്തി. നാവിക സേന ഇന്ന് നടത്തിയ തെരച്ചിലിലാണ് കൂടുതല്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തെരച്ചിലിലും ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. അര്‍ജുന്റെ ലോറിയില്‍ തടിക്ഷണങ്ങള്‍ കെട്ടാനുപയോഗിച്ച കയറും കണ്ടെത്തിയിരുന്നു.
ഇവ കണ്ടെത്തിയ മേഖലയില്‍ നടത്തിയ തെരച്ചിലിലാണ് വീണ്ടും ലോഹഭാഗങ്ങള്‍ കണ്ടെത്തിത്. ഗോവയിലെ ഡ്രെഡ്ജിംഗ് കമ്പനിയുടെ എംഡിയാണ് ഡ്രെഡ്ജര്‍ എത്തിക്കുന്നത് വൈകുമെന്ന് അറിയിച്ചത്. ഡ്രെഡ്ജര്‍ എത്തിക്കാന്‍ ഇനിയും ഒരാഴ്ച സമയം എടുക്കുമെന്ന് കമ്പനിയുടെ എംഡി മഹേന്ദ്ര ഡോഗ്രെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡ്രഡ്ജര്‍ കടലിലൂടെ കൊണ്ട് വരാനുള്ള അന്തിമ അനുമതി ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനുശേഷമേ ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ പുറപ്പെടുവെന്നും മഹേന്ദ്ര പറഞ്ഞു. 28.5 മീറ്റര്‍ നീളവും 8.5 മീറ്റര്‍ വീതിയും രണ്ടു മീറ്റര്‍ ആഴവുമുള്ള ഡ്രെഡ്ജര്‍ ആണ് എത്തിക്കുന്നത്. ഡ്രാഫ്റ്റിന് മൂന്ന് മീറ്റര്‍ നീളമാണുള്ളത്. വരുന്ന വഴിയിലെ പാലങ്ങളുടെ തൂണുകള്‍ക്കിടയില്‍ 15 മീറ്റര്‍ വീതി ഉണ്ട്. ഡ്രെഡ്ജറിന് 8.5 മീറ്റര്‍ മാത്രമാണ് വീതി. അത് കൊണ്ട് പാലങ്ങള്‍ തസമാവില്ലെന്നും മഹേന്ദ്ര പറഞ്ഞു.
അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം
ഷിരൂരിലെ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം തികയുന്നു. അര്‍ജുന്‍ എവിടെയാണെന്നറിയാന്‍ ഒരു നാട് ഒന്നാകെ കാത്തിരിക്കുകയാണ്. ഒരു വെള്ളപ്പാച്ചിലിനുമുന്നില്‍ നമ്മുടെ ശാസ്ത്ര സാങ്കേതിക ശക്തികളെല്ലാം വിരണ്ടുനില്‍ക്കുന്ന കാഴ്ചയാണ്. നാളിതുവരെ ആയിട്ടും തിരച്ചിലില്‍ അര്‍ജുനെ കണ്ടെത്താന്‍ കഴിയാത്തതിന്റെ വിഷമത്തില്‍ ആണ് സര്‍ക്കാരും ജനങ്ങളും രക്ഷാപ്രവര്‍ത്തകരും. അര്‍ജുന് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് കുടുംബം. അര്‍ജുന്റെ മടങ്ങിവരവിനായി പ്രതീക്ഷയോടെയാണ് കുടുംബം കാത്തിരിക്കുന്നത്. രക്ഷനല്‍കാന്‍ ഉയര്‍ത്തിയ കൈകളിലെല്ലാം പ്രതീക്ഷയോടെ ഉറ്റുനോക്കിയ വീടും നാടും നാട്ടുകാരും. മുപ്പത് ദിനങ്ങള്‍ക്കിപ്പുറം, സാധ്യതയുടെ വാതിലുകള്‍ എല്ലാം അടയുമ്പോഴും ഉറ്റവര്‍ കാത്തിരിക്കുകയാണ്.
ജൂലായ് 16-ന് രാവിലെ 8:45ഓടെയുണ്ടായ മണ്ണിടിച്ചിലിലാണ് തടി കയറ്റിയ ലോറിയുമായി മലപ്പുറത്തെ എടവണ്ണയിലേക്ക് വരുകയായിരുന്ന അര്‍ജുന്‍ അകപ്പെട്ടത്. ഷിരൂരില്‍ മണ്ണിടിഞ്ഞ് അപകടമെന്ന വാര്‍ത്ത വീട്ടില്‍ അറിഞ്ഞപ്പോഴും മകന് ഒന്നും സംഭവിക്കല്ലേ എന്ന പ്രാര്‍ത്ഥനയ്ക്കിടയിലും പൊലീസില്‍ കുടുംബം വിവരമറിയിച്ചു. ഒരുപാട് ഇടപെടലുകളും മാധ്യമവാര്‍ത്തകളും അന്വേഷണം ഊര്‍ജ്ജിതമാക്കി. അനിയത്തിയുടെ വിവാഹ നിശ്ചയം നടത്തണം, മകനെ മൂകാംബികയില്‍ എഴുത്തിനിരുത്തണം എന്നിങ്ങനെ ഒരുപാട് സ്വപ്നങ്ങളുമായാണ് അര്‍ജുന്‍ അവസാനമായി വീട്ടില്‍ നിന്നും ഇറങ്ങിയത്. കുടുംബം പോറ്റാന്‍ 20-ാമത്തെ വയസ്സില്‍ വളയം പിടിച്ച വീടിന്റെ നെടുംതൂണായ മകന്‍, അവനില്ലാതെ ഇത്രയും ദിവസം തള്ളി നീക്കിയത് എങ്ങനെയെന്ന് പോലും ഈ കുടുംബത്തിന് പറയാന്‍ വയ്യ. കേരളത്തിലെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെയാണ് അര്‍ജുന് വേണ്ടിയുള്ള ഇഴഞ്ഞു നീങ്ങിയ തിരിച്ചില്‍ വേഗത്തിലായത്.
മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനാവാത്തതോടെ തിരച്ചില്‍ ഗംഗാവലിപുഴയിലേക്ക് മാറ്റി. പ്രതികൂല കാലാവസ്ഥയും പ്രതിസന്ധി സൃഷ്ടിച്ചു. ശക്തമായ അടിയൊഴുക്കുകാരണം നേവിയും ഈശ്വര്‍ മാല്‍പെയ്ക്കും വെള്ളത്തില്‍ മുങ്ങി തിരച്ചില്‍ നടത്താനായില്ല. തുടര്‍ന്ന് നിര്‍ത്തി വെച്ച തിരച്ചില്‍ പുനരാംഭിച്ചത് മുതല്‍ അര്‍ജുനെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടും എന്ന പ്രതീക്ഷയാണുള്ളത്. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ അര്‍ജുന്‍ ഓടിച്ച ലോറിയില്‍ കെട്ടിയിരുന്ന കയര്‍ കണ്ടെത്തിയിരുന്നു. ഈ ഭാഗത്താണ് ഇന്നും തിരച്ചില്‍ നടത്തുക. തിങ്കളാഴ്ച ഡ്രഡ്ജര്‍ എത്തിക്കുന്നത് വരെ തിരച്ചില്‍ നടത്തുക മുങ്ങല്‍ വിദഗ്ധര്‍ ആയിരിക്കും. അര്‍ജുന് പുറമെ കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെയും കണ്ടെത്താനുണ്ട്
Post a Comment