വയനാട്ടിലെ ദുരിത ബാധിതർക്ക് വേഗത്തിൽ പണം ലഭ്യമാക്കണം, ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം

(www.kl14onlinenews.com)
(04-August -2024)

വയനാട്ടിലെ ദുരിത ബാധിതർക്ക് വേഗത്തിൽ പണം ലഭ്യമാക്കണം, ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം
ന്യൂഡൽഹി: വയനാട്ടിലെയും കേരളത്തിലെ മറ്റ് ജില്ലകളിലെയും ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവർക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള ഇൻഷുറൻസ് ക്ലെയിം തുക വേഗത്തിൽ വിതരണം ചെയ്യാൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഉൾപ്പെടെയുള്ള പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് ധനമന്ത്രാലയത്തിന്റെ നിർദേശം.

വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ പോളിസി ഉടമകളെ ബന്ധപ്പെടാനായി ഇൻഷുറൻസ് കമ്പനികൾ വിവിധ ചാനലുകൾ (പ്രാദേശിക പത്രങ്ങൾ, സോഷ്യൽ മീഡിയ, കമ്പനി വെബ്സൈറ്റുകൾ, എസ്എംഎസ് മുതലായവ) വഴി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവിടെനിന്നും നിരവധി ക്ലെയിമുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ധനമന്ത്രാലയം എക്സിലെ പോസ്റ്റിൽ പറഞ്ഞു.

എൽഐസി, നാഷണൽ ഇൻഷുറൻസ് കോർപ്പറേഷൻ, ന്യൂ ഇന്ത്യ അഷ്വറൻസ്, ഓറിയന്റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നിവയുൾപ്പെടെയുള്ള പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളോട് (പിഎസ്ഐസി) ദുരിതബാധിതർക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകാനും വേഗത്തിൽ ഇൻഷുറൻസ് ക്ലെയിമിനുള്ള നടപടികൾ പൂർത്തിയാക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയ്ക്ക് കീഴിലുള്ള പോളിസി ഉടമകളുടെ ക്ലെയിം തുക വേഗത്തിൽ വിതരണം ചെയ്യാൻ എൽഐസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രാലയം പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

ക്ലെയിം തുക വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി ക്ലെയിമുകള്‍ പ്രോസസ്സ് ചെയ്യുന്നതിന് ആവശ്യമായ ഡോക്യുമെന്റേഷനില്‍ ഇളവ് നല്‍കുന്നുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ക്ലെയിമുകളുടെ നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും തുക നൽകുന്നുവെന്ന് ഉറപ്പാക്കാനും ഇൻഷുറൻസ് കമ്പനികളുമായി ഏകോപിപ്പിക്കാൻ ജനറൽ ഇൻഷുറൻസ് കൗൺസിലിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്ലെയിം സ്റ്റാറ്റസ് ദിവസവും റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു പോർട്ടലും തുടങ്ങുമെന്ന് ധമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post