(www.kl14onlinenews.com)
(04-August -2024)
കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ കാണാതായവർക്കായുള്ള തിരച്ചിൽ ആറാം ദിവസവും തുടരുകയാണ്. ചൂരൽമലയിൽനിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ചൂരൽമല അങ്ങാടിയിൽനിന്നാണ് ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.
മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളിലും ചാലിയാർ പുഴയിലും തിരച്ചിൽ തുടരുന്നുണ്ട്. ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കിയാണ് ഇന്നു മുതല്‍ പരിശോധന. തിങ്കളാഴ്ചയോടെ തിരച്ചിൽ അവസാനിപ്പിക്കാനാണ് സാധ്യത. ദൗത്യം അവസാനഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഇന്നലെ നടത്തിയ തിരച്ചിലില്‍ നാലു മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ മൂന്നു മൃതദേഹങ്ങള്‍ നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ നിന്നാണ് കണ്ടെടുത്തത്. ചാലിയാര്‍ പുഴയില്‍ നിന്ന് 13 ശരീര ഭാഗങ്ങളും കണ്ടെടുത്തു. 98പുരുഷന്മാരും 90 സ്ത്രീകളും 31 കുട്ടികളുമടക്കം ഇതുവരെ 368 പേരാണ് ദുരന്തത്തില്‍ മരണപ്പെട്ടിട്ടുള്ളത്. ഇതില്‍ 152 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 147 ശരീര ഭാഗങ്ങളും കണ്ടെടുത്തു. 119 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി 88 പേരാണ് ചികിത്സയിലുള്ളത്. 215 പേരാണ് വിവിധ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. വയനാട് ജില്ലയില്‍ 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 8908 പേരാണ് കഴിയുന്നത്
Post a Comment