മഴയും പൊടിക്കാറ്റും; മുംബൈയിൽ പെട്രോള്‍ പമ്പിനുമുകളില്‍ കൂറ്റൻ പരസ്യബോർഡ് വീണ് 8 മരണം; 64 പേർക്ക് പരിക്ക്

(www.kl14onlinenews.com)
(13-May-2024)

മഴയും പൊടിക്കാറ്റും; മുംബൈയിൽ പെട്രോള്‍ പമ്പിനുമുകളില്‍
കൂറ്റൻ പരസ്യബോർഡ് വീണ് 8 മരണം; 64 പേർക്ക് പരിക്ക്
മുംബൈ: തിങ്കളാഴ്ച വൈകിട്ട് പെയ്ത മഴയ്ക്കും പൊടിക്കാറ്റിനുമിടെ മുംബൈ ഘാട്‌കോപ്പറില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് പെട്രോള്‍ പമ്പിന് മുകളിലേക്ക് മറിഞ്ഞുവീണ് 8 മരണം. 64 പേര്‍ക്ക് പരിക്കേറ്റു. നിരവധിപേര്‍ പരസ്യബോര്‍ഡിനടിയില്‍ കുടുങ്ങിയതായി സംശയമുണ്ട്. 47 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഈസ്റ്റേണ്‍ എക്‌സ്പ്രസ് വേയിലെ പൊലീസ് ഗ്രൗണ്ട് പട്രോള്‍ പമ്പിലേക്കാണ് കൂറ്റന്‍ പരസ്യബോര്‍ഡ് മറിഞ്ഞുവീണത്. പരസ്യ ബോര്‍ഡിന്റെ ഇരുമ്പ് കാലുകള്‍ പെട്രോള്‍ പമ്പില്‍ ഉണ്ടായിരുന്ന കാറുകള്‍ അടക്കമുള്ളവയിലേക്ക് തുളച്ചുകയറി. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എക്‌സിലൂടെ അറിയിച്ചു.

വാഹനങ്ങളടക്കം ബോര്‍ഡിനടിയില്‍ കുടുങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വൈകിട്ട് 4.30ഓടെ പെയ്ത മഴയ്ക്കും പൊടിക്കാറ്റിനും ഇടയിലാണ് അപകടം. 50 മുതല്‍ 60 വരെ ആളുകള്‍ കൂറ്റന്‍ ബോര്‍ഡിനടിയില്‍ കുടുങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. അഗ്നിരക്ഷാസേനയും മഹാനഗര്‍ ഗ്യാസ് ലിമിറ്റഡിന്റെ സംഘവുമടക്കം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.

പൊടിക്കാറ്റും മഴയുംമൂലം മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂറോളം തടസപ്പെട്ടിരുന്നു. 15ഓളം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മെട്രോ ട്രെയിന്‍ സര്‍വീസും സബര്‍ബന്‍ തീവണ്ടി സര്‍വീസുമടക്കം തടസപ്പെട്ടു. പലസ്ഥലത്തും വൈദ്യുതി മുടങ്ങി.

Post a Comment

Previous Post Next Post