പ്രതിഷേധങ്ങൾക്കിടയിൽ പൊലീസ് സംരക്ഷണത്തിൽ ഡ്രൈവിംഗ് ടെസ്റ്റ്

(www.kl14onlinenews.com)
(13-May-2024)

പ്രതിഷേധങ്ങൾക്കിടയിൽ പൊലീസ് സംരക്ഷണത്തിൽ ഡ്രൈവിംഗ് ടെസ്റ്റ്
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി മുന്നോട്ട് പോകാനുള്ള മോട്ടോർ വാഹന വകുപ്പിന്‍റെ നീക്കത്തിനെതിരെ സമരമുറകൾ കടുപ്പിച്ച് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സംയുക്ത സമരസമിതി. ടെസ്റ്റ് തടയുന്നതിനൊപ്പം ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും സംഘടിപ്പിച്ചു. അരലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചാണ് സെക്രട്ടേറിയറ്റിലേക്ക് വൻ പ്രതിഷേധ മാർച്ച് നടത്തിയത്.

അതേസമയം പ്രതിഷേധങ്ങൾക്കിടയിൽ തിരുവനന്തപുരം മുട്ടത്തറയിൽ പൊലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ മോട്ടോർവാഹനവകുപ്പ് ശ്രമം നടത്തി. മുട്ടത്തറയിൽ സംയുക്ത സമരസമിതിയുടെ സമരത്തിനിടെയാണ് അപേക്ഷകരെത്തിയത്. സമരക്കാരെ ബലം പ്രയോഗിച്ച് തള്ളിമാറ്റി അപേക്ഷകരെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. റോഡ് ടെസ്റ്റിന് ശേഷം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദിൻ്റെ മകളാണ് എച്ച് എടുക്കാൻ എത്തിയത്. ഉദ്യോഗസ്ഥൻ്റെ മകളടക്കം ടെസ്റ്റിൽ പങ്കെടുത്ത മൂന്ന് അപേക്ഷകരും പരാജയപ്പെട്ടു.

പരീക്ഷക്കായി കൊണ്ടു വന്ന വാഹനത്തിന്‍റെ പിൻഭാഗം അപകടത്തിൽപ്പെട്ട നിലയിലായിരുന്നു. റോഡ് ടെസ്റ്റിനിടെയുണ്ടായ അപകടമാണെന്നും തോറ്റയാൾക്ക് ടെസ്റ്റ് നടത്തുന്നവെന്നും ആരോപിച്ച് വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സംഘർഷത്തിനിടെ പെൺകുട്ടിയെയും ഇരുചക്രവാഹന ടെസ്റ്റിനെത്തിയ മറ്റ് രണ്ടുപേരെയും പൊലീസ് അകത്തേക്ക് കയറ്റിവിട്ടു. കാറിന്‍റെ എച്ച് ടെസ്റ്റിൽ പെണ്‍കുട്ടി പരാജയപ്പെട്ടു. ബൈക്ക് ടെസ്റ്റിനെത്തിയവരും തോറ്റു. ടെസ്റ്റ് പരാജയപ്പെട്ട അപേക്ഷകയെ തടഞ്ഞ് കൂകി വിളിച്ചുകൊണ്ടാണ് സമരക്കാര്‍ പ്രതിഷേധിച്ചത്.

കഴിഞ്ഞ 10 ദിവസത്തിനിടെ ആദ്യമായാണ് മുട്ടത്തറയിൽ ടെസ്റ്റ് നടക്കുന്നത്. അതേസമയം, ടെസ്റ്റിനെത്തിയ മകളെയും തന്നെയും തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച് മോട്ടോർ വെഹിക്കിൾ ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായി വിനോദ് വലിയതുറ പൊലീസിൽ പരാതി നൽകി. സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും ഇന്നും ടെസ്റ്റ് മുടങ്ങി

ഡ്രൈവിങ് സ്‌കൂളുകള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന, ഡ്രൈവറുടെ അടുത്ത സീറ്റിലിരുന്ന് വാഹനത്തിന്‍റെ ബ്രേക്കും ക്ലച്ചും നിയന്ത്രിക്കാന്‍ കഴിയുന്ന ഡ്യുവല്‍ ക്ലച്ച് ആന്‍റ് ബ്രേക്ക് സിസ്റ്റം ഘടിപ്പിച്ച വാഹനങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ മാറ്റണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. കൂടാതെ ഡാഷ് ബോര്‍ഡ് ക്യാമറ, സെന്‍സര്‍ എന്നിവ ഘടിപ്പിക്കാന്‍ മൂന്ന് മാസവും 15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കം വന്ന വാഹനങ്ങളില്‍ ടെസ്റ്റ് നടത്താന്‍ ആറ് മാസം ഇളവും സർക്കുലറിൽ നിർദേശിക്കുന്നു. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്നാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ നിലപാട്. വിഷയത്തിൽ തീരുമാനമെടുക്കേണ്ട ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വിദേശത്തുനിന്ന് മെയ് 15നാണ് തിരിച്ചെത്തുക.

Post a Comment

Previous Post Next Post