34 കേസുകളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി;കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ മുൻ അമേരിക്കൻ പ്രസിഡൻ്റായി ട്രംപ്

(www.kl14onlinenews.com)
(31-May-2024)

34 കേസുകളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി;കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ മുൻ അമേരിക്കൻ പ്രസിഡൻ്റായി ട്രംപ്
ന്യൂയോര്‍ക്ക്: കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ മുൻ അമേരിക്കൻ പ്രസിഡൻ്റായി ഡൊണാള്‍ഡ് ട്രംപ്. ഹഷ് മണി കേസിലാണ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനാണെന്ന് ന്യൂയോര്‍ക്ക് കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷാവിധി ജൂലൈ 11ന് പ്രഖ്യാപിക്കും. ഒമ്പതര മണിക്കൂർ നീണ്ട വാദം കേൾക്കലുകൾക്ക് ഒടുവിൽ, ഹഷ് മണിക്കേസുമായി ബന്ധപ്പെട്ട 34 കേസുകളിലും ട്രംപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

2006ല്‍ പോൺ നടി ജോമി സ്‌റ്റോമിയുമായി ഉണ്ടായ ലൈംഗികബന്ധം മറച്ചുവയ്ക്കാനായി 2016ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കവെ, രേഖകളില്‍ കൃത്രിമത്വം കാണിച്ച് നടിക്ക് 1.30 ലക്ഷം ഡൊണാള്‍ഡ് ട്രംപ് നല്‍കിയെന്നാണ് കേസ്. പണം കൈമാറിയത് മറയ്ക്കാന്‍ 34 ബിസിനസ് രേഖകള്‍ വ്യാജമായി തയ്യാറാക്കി എന്നായിരുന്നു ട്രംപിനെതിരായ കേസ്.

നേരത്തെ നടി ജോമി വിചാരണ കോടതിയില്‍ ഹാജരായി ട്രംപിനെതിരെ മൊഴി നല്‍കിയിരുന്നു. 2006ല്‍ ഡൊണാള്‍ഡ് ട്രംപുമായി പരിചയത്തിലായ ജോമി സ്‌റ്റോമിയെ റിയാലിറ്റി ഷോയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് വിധേയയാക്കി എന്നായിരുന്നു വെളിപ്പെടുത്തല്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്ന ട്രംപ് ദ അപ്രന്റിസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു അക്കാലത്ത്. എന്നാല്‍ വാഗ്ദാനം പാലിക്കപ്പെടുന്നില്ലെന്ന് മനസ്സിലാക്കിയതോടെ ട്രംപുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

പിന്നീട് 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് മത്സരിക്കാനിറങ്ങിയപ്പോള്‍, തന്റെ ഓര്‍മ്മക്കുറിപ്പില്‍ ഈ വിവരം ചേര്‍ത്താൽ പുസ്തകത്തിന്റെ വില്‍പ്പനയ്ക്ക് ഗുണമാകുമെന്ന് പുസ്തകത്തിന്റെ പ്രചാരണം ഏറ്റെടുത്ത കീത്ത് ഡേവിസണ്‍ പറഞ്ഞതായാണ് ജോമി സ്‌റ്റോമി വെളിപ്പെടുത്തിയത്. എന്നാല്‍ ഈ വിവരം പുറത്ത് പറയാതിരിക്കാന്‍ ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ ഡേവിസണുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയെന്നും, അതിന് തനിക്ക് 1.30 ലക്ഷം ഡോളര്‍ ലഭിച്ചെന്നുമാണ് ജോമിയുടെ മൊഴി.

നവംബര്‍ അഞ്ചിന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ട്രംപായിരിക്കുമെന്ന് ഉറപ്പിച്ചത് പിന്നാലെയാണ് കോടതി വിധി. യഥാർഥ ജനവിധി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അറിയാമെന്നായിരുന്നു ശിക്ഷാവിധിയോടുള്ള ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രതികരണം. ആരും നിയമത്തിന് അതീതരല്ലെന്നായിരുന്നു ബൈഡന്‍റെ പ്രതികരണം.

ട്രംപ് വിധിക്കെതിരെ അപ്പീൽ നൽകുമെന്നും കുറ്റവാളിയായി തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്നാൽ അത് തിരിച്ചടിയാകുമെന്നും അദ്ദേഹം ഭയക്കുന്നുണ്ട്. അടുത്തയാഴ്ച അദ്ദേഹം തിരഞ്ഞെടുപ്പ് ധനസമാഹരണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഇപ്പോൾ പ്രചാരണ റാലികളൊന്നും നിശ്ചയിച്ചിട്ടില്ല. കേസിൻ്റെ മേൽനോട്ടം വഹിച്ച ജഡ്‌ജി ജുവാൻ മെർച്ചൻ ട്രംപിനെ ജയിലിൽ അടയ്ക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇനിയും മാസങ്ങളെടുക്കും

Post a Comment

أحدث أقدم