(www.kl14onlinenews.com)
(31-May-2024)
കൊച്ചി: വടകരയിലെ കാഫിർ പരാമർശത്തിൽ പൊലീസിന് ഹൈക്കോടതി നോട്ടീസ്. കാഫിർ പരാമർശമുള്ള സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവായ പി.കെ കാസിം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഹൈക്കോടതി കോഴിക്കോട് റൂറൽ എസ്.പിക്ക് നോട്ടീസ് അയച്ചത്.
കാസിമിന്റെ പരാതിയിൽ പൊലീസ് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പി.കെ കാസിമിന്റെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വാട്‌സ്ആപ്പ് സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്നാണ് പരാതി. വ്യാജ വിഡിയോ പ്രചരിപ്പിച്ചതിനെതിരെ യൂത്ത് ലീഗ് നൽകിയ കേസിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന റിപ്പോർട്ടും സമർപ്പിക്കണം. 14-ാം തീയതിക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുൻ എം.എൽ.എ കെ.കെ ലതികയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ടുദിവസം മുമ്പാണ് വടകര എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്. വർഗീയ പരാമർശമുള്ള സ്‌ക്രീൻഷോട്ട് ലതിക ഷെയർ ചെയ്തിരുന്നു.
അതേസമയം, തന്നെ പ്രതിയാക്കി വടകര പൊലീസ് കേസെടുക്കുകയാണു ചെയ്തത്. യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരിൽ വ്യാജ പോസ്റ്റ് ആണ് നിർമിച്ചത്. അമ്പാടിമുക്ക് സഖാക്കൾ എന്ന ഐ.ഡിയിലാണ് ആദ്യമായി ഇതു താൻ കണ്ടതെന്നും കാസിം വാദിച്ചു. നിലവിൽ ഈ കേസിൽ അന്വേഷണം നിലച്ചിരിക്കുകയാണ്. സത്യം പുറത്തുവരാൻ ഉചിതമായ അന്വേഷണം വേണമെന്നും കാസിം ആവശ്യപ്പെട്ടു.
إرسال تعليق