(www.kl14onlinenews.com)
(31-May-2024)
പാറ്റ്ന: ബിഹാറിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എട്ട് ഉദ്യോഗസ്ഥരടക്കം 18 പേർ ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ മൂലം മരിച്ചു. സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം, ചൂടുമായി ബന്ധപ്പെട്ട മരണങ്ങളിൽ 11 എണ്ണം റോഹ്താസ് ജില്ലയിൽ നിന്നും, ആറെണ്ണം ഭോജ്പൂരിൽ നിന്നും, ഒരെണ്ണം ബക്സറിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റോഹ്താസിൽ മരിച്ചവരിൽ അഞ്ച് പേരും ഭോജ്പൂരിൽ മരിച്ച രണ്ട് പേരും ബക്സറിൽ നിന്നുള്ള ഒരാളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിന്യസിച്ചവരാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഈ വർഷത്തെ പൊതു തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിൽ ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന ബീഹാറിലെ എട്ട് പാർലമെന്റ് സീറ്റുകളിൽ ഒന്നാണ് ബക്സർ മണ്ഡലം. റോഹ്താസ് ജില്ലയിലെ ലോക്സഭാ മണ്ഡലങ്ങളാണ് സസാരം , കാരക്കാട്ട് എന്നിവ. ഭോജ്പൂർ ജില്ലയിലുള്ള ലോക്സഭാ മണ്ഡലമാണ് അറാ മണ്ഡലം.
കഴിഞ്ഞ ദിവസങ്ങളിൽ ബീഹാറിലുടനീളം ഉഷ്ണതരംഗം തുടരുകയാണ്. വ്യാഴാഴ്ച പലയിടത്തും പകൽ താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നു. 47.1 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. സ്വകാര്യ, സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാ സ്‌കൂളുകളും കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളും അംഗൻവാടികളും ജൂൺ എട്ട് വരെ അടച്ചിടാൻ ബിഹാർ സർക്കാർ ബുധനാഴ്ച ഉത്തരവിട്ടിരുന്നു.
ശൈഖ്പുര, ബെഗുസരായ്, മുസാഫർപൂർ, കിഴക്കൻ ചമ്പാരൻ ജില്ലകളിലും മറ്റ് പ്രദേശങ്ങളിലും കടുത്ത ചൂടിൽ സ്കൂൾ അധ്യാപകർ ബോധരഹിതരായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളുകൾ അടച്ചിട്ടിരിക്കുന്നത് വിദ്യാർത്ഥികൾക്ക് മാത്രമാണ്. ഈ അവധി അദ്ധ്യാപകർക്ക് ബാധകമല്ല.
إرسال تعليق