രണ്ടാഴ്ചയ്ക്കിടെ പനി ബാധിച്ച് മരിച്ചത് 31 പേര്‍; ആശങ്കയില്‍ കേരളം

(www.kl14onlinenews.com)
(17-May-2024)

രണ്ടാഴ്ചയ്ക്കിടെ പനി ബാധിച്ച് മരിച്ചത് 31 പേര്‍; ആശങ്കയില്‍ കേരളം
പകര്‍ച്ചവ്യാധികളുടെ തലസ്ഥാനമായി കേരളം. രണ്ടാഴ്ചക്കിടെ വിവിധ പകര്‍ച്ചപ്പനികള്‍ ബാധിച്ച് 31 പേര്‍ മരിച്ചു. മഴ തുടങ്ങിയതോടെ മഴക്കാല രോഗങ്ങള്‍ വന്‍ തോതില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ദിവസവും 50 ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ 380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1323 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സയിലാണ്. ഡെങ്കി കൊതുകുകള്‍ നാലു ജീവനെടുത്തു. ആറുമാസത്തിനിടെ 47 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ ജപ്പാന്‍ ജ്വരം കവര്‍ന്നത് 7 ജീവനുകള്‍. 14 ദിവസത്തിനിടെ 77 പേര്‍ക്ക് എലിപ്പനി ബാധിച്ചു. 7 മരണം സ്ഥിരീകരിച്ചു.


മഞ്ഞപ്പിത്തവും സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ 320 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 705 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സയിലാണ്. 6 പേര്‍ മരിച്ചു. 18422 പേരാണ് വയറിളക്ക രോഗങ്ങള്‍ ബാധിച്ച് ചികില്‍സയ്ക്കെത്തിയത്. 37 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണും 21 പേര്‍ക്ക് ചെളളുപനിയും ബാധിച്ചു. 7 പേര്‍ക്ക് വെളളത്തിലൂടെ പകരുന്ന ഷിഗെല്ല സ്ഥിരീകരിച്ചപ്പോള്‍ രണ്ടു മരണവും സംഭവിച്ചു. കൊതുക് പരത്തുന്ന വെസ്ററ്നൈല്‍ പനി 9 പേരെ ബാധിച്ചപ്പോള്‍ 2 ജീവന്‍ പൊലിഞ്ഞു.

മഴക്കാല പൂര്‍വ ശുചീകരണമടക്കം പാളിയതാണ് ഡെങ്കിപ്പനി പടരാന്‍ കാരണം. വര്‍ഷങ്ങളായി കൊതുകു പരത്തുന്ന പല രോഗങ്ങളും ജീവനെടുക്കുന്നുണ്ടെങ്കിലും മരണനിരക്ക് കുറച്ചുകൊണ്ടുവരാന്‍ ആരോഗ്യ കേരളത്തിന് കഴിഞ്ഞിട്ടില്ല. മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നത് തടയുന്നതിലും പരാജയം സംഭവിച്ചു. മലിനമായ വെളളത്തിലൂടെ ഷിഗെല്ല ഉള്‍പ്പെടെയുളള രോഗങ്ങളും വര്‍ധിച്ചു. പകര്‍ച്ചവ്യാധികളുടെ പെരുമഴക്കാലമിങ്ങെത്തി. ബോധവത്കരണവും പ്രതിരോധനടപടികളും ഊര്‍ജിതമാക്കിയില്ലെങ്കില്‍ ജീവനുകള്‍ ഇനിയുമൊരുപാട് നഷ്ടമാകും.

Post a Comment

أحدث أقدم