പാരീസ് മുതല്‍ മദീന വരെ; ഉംറയ്ക്കായി 8000 കിലോമീറ്റര്‍ കാല്‍നടയായി ഫ്രഞ്ച് പൗരന്‍

(www.kl14onlinenews.com)
(17-May-2024)

പാരീസ് മുതല്‍ മദീന വരെ; ഉംറയ്ക്കായി 8000 കിലോമീറ്റര്‍ കാല്‍നടയായി ഫ്രഞ്ച് പൗരന്‍
മദീന: ഉംറയ്ക്കായി 8000 കിലോമീറ്റര്‍ കാല്‍നട യാത്ര ചെയ്ത് മദീനയിലെത്തി ഫ്രഞ്ച് പൗരന്‍. ഫ്രാന്‍സ് സ്വദേശിയായ മുഹമ്മജ് ബൗലാബീര്‍ ആണ് ഈ സാഹസിക യാത്ര നടത്തിയത്.

പാരീസില്‍ നിന്ന് 2023 ആഗസ്റ്റ് 27ന് യാത്ര തിരിച്ച അദ്ദേഹം നിരവധി രാജ്യങ്ങള്‍ താണ്ടിയാണ് സൗദിയിലെത്തിയത്. സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി, സ്ലോവേനിയ, ക്രോയേഷ്യ, ബോസ്‌നിയ, മോണ്ടിനിഗ്രോ, അല്‍ബേനിയ, മാസിഡോണിയ, ഗ്രീസ്, തുര്‍ക്കി, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലൂടെയായിരുന്നു യാത്ര.

നിലവില്‍ മദീനയിലെത്തിയ അദ്ദേഹം ഉംറ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനായി മക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.

ടൂണിഷ്യന്‍ വംശജനാണ് ബൗലാബീറിന്റെ പിതാവ്. ഉമ്മ മൊറോക്കന്‍ സ്വദേശിയും. നിരവധി കാലാവസ്ഥ പ്രതിസന്ധികള്‍ ഉണ്ടായിട്ടും തന്റെ യാത്രയില്‍ നിന്ന് പിന്‍വലിയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

കൈയ്യില്‍ കരുതിയ ഒരു മാപ്പും അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ ഒരു ബാഗുമായിരുന്നു അദ്ദേഹത്തിന്റെ യാത്രയിലുടനീളം ഉണ്ടായിരുന്നത്. 25 കിലോഗ്രാമില്‍ താഴെ ഭാരമുള്ള ബാഗില്‍ അത്യാവശ്യ ഭക്ഷണവും ഒരു ടെന്റും ഉണ്ടായിരുന്നു.

രാത്രി സമയങ്ങള്‍ പള്ളികളിലാണ് അദ്ദേഹം അന്തിയുറങ്ങിയത്. ചില സ്ഥലത്ത് സന്മനസുള്ള ചിലര്‍ അവരുടെ വീടുകളില്‍ വിശ്രമിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു.

വഴിയിലെ പ്രശ്‌നങ്ങളെ ഞാന്‍ നേരിട്ട് കൈകാര്യം ചെയ്തില്ല. യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളി മാറിവരുന്ന കാലാവസ്ഥയായിരുന്നു. വേനല്‍ കാലത്താണ് ഞാന്‍ യാത്ര തിരിച്ചത്. ഇപ്പോഴിതാ വസന്ത കാലത്ത് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നു. ഗ്രീസ് അതിര്‍ത്തിയില്‍ വെച്ച് മഞ്ഞുകാറ്റ് ഉണ്ടായി. അതാണ് യാത്ര അല്‍പ്പം വൈകിപ്പിച്ചത്,’’ ബൗലാബീര്‍ പറഞ്ഞു.

ഇതാദ്യമായാണ് ഗള്‍ഫ് രാജ്യം താന്‍ സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഊഷ്മള സ്വീകരണമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. വഴിയില്‍ ചിലര്‍ തനിക്ക് ഭക്ഷണവും വെള്ളവും തന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

രണ്ട് വര്‍ഷമെടുത്താണ് ഈ സാഹസിക യാത്രയ്ക്കായി തയ്യാറെടുത്തതെന്ന് ബൗലാബീര്‍ പറഞ്ഞു. ശാരീരികമായും മാനസികമായും യാത്രയ്ക്കായി തയ്യാറെടുത്തിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്‌നമാണിത്. പ്രവാചകനെയും അദ്ദേഹത്തിന്റെ അനുയായികളെയും അനുകരിച്ച് കാല്‍നടയായി മക്കയിലെത്താന്‍ ഞാന്‍ കൊതിച്ചിരുന്നു,’’ അദ്ദേഹം പറഞ്ഞു

Post a Comment

أحدث أقدم