(www.kl14onlinenews.com)
(17-May-2024)
കാസർകോട് : ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഉൾപ്പാർട്ടി സംഘർഷം രൂക്ഷമായ കാസർഗോഡ് കോൺഗ്രസിലെ നേതാക്കൻമാർക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് ചില വിദ്വാൻമാർ സ്വന്തം പോക്കറ്റിലാക്കിയതായി അറിയാമെന്നായിരുന്നു നേതാക്കളെ ഉന്നംവെച്ചുകൊണ്ടുള്ള ഉണ്ണിത്താന്റെ ആരോപണം. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയയുമായി പരസ്യമായ വാദ പ്രതിവാദങ്ങൾ തുടരുന്നതിനിടെയാണ് മണ്ഡലം പ്രസിഡന്റുമാർ ഇലക്ഷൻ ഫണ്ട് മുക്കിയെന്ന രാജ്മോഹൻ ഉണ്ണിത്താന്റെ ഏറ്റവും പുതിയ ആരോപണം.
ബൂത്ത് കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി വിതരണം ചെയ്ത പണമാണ് ചില മണ്ഡലം പ്രസിഡന്റുമാർ മുക്കിയിരിക്കുന്നത്. ചില വിദ്വാൻമാർ തിരഞ്ഞെടുപ്പ് ഫണ്ട് അവരുടെ കീശയിലാക്കിയെന്നും പണം തട്ടിയെടുത്തവരെ വ്യക്തമായി അറിയാമെന്നും ഉണ്ണിത്താൻപറഞ്ഞു. തട്ടിപ്പ് നടത്തിയ ഒരാളേയും വെറുതെ വിടാൻ പോകുന്നില്ല. പണം തട്ടിയവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും ഒരു പാർട്ടി പരിപാടിയിൽ പങ്കെടുക്കവേ ഉണ്ണിത്താൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ചിലവുകൾക്കായി എല്ലാ പാർട്ടി ഘടകങ്ങൾക്കും മുന്നണി സംവിധാനത്തിനും കൃത്യമായും ആവശ്യമായ തുക എത്തിച്ചിരുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. നിയോജക മണ്ഡലം കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും മണ്ഡലം കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും കൃത്യമായും കൊടുത്തിട്ടുണ്ട്. എന്നാൽ ചില സ്ഥലങ്ങളിൽ ബൂത്ത് കമ്മിറ്റികൾക്ക് കൊടുക്കാൻ നൽകിയ പണം ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കുകയായിരുന്നു. അവരെയെല്ലാം ഞങ്ങൾക്കറിയാം. ഡിസിസി പ്രസിഡന്റിനും ഇക്കാര്യമറിയാം. അവർക്കെതിരെ കർശന നടപടിയാകും ഉണ്ടാവുക- രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
إرسال تعليق