(www.kl14onlinenews.com)
(09-May-2024)
കാസർകോട് :
പെരിയ, ജീവനക്കാരിയെ അധിക്ഷേപിച്ചെന്ന് ആരോപണ വിധേയനായ കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ചുമതലയിലുളള പ്രഫ. കെ.സി. ബൈജു മാപ്പു പറയണമെന്നാവശ്യപ്പെട്ട് സർവകലാശാല ജീവനക്കാരുടെ സമരം രണ്ടാം ദിനവും തുടർന്നു. കേരള കേന്ദ്ര സർവകലാശാല സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തിലാണ് പെൻ ഡൗൺ സമരം. സർവകലാശാലയിലെ 111 ജീവനക്കാരിൽ ഭൂരിഭാഗം പേരും സമരത്തിൽ പങ്കെടുക്കുകയാണ്. കഴിഞ്ഞ മാസം 17 ന് സമരത്തിനാസ്പദമായ സംഭവംനടന്നത്.
സർവകലാശാലയിലെ അതിഥി മന്ദിരത്തിൽ ചേർന്ന കേന്ദ്ര സർവകലാശാല എക്സിക്യുട്ടിവ് കൗൺസിൽ യോഗത്തിനു മുമ്പ് ഇന്റർനെറ്റ് കണക്ഷൻ തകരാറായിരുന്നു. ഇതേത്തുടർന്ന് വൈസ് ചാൻസലർ പ്രഫ. കെ.സി. ബൈജു സിസ്റ്റം ചുമതല വഹിക്കുന്ന യുവതിയെ കാബിനിലേക്ക് വിളിച്ചു വരുത്തി അധിക്ഷേപിച്ചുവെന്നാണ് ആരോപണം.
വി.സിയുടെ അധിക്ഷേപത്തിൽ മനംനൊന്ത യുവതി മാനസികമായി തളർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതാണ് ജീവനക്കാരുടെ സമരത്തിലേക്ക് നയിച്ചത്. സംഭവത്തിൽ വി.സി മാപ്പു പറയണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ കത്ത് നൽകിയിരുന്നു.
എന്നാൽ, അതിന് വി.സി.തയാറായില്ല എന്ന് മാത്രമല്ല മാപ്പ് പറയാൻ തയാറല്ല എന്ന് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് സമരത്തിലേക്ക് നീങ്ങിയത്.
സർവകലാശാലയിലെ അഡ്മിനിസ്ട്രേറ്റിവ് വിഭാഗം പ്രവർത്തിക്കുന്ന അംബേദ്കർ ഭവനിൽ അസോസിയേഷൻ നേതൃത്വത്തിൽ പ്രകടനം നടത്തി. തുടർന്ന് ബ്ലോക്കിനു മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.
Post a Comment