അഭ്യൂഹങ്ങൾക്ക് വിരാമം: റായ്ബറേലിയിൽ രാഹുൽ ​ഗാന്ധി കോൺ​ഗ്രസ് സ്ഥാനാർത്ഥി, അമേഠിയിൽ കിശോരിലാൽ ശർമ്മ

(www.kl14onlinenews.com)
(03-May-2024)

അഭ്യൂഹങ്ങൾക്ക് വിരാമം: റായ്ബറേലിയിൽ രാഹുൽ ​ഗാന്ധി കോൺ​ഗ്രസ് സ്ഥാനാർത്ഥി, അമേഠിയിൽ കിശോരിലാൽ ശർമ്മ


ഡൽഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തന്‍ കിഷോറി ലാല്‍ ശര്‍മ്മയെ അമേഠിയിലും സ്ഥാനാര്‍ത്ഥിയാക്കി. രാഹുല്‍ ഗാന്ധി ഏത് സീറ്റ് നിലനിര്‍ത്തണമെന്ന് യുക്തമായ സമയത്ത് തീരുമാനിക്കുമെന്ന് എഐസിസി നേതൃത്വം പ്രതികരിച്ചു.

വയനാട്ടില്‍ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. രണ്ടാം മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുമോയെന്നതില്‍ വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിയും വരെ നേതൃത്വം മൗനം തുടര്‍ന്നു. തെരഞ്ഞെടുപ്പ് സമിതി പല കുറി ചേര്‍ന്നെങ്കിലും ചിത്രം തെളിഞ്ഞില്ല. ഒടുവില്‍ അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും മത്സരിക്കട്ടെയെന്ന് പാര്‍ട്ടി തീരുമാനിച്ചു.

മത്സരിക്കാന്‍ ഇരുവര്‍ക്കും താല്‍പര്യമില്ലെന്ന പ്രചാരണം ഇതിനിടെ ശക്തമായി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന്‍റെ തലേന്നും പോലും അനിശ്ചിതത്വം അങ്ങനെ തുടര്‍ന്നു. അമേഠി പാര്‍ട്ടി ഓഫീസിലേക്ക് രാഹുലിന്‍റെ ഫ്ലക്സ് ബോര്‍ഡുകള്‍ എത്തിച്ചതോടെ ചര്‍ച്ചകള്‍ ആ വഴിക്ക് നീണ്ടു. ഒടുവില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക വ്യക്തമാക്കിയതോടെ നടപടികള്‍ക്ക് വേഗം കൂടുകയായിരുന്നു. രാഹുല്‍ റായ്ബറേലിയിലേക്ക് നീങ്ങി. അമേഠി സീറ്റ് സോണിയ ഗാന്ധിയുടെ വിശ്വസ്തനായ കെ എല്‍ ശര്‍മ്മയെ ഏല്‍പിക്കാനും തീരുമാനമായി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

സോണിയ ഗാന്ധി, പ്രിയങ്കഗാന്ധി, റോബര്‍ട്ട് വദ്ര എന്നിവര്‍ക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പമാണ് രാഹുല്‍  റായ്ബറേലിയിലെത്തിയത്. കെഎല്‍ ‍ ശര്‍മ്മ ആദ്യം അമേഠിയില്‍  പത്രിക സമര്‍പ്പിച്ചു. വോട്ടെടുപ്പിന് 17 ദിവസം മാത്രം ശേഷിക്കേ  മറ്റിടങ്ങളിലെ പ്രചാരണം വെട്ടിക്കുറച്ച് റായ്ബറേലിയില്‍ രാഹുല്‍ സജീവമാകും

Post a Comment

Previous Post Next Post