(www.kl14onlinenews.com)
(02-May-2024)
ഒരു കാരണവശാലും ഡ്രൈവിംഗ് ടെസ്റ്റ് നടത്തില്ലെന്ന് പ്രതിഷേധക്കാർ; പരിഷ്ക്കാരങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന് മന്ത്രിയും
തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ പുതിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചതോടെ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്താനാവാതെ ഉദ്യോഗസ്ഥർ. പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിലെ അപാകതകൾ ആരോപിച്ച് ഡ്രൈവിങ് സ്കൂളുടമകൾ പ്രതിഷേധം കടുപ്പിച്ചതോടെയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ടെസ്റ്റുകൾ മുടങ്ങിയിരിക്കുന്നത്. ചട്ടക്കൂടുകൾ ആകെ മാറ്റിക്കൊണ്ട് പരിഷ്ക്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. എന്നാൽ എത്ര പ്രതിഷേധമുണ്ടായാലും പുതിയ പരിഷ്ക്കാരങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി കെ,ബി ഗണേഷ്കുമാർ വ്യക്തമാക്കി.
പ്രതിഷേധത്തിന്റെ ഭാഗമായി ഡ്രൈവിംഗ് ടെസ്റ്റിനായി വാഹനങ്ങൾ വിട്ടു നൽകില്ലെന്ന് സ്കൂൾ ഉടമകൾ വ്യക്തമാക്കി. മലപ്പുറത്ത് ടെസ്റ്റിംഗ് ഗ്രൗണ്ട് അടച്ചുകെട്ടിയാണ് പ്രതിഷേധം നടന്നത്. വേണ്ടത്ര സൗകര്യങ്ങൾ ഉറപ്പാക്കാതെയാണ് പരിഷ്ക്കാരങ്ങൾ നടപ്പാക്കാൻ സർക്കാർ നീങ്ങിയതെന്നാണ് ഡ്രൈവിംഗ് സ്കൂളുകൾ പ്രധാനമായും ആരോപിക്കുന്നത്. നേരത്തെ ഡ്രൈവിംഗ് ടെസ്റ്റിനുള്ള കമ്പി കുത്തുന്നതടക്കമുള്ള സൗകര്യങ്ങൾ സ്കൂൾ ഉടമകളാണ് ക്രമീകരിച്ചിരുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് അതിൽ നിന്നും അവർ വിട്ടുനിന്നു.
പ്രധാനമായും ഭരണപക്ഷ അനുകൂല തൊഴിലാളി സംഘടനയായ സിഐടിയു ആണ് സമര രംഗത്തുള്ളത്. ഒരു കാരണവശാലും പുതിയ പരിഷ്ക്കാരങ്ങളോട് കൂടി ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന് സംഘടന വ്യക്തമാക്കി. പുതിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുന്നത് കേരളത്തിലെ ഏഴായിരത്തിലധികം ഡ്രൈവിംഗ് സ്കൂളുകളെയും ഒരു ലക്ഷത്തോളം വരുന്ന തൊഴിലാളികളെയും ഇല്ലാതാക്കുമെന്ന് സിഐടിയു നേതാക്കൾ ആരോപിച്ചു. തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നമായതിനാലാണ് ഇക്കാര്യത്തിൽ എതിർപ്പുണ്ടാകുന്നതെന്നും ടെസ്റ്റ് പരിഷ്ക്കരിക്കുന്നതിനോടല്ല അതെന്നും അവർ വ്യക്തമാക്കി.
അതേ സമയം പുതിയ പരിഷ്ക്കാരങ്ങളോട് കൂടി ടെസ്റ്റ് നടത്തുമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി കെ,ബി ഗണേഷ് കുമാർ വ്യക്തമാക്കി. തൊഴിലാളികളല്ല ഡ്രൈവിംഗ് സ്കൂൾ മേഖലയിലെ മാഫിയകളാണ് നിയമങ്ങൾക്ക് എതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും എന്തു വന്നാലും നിയമങ്ങൾ നടപ്പിൽ വരുത്തുമെന്നും പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് മന്ത്രി പ്രതികരിച്ചു
Post a Comment