(www.kl14onlinenews.com)
(02-May-2024)
തിരുവനന്തപുരം: കൊടും ചൂടിൽ വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ആവശ്യത്തിൽ നിർണ്ണായക തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ. നിലവിലെ കാലാവസ്ഥയിൽ സംസ്ഥാനത്താകെയുള്ള വൈദ്യുതി ഉപയോഗം ക്രമാതീതമായി വർദ്ധിച്ചങ്കിലും തൽക്കാലം ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പകരം മറ്റ് വഴികൾ നിർദ്ദേശിക്കാനും കെഎസ്ഇബിക്ക് സർക്കാർ നിർദ്ദേശം നൽകി.
കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് തൽക്കാലം ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി അറിയിച്ചത്. യോഗം സ്വീകരിച്ച തീരുമാനങ്ങളും കെഎസ്ഇബി മുന്നോട്ട് വെച്ച മറ്റ് പ്രധാന നിർദ്ദേശങ്ങളും മന്ത്രി മുഖ്യമന്ത്രിയെ നേരിൽക്കണ്ട് അറിയിക്കും. ബദൽ മാർഗ്ഗങ്ങൾ ചർച്ച് കെഎസ്ഇബി ബോർഡ് യോഗവും ചേരുന്നുണ്ട്.
നിലവിലെ കണക്കുകൾ പ്രകാരം റെക്കോര്‍ഡ് വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടാകുന്നതെന്ന് യോഗത്തിൽ കെഎസ്ഇബി അറിയിച്ചു. അതിനാൽ വൈദ്യുതി നിയന്ത്രണം കൂടിയേ തീരുവെന്ന നിലപാടിലാണ് ബോര്‍ഡ്. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ പലയിടങ്ങളിലും ട്രാന്‍സ്ഫോമര്‍ കേടുവരുന്നതും വൈദ്യുതി വിതരണം നിലയ്ക്കുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.
വേനൽ കടുത്തതോടെ ഓരോ ദിവസവും പീക്ക് ടൈമിൽ അയ്യായിരത്തിലേറെ മെഗാവാട്ട് കറണ്ടാണ് സംസ്ഥാനത്ത് വേണ്ടി വരുന്നതെന്നും നേരത്തെ 11 മണി വരെ എന്ന് കണക്കാക്കിയിരുന്ന പീക്ക് ടൈം ഇപ്പോൾ പുലർച്ചെ രണ്ട് രണ്ടര വരെയായി ഉയർന്നിട്ടുണ്ടെന്നും അതിനാൽ വൈദ്യുതി നിയന്ത്രണമാണ് ഏക പരിഹാരമെന്നുമാണ് കെഎസ്ഇബിയുടെ വാദം.
Post a Comment