കങ്കണയുടെ നാക്കുപിഴ; വിമര്‍ശിച്ചത് സ്വന്തം പാര്‍ട്ടിയിലെ നേതാവിനെ

(www.kl14onlinenews.com)
(05-May-2024)

കങ്കണയുടെ നാക്കുപിഴ; വിമര്‍ശിച്ചത് സ്വന്തം പാര്‍ട്ടിയിലെ നേതാവിനെ
കങ്കണയുടെ നാക്കുപിഴ; വിമര്‍ശിച്ചത് സ്വന്തം പാര്‍ട്ടിയിലെ നേതാവിനെ
ഡല്‍ഹി: പേരുമാറി ബിജെപി നേതാവിനെ വിമര്‍ശിച്ച് നടിയും ഹിമാചല്‍ പ്രദേശിലെ മണ്ഡി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ കങ്കണ റണാവത്ത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ ലക്ഷ്യം വെച്ചുള്ള വിമര്‍ശനം പേരുമാറി ബിജെപി നേതാവായ തേജസ്വി സൂര്യയിലേക്കെത്തുകയായിരുന്നു. തേജസ്വി യാദവ് നവരാത്രിദിവസങ്ങളില്‍ മീന്‍ കഴിച്ചെന്ന സംഭവത്തിലായിരുന്നു കങ്കണയുടെ വിമര്‍ശനം. ‘മത്സ്യം കഴിക്കുകയായിരുന്ന തേജസ്വി സൂര്യ’ എന്നായിരുന്നു കങ്കണ പറഞ്ഞത്. ബെംഗളൂരു സൗത്തിലെ ബിജെപി സ്ഥാനാര്‍ഥിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനും ബിജെപിയുടെ തീപ്പൊരി നേതാവുമാണ് തേജ്വസി സൂര്യ.

‘പരാജയപ്പെട്ട യുവരാജാക്കന്മാരുടെ പാര്‍ട്ടിയുണ്ട്. ചന്ദ്രനില്‍ ഉരുളക്കിഴങ്ങ് വളര്‍ത്താന്‍ ആഗ്രഹിക്കുന്ന രാഹുല്‍ഗാന്ധിയാവട്ടെ, ഗുണ്ടായിസം കാണിക്കുകയും മത്സ്യം കഴിക്കുകയുംചെയ്യുന്ന തേജസ്വി സൂര്യയാവട്ടെ’, എന്നായിരുന്നു കങ്കണയുടെ വാക്കുകള്‍.

തേജസ്വി യാദവ് നവരാത്രിദിവസങ്ങളില്‍ മീന്‍ കഴിച്ചെന്ന ആരോപണവുമായി ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കങ്കണ വിമര്‍ശനം ഉന്നയിച്ചത്. അതേസമയം കങ്കണയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് തേജ്വസി യാദവും രംഗത്തെത്തി. ഇതേതാണ് ഈ സ്ത്രീ എന്ന കാപ്ഷനോടെയാണ് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. മണ്ഡിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കങ്കണയുടെ നാക്കുപിഴ. സമൂഹമാധ്യമത്തില്‍ വലിയ രീതിയില്‍ തന്നെ കങ്കണക്കെതിരെ ട്രോളുകള്‍ വരുന്നുണ്ട്.

Post a Comment

Previous Post Next Post