'ഇതൊരുപാട് ആഗ്രഹിച്ച നിമിഷം'; സഞ്ജുവിന്റെ അമ്മയുടെ ആദ്യപ്രതികരണം പുറത്ത്

(www.kl14onlinenews.com)
(30-APR-2024)

'ഇതൊരുപാട് ആഗ്രഹിച്ച നിമിഷം'; സഞ്ജുവിന്റെ അമ്മയുടെ ആദ്യപ്രതികരണം പുറത്ത്
മകൻ ലോകകപ്പ് ടീമിലെത്തിയ വാർത്തകളോട് വൈകാരികമായി പ്രതികരിച്ച് സഞ്ജു സാംസണിന്റെ അമ്മ ലിജി. ഇതൊരുപാട് ആഗ്രഹിച്ച നിമിഷമാണ് എന്നായിരുന്നു സഞ്ജു സാംസണിന്റെ അമ്മ ലിജിയുടെ ആദ്യ പ്രതികരണം.

ഒരുപാട് കഠിനാധ്വാനം, ആരാധകരുടെ ഒരുപാട് പിന്തുണയുണ്ട്. ആരാധകരുടെ സന്തോഷത്തിൽ പങ്കുചേരുന്നു. ആരാധകരുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു. ഇതുവരെ അവന്റെ കൂടെ നിന്ന് പിന്തുണ നൽകിയത് അച്ഛനാണ്. അച്ഛനാണ് അവന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചത്. സഞ്ജു എന്നെ വിളിച്ചിട്ടില്ല, മോളെ വിളിച്ചുകാണുമായിരിക്കും. അവൻ തിരക്കിലായിരിക്കും. അവൻ സാവധാനം വിളിച്ചോളും, അച്ഛൻ ഇവിടെയില്ല," സഞ്ജുവിന്റെ അമ്മ പറഞ്ഞു.

സുനില്‍ വല്‍സന്‍, എസ്. ശ്രീശാന്ത് എന്നിവർക്ക് ശേഷം ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളി കൂടിയാണ് സഞ്ജു. ജൂണ്‍ രണ്ടിന് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ആരംഭിക്കുന്ന ടൂർണമെന്റിലേക്കുള്ള 15 അംഗ ടീമിനെ സമയപരിധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

വിയര്‍പ്പ് തുന്നിയിട്ട കുപ്പായം'; സോഷ്യല്‍ മീഡിയയ്ക്ക് തീയിട്ട് സഞ്ജു സാംസൺ

അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന 2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചതിന് പിന്നാലെ സഞ്ജു സാംസണ്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിലെ 'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം' എന്നു തുടങ്ങുന്ന പാട്ടിലെ വരികള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് സഞ്ജു സന്തോഷം പ്രകടിപ്പിച്ചത്.

"വിയര്‍പ്പു തുന്നിയിട്ട കുപ്പായം..." എന്ന ഹിറ്റ് ഗാനത്തിനൊപ്പം ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള സ്വന്തം ഫോട്ടോയും സഞ്ജു പങ്കുവച്ചിട്ടുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണിന് ആശംസാ പ്രവാഹം.

രാഷ്ട്രീയ, സിനിമാ, സ്പോർട്സ് മേഖലകളിലുള്ള നിരവധി പേരാണ് സഞ്ജുവിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ സഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളും താരത്തെ പുകഴ്ത്തുന്ന പോസ്റ്റുകളും പങ്കുവയ്ക്കുന്നത്.

ചൊവ്വാഴ്ചയാണ് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറായാണ് മലയാളി താരം സഞ്ജു സ്ഥാനം പിടിച്ചത്.

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം:
രോഹിത് ശർമ്മ (ക്യാപ്ടൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദ്ദിക് പാണ്ഡ്യ (വൈസ് ക്യാപ്ടൻ), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലുള്ളത്.

ശുഭ്മാൻ ഗിൽ, ആവേശ് ഖാൻ, റിങ്കു സിങ്, ഖലീൽ അഹമ്മദ് എന്നിവർ റിസർവ് ടീമിലുണ്ട്.

Post a Comment

Previous Post Next Post