(www.kl14onlinenews.com)
(30-APR-2024)
ബെംഗളൂരു: ദിവസങ്ങളായി കത്തിനിൽക്കുന്ന ലൈംഗികാതിക്രമ വിവാദത്തിൽ പ്രജ്വൽ രേവണ്ണയ്ക്കെതിരെ നടപടിയുമായി ജനതാദൾ എസ്. നിലവിൽ എംപിയും ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ പ്രജ്വലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതതായി ജെഡി(എസ്) കോർ കമ്മിറ്റി പ്രസിഡന്റ് ജിടി ദേവഗൗഡ പറഞ്ഞു. ജെഡി(എസ്) ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡക്ക് നടപടി സംബന്ധിച്ച് ശുപാർശ നൽകിയിട്ടുണ്ടെന്നും ജെഡിഎസിന്റെ നേതൃയോഗത്തിന് ശേഷം ജിടി ദേവഗൗഡ വ്യക്തമാക്കി.
വീഡിയോ വിവാദത്തിന്റെ ഫശ്ചാത്തലത്തിൽ പ്രജ്വൽ രേവണ്ണയെ പാർട്ടി സസ്പെൻഡ് ചെയ്തതുവെന്നും എസ്ഐടി അന്വേഷണം പൂർത്തിയാകുന്നതുവരെയാകും സസ്പെൻഷന്റെ കാലാവധിയെന്നും മുൻ മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ എച്ച് ഡി കുമാരസ്വാമിയും വ്യക്തമാക്കി. ലൈംഗികാതിക്രമ കേസിൽ പ്രജ്വലിന്റെ പങ്ക് തെളിയിക്കപ്പെട്ടാൽ അയാൾ പിന്നീട് പാർട്ടിയിൽ ഉണ്ടാകില്ലെന്നും ഇക്കാര്യത്തിൽ ജെഡിഎസ് പീഡിതരായ സ്ത്രീകൾക്കൊപ്പമാണെന്നും കുമാരസ്വാമി പറഞ്ഞു.
ഇത്തരമൊരു വിഷയത്തിൽ ഒരു സ്ത്രീയെയും കുടുംബത്തെയും അനീതി നേരിടാൻ ജെഡി(എസ്) അനുവദിക്കില്ലെന്നതാണ് ഈ തീരുമാനത്തിന് കാരണമെന്ന് തീരുമാനം വിശദീകരിച്ചുകൊണ്ട് കുമാരസ്വാമി പറഞ്ഞു. എന്നാൽ ഈ പ്രശ്നം ഉപയോഗിച്ച് ഞങ്ങളുടെ കുടുംബത്തിന്റെ പേര് നശിപ്പിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. സ്ത്രീകളുടെ സംരക്ഷണമല്ല അത്തരത്തിൽ ഗൂഢാലോചന നടത്തുന്നവരുടെ ലക്ഷ്യം. ഈ കേസ് ഉപയോഗിച്ച്, എച്ച് ഡി ദേവഗൗഡയുടെ പേരും കുമാരസ്വാമിയുടെ പേരും തകർക്കാനാണ് അവർ ശ്രമിക്കുന്നത്.
കേസിൽ പ്രജ്വല് രേവണ്ണയുടെ പങ്ക് അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പാർട്ടി പ്രജ്വലിനെതിരെ നടപടി എടുത്തിരിക്കുന്നത്. പ്രജ്വലിന്റെ പിതാവും ഹോളനരസിപുര എംഎൽഎയുമായ എച്ച്ഡി രേവണ്ണയേയും കേസിൽ പ്രതി ചേർത്തിട്ടുണ്ടെങ്കിലും രേവണ്ണയ്ക്കെതിരായി പാർട്ടി നടപടികളൊന്നും ഉണ്ടായിട്ടില്ല.
അതേ സമയം വിഷയം കേസിലേക്കെത്തുന്നത് മുന്നിൽക്കണ്ട് പ്രജ്വൽ രാജ്യം വിട്ട് ജർമ്മനിയിലേക്ക് പോയെന്നാണ് സൂചന. മറ്റ് ഇരകളുടെ അനുഭവം വിവരിക്കുന്ന ഓൺലൈൻ ക്ലിപ്പുകൾ കണ്ടതിന് ശേഷമാണ് രേവണ്ണയുടെയും മകൻ പ്രജ്വലിന്റേയും പേരിൽ പരാതി നൽകാൻ തീരുമാനിച്ചതെന്ന് പരാതിക്കാരിയായ സ്ത്രീ ഹോളനരസിപുര പൊലീസിനോട് പറഞ്ഞു. 2019നും 2022നും ഇടയിലാണ് പീഡനം നടന്നതെന്ന് പരാതിയിൽ അവർ ആരോപിക്കുന്നു
Post a Comment