പാവപ്പെട്ടവർക്കുള്ള റേഷൻ വിഹിതം 10 കിലോയാക്കും, പാർട്ടിയെ അമ്പരപ്പിച്ച് കോൺഗ്രസ് അധ്യക്ഷന്റെ പ്രഖ്യാപനം

(www.kl14onlinenews.com)
(16-May-2024)

പാവപ്പെട്ടവർക്കുള്ള റേഷൻ വിഹിതം 10 കിലോയാക്കും, പാർട്ടിയെ അമ്പരപ്പിച്ച് കോൺഗ്രസ് അധ്യക്ഷന്റെ പ്രഖ്യാപനം
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കവേ പുതിയ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോൺഗ്രസ് അധ്യക്ഷൻ. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് ഓരോ മാസവും നൽകുന്ന സൗജന്യ റേഷൻ 10 കിലോയാക്കി ഉയർത്തുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. ബിജെപി സർക്കാർ 5 കിലോയാണ് സൗജന്യ റേഷനായി വിതരണം ചെയ്യുന്നത്.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സൗജന്യ റേഷനെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷന്റെ ഈ പ്രഖ്യാപനം നിരവധി പാർട്ടി നേതാക്കളെ അമ്പരപ്പിച്ചിട്ടുണ്ട്.

''സൗജന്യ റേഷൻ തടഞ്ഞാൽ ആർക്കും കോടതിയിൽ പോകാവുന്ന ഭക്ഷ്യസുരക്ഷാ നിയമം ഞങ്ങൾ കൊണ്ടുവന്നു. ബിജെപി സർക്കാർ ഒന്നും നൽകിയില്ല, പക്ഷേ ഇപ്പോഴും 80 കോടി ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങൾ 5 കിലോ റേഷൻ നൽകുന്നുവെങ്കിൽ, ഞങ്ങളുടെ സഖ്യ സർക്കാർ അധികാരത്തിൽ വരുമ്പോൾ 10 കിലോ നൽകും,'' ഇതായിരുന്നു ലക്‌നൗവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഖാർഗെ പറഞ്ഞത്.

Post a Comment

Previous Post Next Post