ഐപിഎല്ലില്‍ രാജസ്ഥാന് തുടര്‍ച്ചയായ നാലാം തോല്‍വി

(www.kl14onlinenews.com)
(16-May-2024)

ഐപിഎല്ലില്‍ രാജസ്ഥാന് തുടര്‍ച്ചയായ നാലാം തോല്‍വി
ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം. ഗുവാഹത്തി ബര്‍സാപര സ്റ്റേഡിയത്തില്‍ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. റിയാന്‍ പരാഗിന്റെ (34 പന്തില്‍ 48) ഇന്നിംഗ്‌സ് മാത്രമാണ് തുണയായത്. ആര്‍ അശ്വിന്‍ (28) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ സാം കറന്റെ (41 പന്തില്‍ 63) ഇന്നിംഗ്‌സ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്.

രാജസ്ഥാന്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നതാണ് ഗുവാഹത്തിയില്‍ തുടക്കത്തില്‍ കണ്ടത്. പ്രഭ്‌സിമ്രാന്‍ സിംഗ് (6), ജോണി ബെയര്‍സ്‌റ്റോ (14), റിലീ റൂസ്സോ (22), ശശാങ്ക് സിംഗ് (0) എന്നിവര്‍ തുടക്കത്തിലെ മടങ്ങി. ഇതോടെ എട്ട് ഓവറില്‍ നാലിന് 48 എന്ന നിലായിലായി. പിന്നീട് കറന്‍ - ജിതേശ് ശര്‍മ (22) സഖ്യം 63 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തന്നെയാണ് പഞ്ചാബിന് വിജയം സമ്മാനിച്ചതും. ജിതേശ് പുറത്തായെങ്കിലും കറനൊപ്പം അഷുതോഷ് ശര്‍മയുടെ (17) ഇന്നിംഗ്സ് പഞ്ചാബിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ആവേശ് ഖാന്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളിയെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു രാജസ്ഥാന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ രാജസ്ഥാന് യശസ്വി ജയ്‌സ്വാളിന്റെ (4) വിക്കറ്റ് നഷ്ടമായി. കറന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ജോസ് ബട്‌ലര്‍ക്ക് പകരം ഓപ്പണറായി ടീമിലെത്തിയ ടോം കോഹ്‌ലര്‍-കഡ്‌മോറിനാവട്ടെ (18) പവര്‍ പ്ലേ മുതലാക്കാനായില്ല. റണ്‍ വന്നതുമില്ല. റണ്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ സഞ്ജു സാംസണ്‍ (18) ഏഴാം ഓവറില്‍ മടങ്ങി. തൊട്ടടുത്ത ഓവറില്‍ കഡ്‌മോറും. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച പരാഗ് - അശ്വിന്‍ സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 50 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ 13-ാം ഓവറില്‍ അശ്വിന്‍ മടങ്ങി. തുടര്‍ന്നെത്തിയ ധ്രുവ് ജുറല്‍(0), റോവ്മാന്‍ പവല്‍ (4), ഡോണോവന്‍ ഫെറൈറ (7) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. അവസാന ഓവറില്‍ പരാഗ്, ഹര്‍ഷല്‍ പട്ടേലിന്റെ ഓവറില്‍ വീണു. ആറ് ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു പരാഗിന്റെ ഇന്നിംഗ്‌സ്. ആവേഷ് ഖാന്‍ (3) പുറത്താവാതെ നിന്നു. ട്രന്റോ ബോള്‍ട്ട് (12) അവസാന പന്തില്‍ റണ്ണൗട്ടായി. ഒമ്പത് വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. രാഹുല്‍ ചാഹര്‍, സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ പഞ്ചാബിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Post a Comment

Previous Post Next Post