'മോദിയുടെ ഗ്യാരണ്ടി'ക്ക് ബദലായി 'കേജ്രിവാളിന്റെ ഗ്യാരണ്ടി'യെത്തി; ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുന്നത് 10 വാഗ്‌ദാനങ്ങൾ

(www.kl14onlinenews.com)
(12-May-2024)

'മോദിയുടെ ഗ്യാരണ്ടി'ക്ക് ബദലായി 'കേജ്രിവാളിന്റെ ഗ്യാരണ്ടി'യെത്തി; ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുന്നത് 10 വാഗ്‌ദാനങ്ങൾ
ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ 10 വാഗ്‌ദാനങ്ങൾ അവതരിപ്പിച്ച് മുഖ്യമന്ത്രിയും ആം ആദ്മി (എഎപി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാള്‍. ആം ആദ്മി പാർട്ടി മത്സരിക്കുന്ന 22 ലോക്‌സഭാ മണ്ഡലങ്ങളിൽ 18 എണ്ണത്തിലും വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഡൽഹി മുഖ്യമന്ത്രി തൻ്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ജനങ്ങൾക്ക് മുന്നിൽവച്ചത്.

ഡൽഹിയിൽ നാല്, പഞ്ചാബിൽ 13, ഹരിയാനയിൽ ഒന്ന് എന്നിങ്ങനെ നിയോജക മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്. മേയ് 25ന് ആറാം ഘട്ട വോട്ടെടുപ്പിലാണ് ഡല്‍ഹി ഉള്‍പ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ 'മോദി കി ഗ്യാരണ്ടി'ക്ക് ബദലായാണ് 'കേജ്രിവാള്‍ കി ഗ്യാരണ്ടി' എന്ന പേരിൽ എഎപി അദ്ധ്യക്ഷൻ 10 വാഗ്ദാനങ്ങള്‍ അവതരിപ്പിച്ചത്. എഎപിയുടെ ഉറപ്പുകള്‍ പണപ്പെരുപ്പം കുറയ്ക്കുമെന്നും തൊഴിലില്ലായ്മയ്ക്ക് പരിഹാരമാകുമെന്നും കേജ്രിവാള്‍ അവകാശപ്പെട്ടു.

രാജ്യത്തുടനീളം 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്നായിരുന്നു കേജ്രിവാളിന്റെ ആദ്യ പ്രഖ്യാപനം. "ഇത്രയും വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ശേഷി രാജ്യത്തിനുണ്ട്. പക്ഷേ, പവർകട്ട് നിലനില്‍ക്കുന്നു. മോശം ഭരണനിർവഹണം മൂലമാണിത്. ഡല്‍ഹിയിലും പഞ്ചാബിലും ഈ സ്ഥിതിയായിരുന്നു. പക്ഷേ, ഞങ്ങളത് തിരുത്തി," കേജ്രിവാള്‍ പറഞ്ഞു.

രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുമെന്നാണ് രണ്ടാമത്തെ വാഗ്ദാന അവകാശവാദം. അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ മെച്ചപ്പെടുത്തുമെന്നും ഇതിനായി അഞ്ച് ലക്ഷം കോടി രൂപ ആവശ്യമായി വരുമെന്നും കേജ്രിവാള്‍ പറഞ്ഞു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും പകുതി വീതം തുക ചെലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ എല്ലാ കോണുകളിലും മൊഹല്ല ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും മൂന്നാമത്തെ വാഗ്ദാനമായി ആരോഗ്യ മേഖലയെക്കുറിച്ച് കേജ്രിവാള്‍ നിലപാടറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ക്ക് സമാനമായി സർക്കാർ ആശുപത്രികള്‍ മെച്ചപ്പെടുത്തും. വലിയ തട്ടിപ്പിന് വഴിയൊരുക്കുന്ന ഇന്‍ഷൂറന്‍സ് ഒഴിവാക്കും. എല്ലാ കോണുകളിലും ആശുപത്രി സംവിധാനം എത്തിക്കും. ഇതിനും അഞ്ച് ലക്ഷം കോടി രൂപയാകും. ചെലവ് സംസ്ഥാനവും കേന്ദ്രവും ചേർന്ന് വഹിക്കുമെന്നും കേജ്രിവാള്‍ അറിയിച്ചു

ഇന്ത്യയുടെ ഭൂമി ചൈനീസ് നിയന്ത്രണത്തില്‍ നിന്ന് മുക്തമാക്കുമെന്നാണ് നാലാമത്തെ വാഗ്ദാനം. നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച അഗ്നിവീർ പദ്ധതി റദ്ദാക്കുമെന്നും അഞ്ചാമത്തെ വാഗ്ദാനമായി കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. സ്വാമിനാഥാന്‍ കമ്മീഷന്‍ റിപ്പോർട്ട് പ്രകാരം കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കും, ഡല്‍ഹിക്ക് സംസ്ഥാന പദവി, യുവാക്കള്‍ക്ക് രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍, അഴിമതി തുടച്ചുനീക്കും എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍.

രാജ്യത്തുടനീളമുള്ള വ്യാപാരികള്‍ക്ക് വ്യവസായം നടത്താന്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് പത്താമത്തെ പ്രഖ്യാപനം. കഴിഞ്ഞ എട്ട്, പത്ത് വർഷമായി വ്യാപാരികള്‍ വ്യവസായം അവസാനിപ്പിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും കേജ്രിവാള്‍ ചൂണ്ടിക്കാട്ടി. പിഎംഎല്‍എയുടെ പരിധിയില്‍ നിന്ന് ജിഎസ്‍ടി ഒഴിവാക്കും. അത് ലളിതമാക്കുകയും ഭരണപരമായും നിയമപരമായും കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും കേജ്രിവാള്‍ പറഞ്ഞു.


കേജ്‍രിവാളിന്‍റെ 10 ഗ്യാരന്‍റികള്‍

1. സൗജന്യ വൈദ്യുതി : 24 മണിക്കൂറും ഉറപ്പാക്കും. പവര്‍ കട്ട് അവസാനിപ്പിക്കും

2. വിദ്യാഭ്യാസം : രാജ്യവ്യാപകമായി മികച്ച സർക്കാർ സ്കൂളുകൾ നിർമിക്കും

3. ആരോഗ്യം : എല്ലാ ഗ്രാമങ്ങളിലും മൊഹല്ല ക്ലിനിക്കുകള്‍, മികച്ചതും സൗജന്യവുമായ ചികില്‍സ

4. രാഷ്ട്ര പരമോന്നത : സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം, ചൈന കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കും

5. രാജ്യത്തെ സൈനികർ : അഗ്നിവീര്‍ പദ്ധതി ഇല്ലാതാക്കും, ഇപ്പോഴുള്ള അഗ്നിവീറുകളെ സ്ഥിരപ്പെടുത്തും

6. കർഷകർ : എല്ലാ വിളകൾക്കും മിനിമം താങ്ങുവില

7. ജനാധിപത്യം : ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി

8. തൊഴിലില്ലായ്മ : തൊഴിലില്ലായ്മ ഇല്ലാതാക്കും, ഒരു വർഷത്തിനുള്ളിൽ രണ്ടുകോടി തൊഴില്‍

9. അഴിമതി : ബിജെപിയുടെ വാഷിങ് മെഷീന്‍ തകര്‍ക്കും

10. ബിസിനസ് : നികുതി ഭീകരത അവസാനിപ്പിക്കും, പിഎംഎൽഎയിൽനിന്ന് ജിഎസ്ടി പിരിക്കും

ഇന്ത്യ സഖ്യം അധികാരത്തിലെത്തുമ്പോള്‍ നടപ്പാക്കുമെന്ന ഉറപ്പോടെയാണ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറായ കേജ്‍രിവാള്‍ 10 ഗ്യാരന്‍റികളുമായി രംഗത്തുവരുന്നത്. രാജ്യത്തുടനീളം 24 മണിക്കൂറും വൈദ്യുതി, മുഴുവൻ പാവപ്പെട്ടവർക്കും സൗജന്യമായി നല്‍കും. എല്ലാ ഗ്രാമങ്ങളിലും മികച്ച സർക്കാർ സ്കൂളുകൾ. സൗജന്യ ചികില്‍സ രാജ്യവ്യാപകമാക്കും. എല്ലാ ഗ്രാമങ്ങളിലും മൊഹല്ല ക്ലിനിക്കുകൾ. ചൈന കൈവശപ്പെടുത്തിയ ഇന്ത്യൻ ഭൂമി തിരികെ പിടിക്കും. അഗ്‌നിവീർ പദ്ധതി അവസാനിപ്പിക്കും.

സ്വാമിനാഥൻ കമ്മിഷൻ പ്രകാരം എല്ലാ വിളകൾക്കും താങ്ങുവില ഉറപ്പാക്കും. ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി, തൊഴിലില്ലായ്മ ഇല്ലാതാക്കും. അടുത്ത ഒരുവർഷത്തിനുള്ളിൽ രണ്ടുകോടി തൊഴിലവസരങ്ങൾ. അഴിമതിക്കാരെ വെളുപ്പിക്കുന്ന ബിജെപിയുടെ വാഷിങ് മെഷീൻ തകര്‍ക്കും. രാജ്യത്ത് നിലവിലുള്ള നികുതി ഭീകരത അവസാനിപ്പിക്കും. വ്യാപാരവും വ്യവസായവും പ്രോത്സാഹിപ്പിക്കും. ജയിലിന് മറുപടി വോട്ട് എന്ന പ്രചാരണ വാക്യത്തിനൊപ്പം കേജ്‍രിവാളിന്‍റെ ഗ്യാരന്‍റിയും പരമാവധി പ്രചാരണ വിഷയമാക്കാനാണ് പാര്‍ട്ടി തീരുമാനം

Post a Comment

Previous Post Next Post