ആന്ധ്രയും നാളെ പോളിങ് ബൂത്തിലേക്ക്; ശര്‍മിളയില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്

(www.kl14onlinenews.com)
(12-May-2024)

ആന്ധ്രയും നാളെ പോളിങ് ബൂത്തിലേക്ക്; ശര്‍മിളയില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്
നിയമസഭയിലേക്കും ലോക്സഭയിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയും നാളെ പോളിങ് ബൂത്തിലെത്തും. ജഗമോഹന്‍ റെഡ്ഡിയുടെ YSRCP തുടര്‍ഭരണത്തിനായും ഭരണത്തില്‍ തിരിച്ചെത്താന്‍ ടിഡിപി–ജനസേന–ബിജെപി സഖ്യവും പൊരിഞ്ഞ പോരിലാണ്. ഇക്കുറി ലോക്സഭയില്‍ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്..
ദക്ഷിണേന്ത്യയില്‍ ജാതിരാഷ്ട്രീയവും പണവും ഗതി നിര്‍ണയിക്കുന്ന സംസ്ഥാനമാണ് ആന്ധ്ര. സംസ്ഥാന രൂപീകരണത്തിന്റെ പത്താംവര്‍ഷത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ തലസ്ഥാന വിവാദവും കുടുംബരാഷ്ട്രീയവും പ്രതികാര രാഷ്ട്രീയവും പ്രചാരണത്തില്‍ നിറഞ്ഞു. ചൗധരിമാരും റെഡ്ഡിമാരും നായിഡുമാരും തീരുമാനിക്കും ആരുഭരിക്കണമെന്ന്. ക്രിസ്ത്യന്‍–മുസ്ലീം വിഭാഗങ്ങള്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും. അത് കണക്കിലെടുത്താണ് ബിജെപിയുമായി കൂടുന്ന ടിഡിപി മുസ്‌ലിം സംവരണം നിര്‍ത്തലാക്കുമെന്ന് ജഗന്‍ മോഹന്‍ പ്രചാരണത്തിലെ ഒരു മുഖ്യവിഷയമാക്കിയത്. ക്ഷേമ പദ്ധതികള്‍ തുടര്‍ ഭരണം നല്‍കുമെന്ന പ്രതീക്ഷയും YSRCPക്കുണ്ട്.

ജഗന്‍ മോഹന്‍ വികസനപദ്ധതികള്‍ അട്ടിമറിച്ചെന്നും അമരവാതി തലസ്ഥാനമാക്കുന്നതിനുപകരം മൂന്ന് നഗരങ്ങള്‍ തലസ്ഥാനമാക്കുമെന്ന് പ്രഖ്യാപിച്ചതും ഉയര്‍ത്തിക്കാട്ടിയാണ് ടിഡിപിയുടെ പ്രചാരണം. പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയും ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകും. സിനിമാലോകം ഏതാണ്ട് മുഴുവനായും ജനസേന പാര്‍ട്ടിക്കായി രംഗത്തുണ്ട്. 175 നിയമസഭ സീറ്റുകളില്‍ 151ലും ജയിച്ചാണ് YSRCP കഴിഞ്ഞ തവണ ഭരണത്തിലെത്തിയത്. ടിഡിപിക്ക് 23സീറ്റാണ് ലഭിച്ചത്. ലോക്സഭയിലാകട്ടെ 25ല്‍ 22 സീറ്റിലും YSRCP കഴിഞ്ഞ തവണ ജയിച്ചുകയറി. 2014ലു 2019ലും സീറ്റൊന്നും ലഭിക്കാതിരുന്ന കോണ്‍ഗ്രസ് ഇക്കുറി കടപ്പയില്‍ YS ശര്‍മിളയിലൂടെ അക്കൗണ്ട് തുറക്കാനുള്ള ശ്രമത്തിലാണ്.

Post a Comment

Previous Post Next Post