92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തി; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

(www.kl14onlinenews.com)
(19-APR-2024)

92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തി; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കല്യാശ്ശേരിയിൽ കള്ള വോട്ട് നടന്നതായി പരാതി. 92 വയസുള്ള ദേവിയുടെ വോട്ട് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശൻ നേരിട്ട് രേഖപ്പെടുത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നു. വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനിടെ വീഴ്ച്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂർ ജില്ല കലക്ടർ സസ്പെന്‍ഡ് ചെയ്തു. ഒറ്റപ്പെട്ട സംഭവമല്ലെന്ന് കോണ്‍ഗ്രസും സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി പ്രതികരിച്ചു

കല്യാശ്ശേരി പഞ്ചായത്തിലെ 164-ാം ബൂത്തിലെ വോട്ടറാണ് 92 വയസുള്ള ദേവി. ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രായമായവരുടെ വോട്ട് വീട്ടിലെത്തി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായയാണ് ഇന്നലെ പോളിങ്ങ് ഉദ്യോഗസ്ഥർ ദേവിയുടെ വീട്ടിലെത്തിയത്. രഹസ്യ സ്വഭാവത്തോടെ നടക്കേണ്ട വോട്ടിങ്ങിലാണ് അട്ടിമറി നടന്നത്. വോട്ട് ചെയ്യാൻ നിൽക്കുന്ന ദേവിയുടെ അടുത്തേക്ക് എത്തിയ കല്യാശേരി മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേഷൻ വോട്ട് രേഖപ്പെടുത്തുന്നതാണ് സി സി ടി വി ദൃശ്യങ്ങളിലുള്ളത്. ജില്ലയിൽ വ്യാപകമായി കള്ളവോട്ടു നടക്കുന്നുവെന്നാണ് കല്യാശേരി സംഭവം ചൂണ്ടിക്കാട്ടിയുള്ള കോൺഗ്രസ് ആരോപണം.

സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിലെ രഹസ്യ സ്വഭാവം കാക്കുന്നതിൽ വീഴ്ച വരുത്തിയതിന് കണ്ണൂർ ജില്ല കലക്ടർ അരുൺ കെ വിജയൻ സസ്പെന്‍ഡ് ചെയ്തത്. നിയമ വിരുദ്ധമായി പ്രവർത്തിച്ച ഗണേഷനും തിരഞ്ഞെടുപ്പു സംഘത്തിനുമെതിരെ ക്രിമനൽ നടപടികൾ എടുക്കുന്നതിനായി ജില്ലാ ഭരണകൂടം കണ്ണപുരം പൊലീസിലും റിപ്പോർട്ട് നൽകിയിട്ടുണ്ട്.1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിലും പറയുന്നുണ്ട്.

Post a Comment

Previous Post Next Post