റഹീമിന്റെ മോചനം: വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷയിൽ സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട് കോടതി തേടും

(www.kl14onlinenews.com)
(16-APR-2024)

റഹീമിന്റെ മോചനം:
വധശിക്ഷ റദ്ദ് ചെയ്യാനുള്ള
അപേക്ഷയിൽ സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട് കോടതി തേടും
റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യാനും അദ്ദേഹത്തെ മോചിപ്പിക്കാനുമുള്ള അപേക്ഷയിൽ സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട് കോടതി തേടും. വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ റിയാദിലെ കോടതിയിൽ തുടർവാദത്തിനുള്ള തിയതി കാത്തിരിക്കുകയാണെന്ന് നിയമസഹായ സമിതി അറിയിച്ചു. റഹീമിനുള്ള മോചനദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമവും ഊർജിതമാണ്.

ഇന്നലെയാണ് സൗദിയിലെ റിയാദിലുള്ള കോടതി റഹീമിന്റെ വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ ഫയലിൽ സ്വീകരിച്ചത്. ഡിജിറ്റലൈസേഷന്റെ ഭാഗമായി പേപ്പർ രഹിതമായി ഓൺലൈൻ വഴിയാണ് നിലവിൽ സൗദി കോടതികളിൽ നടപടിക്രമങ്ങൾ. ഇതിനാൽ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിച്ചത്. ദിയാധനം നൽകാൻ കുടുംബവുമായി ധാരണയായ വിവരവും വധശിക്ഷ റദ്ദ് ചെയ്യണമെന്ന ആവശ്യവുമാണ് അപേക്ഷയിലുള്ളത്. സൗദി ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽ ഉത്തരവുണ്ടാകുക. കോടതി വിളിപ്പിക്കുന്നതോടെ ഇരുവിഭാഗത്തിന്റെയും അറ്റോണിമാർ വിഷയത്തിൽ നിലപാട് കോടതിയെ അറിയിക്കും.

വധശിക്ഷാ കേസായതിനാൽ ദിയാധനം നൽകാൻ പ്രതിഭാഗം തയ്യാറാണെന്നുള്ള വിവരം കൊല്ലപ്പെട്ട അനസിയുടെ അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. ദിയാധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽകുകയാണ് കോടതിയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്ന ആദ്യ നടപടി. ഇത് സുപ്രീംകോടതി ശരിവെക്കണം. ഇതിന് ശേഷം ജയിൽ വകുപ്പിന് ഈ ഉത്തരവ് കൈമാറും. വധശിക്ഷാ കേസായതിനാൽ നടപടിക്രമങ്ങളുണ്ടാകും. എങ്കിലും പരമാവധി വേഗത്തിൽ ഇവ തീർക്കാനാണ് സഹായസമിതിയുടെ ശ്രമം. റഹീമിന്റെ കേസിൽ എംബസിയുടെ ഭാഗത്ത് നിന്ന് യൂസുഫ് കാക്കഞ്ചേരിയും പവർ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂരുമാണ് കേസിൽ നടപടികൾ വേഗത്തിലാക്കാൻ രംഗത്തുള്ളത്.

ഇന്ത്യയിൽ നിന്ന് സമാഹരിച്ച തുക സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി വിദേശകാര്യ മന്ത്രാലത്തെ സമീപിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ പണം അയക്കാനുള്ള ക്രമീകരണങ്ങളും അനുമതിയും അതിവേഗം പൂർത്തിയാക്കണമെന്ന് നാട്ടിലെ ബാങ്കുകളോട് ആവശ്യപ്പെട്ടതായി റഹീം സഹായ സമിതി രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ടും പറഞ്ഞു

ഫറോക്കിൽ ഓട്ടോ ഡ്രൈവറായിരുന്ന കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീം 22 വയസ്സുള്ളപ്പോൾ 2006 നവംബർ 28നാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലേക്ക് പോയത്.

സ്‌പോണ്‍സര്‍ അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ശഹ്‌രിയുടെ ശാരീരിക വൈകല്യമുള്ള മകന്‍ അനസ് അല്‍ ശഹ്‌രിയെ പരിചരിക്കുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ അബദ്ധത്തിൽ റഹീമിന്റെ കൈ തട്ടുകയും അനസ് ബോധരഹിതനായി പിന്നീട് മരണപ്പെടുകയുമായിരുന്നു. ഇതോടെ റിയാദിലെത്തിയതിന്റെ 28ാം നാളിൽ റഹീം ജയിലിലായി.

റിയാദ് കോടതി റഹീമിന് വധശിക്ഷ വിധിച്ചതോടെയാണ് ജയിൽ വാസം 18 വർഷത്തോളം നീണ്ടത്. വധശിക്ഷ നടപ്പാകുന്നതിലേക്ക് കാര്യങ്ങളെത്തിയതോടെ നീണ്ട ചർച്ചകൾക്കൊടുവിൽ ദിയ സ്വീകരിച്ച് മാപ്പുനൽകാൻ തയാറാണെന്ന് സൗദി കുടുംബം അറിയിച്ചു. തുടർന്നാണ് നാട്ടുകാർ മൂന്നാഴ്ചക്കുള്ളിൽ 34 കോടി രൂപ സമാഹരിച്ചത്.

Post a Comment

Previous Post Next Post