(www.kl14onlinenews.com)
(16-APR-2024)
അമിതവേഗത്തിലെത്തിയ കാറിടിച്ചത് രണ്ട് വാഹനങ്ങളിൽ: മൈസൂരുവിൽ മലയാളി വിദ്യാർഥിനിയും സുഹൃത്തുമുൾപ്പെടെ 3 മരണം
ബെംഗളൂരു: അമിതവേഗത്തിലെത്തിയ കാറിടിച്ച് മൈസൂരുവിൽ മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർക്ക് ദാരുണ മരണം. ബൈക്കിൽ യാത്ര ചെയ്ത തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകൾ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആർ പേട്ട് സ്വദേശി ഉല്ലാസ് (23), ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസി ജീവനക്കാരൻ എന്നിവരാണു മരിച്ചത്.
ശനിയാഴ്ച രാത്രി ജയലക്ഷ്മിപുരം ജെസി റോഡിലാണ് സംഭവം. അമിത വേഗത്തിലെത്തിയ കാർ ഭക്ഷണവിതരണ ജീവനക്കാരൻ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച ശേഷമാണ് ബൈക്കിൽ ഇടിച്ചത്. ഉല്ലാസ് അപകടസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശിവാനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
മൈസൂരു അമൃത കോളജിലെ ബിസിഎ അവസാന വർഷ വിദ്യാർഥിനിയാണ് ശിവാനി. സംസ്കാരം ഇന്ന് കാഞ്ഞാണി ആനക്കാട് ക്രിമറ്റോറിയത്തിൽ. ശിവാനിയുടെ മൃതദേഹം അപ്പോളോ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം സ്വദേശത്തേക്കു കൊണ്ടുപോയി. സംസ്കാരം ചൊവ്വാഴ്ച നടക്കും.
അമ്മ: സവിത. സഹോദരങ്ങൾ: അശ്വതി, അർജുൻ.
Post a Comment