'പ്രതിസന്ധി ഘട്ടത്തിൽ കൈയ്യൊഴിഞ്ഞവരാണ് വികസനം കൊണ്ടുവരുമെന്ന് പറയുന്നത്'; മോദിയുടെ ആരോപണം തള്ളി മുഖ്യമന്ത്രി

(www.kl14onlinenews.com)
(16-APR-2024)

'പ്രതിസന്ധി ഘട്ടത്തിൽ കൈയ്യൊഴിഞ്ഞവരാണ് വികസനം കൊണ്ടുവരുമെന്ന് പറയുന്നത്'; മോദിയുടെ ആരോപണം തള്ളി മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോൾ ഒരു കൈത്താങ്ങ് പോലും നൽകാത്തവരാണ് കേരളത്തെ വികസിപ്പിക്കുമെന്ന് പറയുന്നതെന്ന് പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ പ്രധാനമന്ത്രി പറഞ്ഞത് കേരളത്തെ വലിയ രീതിയിൽ വികസിപ്പിക്കുമെന്നാണ്. ഇത് ഒരു തരത്തിലും വിശ്വസിക്കാൻ കഴിയാത്ത ഒന്നാണെന്നും 2016 ന് ശേഷം കേരളത്തിന് എന്ത് സഹായമാണ് കേന്ദ്രം അനുവദിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിച്ചുകൊണ്ട് പിണറായി വിജയൻ പറഞ്ഞു.

മഹാപ്രളയത്തിന്റെ ഘട്ടത്തിലടക്കം കേരളത്തോട് ബിജെപി ചെയ്തത് എന്താണെന്ന് ഈ നാട് മറക്കില്ല. കേരളത്തിന് ഒരു കൈത്താങ്ങ് പോലും ആ ഘട്ടത്തിൽ കേന്ദ്രം നൽകിയില്ല. സംസ്ഥാനത്തിന്റെ അവകാശമായി പ്രത്യേക സഹായവും പ്രത്യേക പാക്കേജും വികസന പദ്ധതികളും എയിംസ് അടക്കമുള്ള ആവശ്യങ്ങളും പല തവണ ആവശ്യപ്പെട്ടിട്ടും അത് ചെവിക്കൊള്ളാൻ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും തയ്യാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമാണ്. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കാനുള്ള അവസരമാണിത്. രാജ്യത്തിന് വലിയ ആപത്ത് സംഭവിക്കാൻ പോകുന്നു എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടെന്നും അതിനെ അടിസ്ഥാനപ്പെടുത്തി തന്നെ ജനങ്ങൾ തിരഞ്ഞെടുപ്പിനെ കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയും ബിജെപിയും കരുവന്നൂര്‍ സഹകരണ ബാങ്ക് കേസ് ഉയര്‍ത്തിക്കാട്ടുന്നതെന്ന് പിണറായി ആരോപിച്ചു. കേരളത്തിലെ സഹകരണമേഖല നല്ല നിലയിലാണ്. കരുവന്നൂരില്‍ വഴിതെറ്റിയ നിലപാട് സ്വീകരിച്ചവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ 2019ലേതിനു വിപരീതഫലമാകും ഉണ്ടാകുക. എല്‍ഡിഎഫ് മികച്ച വിജയം നേടും. എന്‍ഡിഎ മൂന്നാമതാകും. കേരളവിരുദ്ധ നിലപാടെടുക്കുന്ന യുഡിഎഫിന് വോട്ടര്‍മാര്‍ കനത്ത ശിക്ഷ നല്‍കും. സംഘപരിവാറിനെ എതിര്‍ക്കുന്ന എല്‍ഡിഎഫ് ജയിക്കണോ ആ നയങ്ങളോടു ചേരുന്ന യുഡിഎഫ് ജയിക്കണോയെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടമെടുപ്പ് പരിധി ഹര്‍ജിയില്‍ കേരളത്തിന് തിരിച്ചടിയുണ്ടായെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം മുഖ്യമന്ത്രി തള്ളി. ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടത് എങ്ങനെയാണ് തിരിച്ചടിയാവുകയെന്ന് പിണറായി വിജയന്‍ ചോദിച്ചു. കേരളത്തെ ലോകത്തിനു മുന്നില്‍ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമത്തിനെതിരെ ജനം വിധിയെഴുതുമെന്നും മുഖ്യമന്ത്രി പറ​ഞ്ഞു.

അതേസമയം
വർഗീയ അജണ്ടയാണ് ബിജെപിയുടെ പത്രികയിൽ കണ്ടത്. 10 വർഷത്തെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച് വോട്ട് ചോദിക്കാൻ ബിജെപിക്ക് ധൈര്യമില്ല. കർഷകരുടെ കടാശ്വാസം എഴുതി തള്ളുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പറഞ്ഞതല്ലേ, ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. 2019 ൽ ഓരോ ഇന്ത്യക്കാരനും വീട് നൽകുമെന്ന് പറഞ്ഞിരുന്നല്ലോ, എന്തായെന്ന് പറയേണ്ടേ? 2024 ൽ പ്രകടന പത്രികയിൽ ഇതിലെല്ലാം മൗനമാണ്. കേരളത്തിൽ 4 ലക്ഷം വീടുകൾ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ചു. ഇതിലെന്താണ് കേന്ദ്ര പങ്കാളിത്തം? തുച്ഛമായതു കയാണ് കേന്ദ്ര വിഹിതം നൽകുന്നത്. 70 ശതമാനം വീടുകളും സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് നിർമ്മിച്ചത്. സംസ്ഥാനം ഉണ്ടാക്കിയ നേട്ടത്തിന് മേലെ കേന്ദ്ര ബ്രാന്റിംഗ് വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

10 വർഷം കൊണ്ട് ആർക്കു നൽകിയ വാഗ്ദാനമാണ് ബിജെപി നടപ്പാക്കിയത്? രാജ്യത്ത് ഗ്യാരണ്ടി കിട്ടിയത് കോർപ്പറേറ്റുകൾക്ക് മാത്രമാണ്. 10 ലക്ഷം കോടിയുടെ കോർപ്പറേറ്റ് ലോൺ എഴുതിത്തള്ളിയത് കേന്ദ്രസര്‍ക്കാരാണ്. ബിജെപി പ്രകടന പത്രികയോടുള്ള ജനകീയ വിചാരണയാവണം ഈ തിരഞ്ഞെടുപ്പ്. പ്രകടന പത്രിയിൽ സ്വീകരിച്ച അതേ വിഭാഗീയ സമീപനമാണ് ബിജെപി കേരളത്തോട് കാണിക്കുന്നത്. കടമെടുപ് പരിധിയിൽ കേരളത്തിന് തിരിച്ചടിയുണ്ടായെന്ന് മോദി പറഞ്ഞു. കടമെടുപ്പ് നിയമസഭയുടെ അധികാരമാണ്. ഇതിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്ര നീക്ക ഭരണഘടനാ വിരുദ്ധമാണ്. ഇത് ചോദ്യം ചെയ്താണ് കേരളം സുപ്രീം കോടതിയിൽ പോയത്. സംസ്ഥാന നിലപാട് അംഗീകരിച്ച് വിശദമായ വാദത്തിന് അഞ്ചംഗ ബഞ്ച് വേണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഇതിലെവിടെയാണ് തിരിച്ചടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

സാമ്പത്തിക ഫെഡറലിസം സംബന്ധിച്ച നിർണ്ണായക കേസായി കേരളത്തിന്റെ കേസ് മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം കൊടുത്ത കേസ് പിൻവലിച്ചാൽ മാത്രം പണം എന്ന കേന്ദ്ര നിലപാട് തള്ളിയല്ലോ? നമ്മളുയർത്തിയ വാദങ്ങളുടെ പ്രസക്തി വർധിച്ചു. കേരളത്തെക്കുറിച്ചു കടുത്ത ആക്ഷേപം പ്രധാനമന്ത്രി ഉന്നയിക്കുകയാണ്. നീതി ആ യോഗിന്റെ പട്ടികയിൽ കേരളം മുന്നിലാണ്. ദരിദ്രര്‍ ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. വഴിയിൽ നിന്ന് കളഞ്ഞു കിട്ടിയതല്ല ഇതൊന്നും. ഉത്തര്‍പ്രദേശ് വിവിധ റാങ്കിങ്ങുകളിൽ എത്രാം സ്ഥാനത്താണ്? ഇതൊക്കെ വാരാണസിയിലെ എം പി സ്വയം ചോദിക്കുന്നത് നന്നാവുമെന്നും അദ്ദേഹം പരിഹസിച്ചു.

Post a Comment

Previous Post Next Post