'150 കടക്കില്ല'; അടിയൊഴുക്കിൽ ബിജെപി തകരുമെന്ന് രാഹുൽ ഗാന്ധി

(www.kl14onlinenews.com)
(17-APR-2024)

'150 കടക്കില്ല'; അടിയൊഴുക്കിൽ ബിജെപി തകരുമെന്ന് രാഹുൽ ഗാന്ധി
ലക്നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന്റെ ബിജെപി 150 സീറ്റിലൊതുങ്ങുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ തിരഞ്ഞെടുപ്പിൽ അടിയൊഴുക്കുകൾ സജീവമാണെന്നും ബിജെപിക്ക് 150 സീറ്റുകൾ കടക്കാൻ സാധിക്കില്ലെന്നും
രാഹുൽ പറഞ്ഞു. ജനാധിപത്യവും ഭരണഘടനയും തകർക്കാൻ ശ്രമിക്കുന്നവരും ആ മൂല്യങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പെന്നും എസ് പി അദ്ധ്യക്ഷൻ അഖിലേഷ് യാദവുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ വ്യക്തമാക്കി.

തങ്ങളുടെ സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്തുക എന്ന പൊതുവായ അജണ്ടയുണ്ടയാണുള്ളതെന്ന് ഇരു നേതാക്കളും പറഞ്ഞു. തങ്ങൾക്ക് ശക്തിയുള്ള സീറ്റുകൾ പരസ്പരം വിട്ടുനൽകിക്കൊണ്ട് ഉത്തർപ്രദേശിൽ മത്സരിക്കുന്നത് ആ അജണ്ടയുടെ ഭാഗമാണെന്ന് കോൺഗ്രസ് 17 സീറ്റിൽ മാത്രം മത്സരിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടിയായി രാഹുൽ ഗാന്ധി പറഞ്ഞു. യുപിയിലെ സീറ്റ് വിഭജന കരാർ പ്രകാരം കോൺഗ്രസ് 17 സീറ്റിലും എസ്പി 62 സീറ്റിലുമാണ് മത്സരി"ക്കുന്നത്. ടിഎംസിക്ക് ഒരു സീറ്റ് നൽകിയിട്ടുണ്ട്.

കോൺഗ്രസും സമാജ് വാദി പാർട്ടിയും തമ്മിലുള്ള സഖ്യത്തെ “ശക്തമായത്” എന്ന് വിളിച്ച രാഹുൽ രണ്ട് പാർട്ടികളും സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പറഞ്ഞു. ഇന്ത്യാ സഖ്യം ഗാസിയാബാദ് മുതൽ ഗാസിപൂർ വരെ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഗാസിയാബാദിൽ എസ്പിയുടെ പിന്തുണയോടെ കോൺഗ്രസാണ് മത്സരിക്കുന്നത്.

കോൺഗ്രസ് വിജയിക്കുന്ന സീറ്റുകളുടെ എണ്ണം വ്യക്തമാക്കാതെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 150 സീറ്റുകളിൽ ഒതുങ്ങുമെന്ന് രാഹുൽ പറഞ്ഞു. “ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നുവെന്നും ബിജെപിക്കെതിരെ ശക്തമായ അടിയൊഴുക്ക് ഉണ്ടെന്നും എല്ലാ സംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്,”രാഹുൽ പറഞ്ഞു.

ബിജെപി ക്ക് നേരെ കടന്നാക്രമണം

പ്രതിപക്ഷ പാർട്ടികൾക്കെതിരായ ബിജെപിയുടെ പരിവാർവാദ ആരോപണത്തെ കുറിച്ച് ഒരു കുടുംബാംഗത്തിനും ടിക്കറ്റ് നൽകില്ലെന്നും വോട്ടിനായി ഒരു പരിവാർവാലയോടും അപേക്ഷിക്കില്ലെന്നും ബിജെപിക്കാർ ഇന്ന് പ്രതിജ്ഞയെടുക്കണം എന്നായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം.

“ഇത് പ്രത്യയശാസ്ത്രത്തിന്റെ തിരഞ്ഞെടുപ്പാണ്. ഒരു വശത്ത് ഭരണഘടനയും ജനാധിപത്യ സംവിധാനവും അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ആർഎസ്എസും ബിജെപിയും. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനും ശ്രമിക്കുന്ന ഇന്ത്യാ സഖ്യവും കോൺഗ്രസുമാണ് മറുവശത്ത്" ഭരണകക്ഷിയായ ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രശ്‌നങ്ങൾ തൊഴിലില്ലായ്മ, പണപ്പെരുപ്പം, പ്രാതിനിധ്യം എന്നിവയാണെന്നും എന്നാൽ ഈ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ അകറ്റാനാണ് ഭാരതീയ ജനതാ പാർട്ടി ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

ഇലക്ടറൽ ബോണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട് ബിജെപിയെ ലക്ഷ്യമിട്ട അഖിലേഷ് യാദവ്, ഇലക്ടറൽ ബോണ്ട് ബിജെപിയെ തുറന്നുകാട്ടിയെന്നും ബിജെപി എല്ലാ അഴിമതിക്കാരുടെയും ഗോഡൗണായി മാറിയെന്നും പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കൽ പദ്ധതിയായി ഇലക്ടറൽ ബോണ്ടുകളെ വിശേഷിപ്പിച്ച രാഹുൽ, പദ്ധതിയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ വിശദീകരണങ്ങളൊന്നും തന്നെ അതിലെ അഴിമിതിക്കറ മാറ്റാൻ പോകുന്നില്ലെന്നും, പ്രധാനമന്ത്രി അഴിമതിയുടെ ചാമ്പ്യനാണെന്ന് രാജ്യത്തിനറിയാമെന്നും പറഞ്ഞു.

ജാതി സെൻസസിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള പോരാട്ടം

ഇന്ത്യൻ സഖ്യത്തിന്റെ സംയുക്ത പ്രകടനപത്രികയുടെ സാധ്യതയെക്കുറിച്ച്, കോൺഗ്രസ് പ്രകടനപത്രികയിൽ ദാരിദ്ര്യം തുടച്ചുനീക്കാൻ നിരവധി നടപടികളുണ്ടെന്ന് അഖിലേഷ് പറഞ്ഞു. "എല്ലാ ഇന്ത്യൻ സഖ്യ പങ്കാളികളും എംഎസ്പിയുടെ (മിനിമം താങ്ങുവില) ഗ്യാരണ്ടിയും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യാ സഖ്യത്തിന്റെ സർക്കാർ കർഷകരുടെ വരുമാനം വർധിപ്പിക്കുമ്പോൾ ദാരിദ്ര്യം തുടച്ചുനീക്കാൻ തുടങ്ങും. ജാതി സെൻസസ്, സാമൂഹ്യനീതി, ദാരിദ്ര്യം അവസാനിപ്പിക്കുന്ന പിഡിഎ എന്നിവയ്ക്കായി സഖ്യം പോരാടുമെന്നും അഖിലേഷ് പറഞ്ഞു.

കോൺഗ്രസിന്റെ പ്രകടന പത്രികയിലെ ആശയങ്ങൾ ഇന്ത്യാ സഖ്യത്തിന്റെ പ്രത്യയശാസ്ത്രമനുസരിച്ചാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എസ്പിയോ മറ്റേതെങ്കിലും സഖ്യ പങ്കാളിയോ എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകിയാൽ ഞങ്ങൾ അതും സ്വീകരിക്കും. സഖ്യം കെട്ടുറപ്പോടെയാണ് പ്രവർത്തിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അമേഠിയിൽ നിന്നും മത്സരിക്കുമോയെന്ന ചോദ്യത്തെ ബിജെപിയുടെ ചോദ്യമെന്ന് വിശേഷിപ്പിച്ച രാഹുൽ അക്കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും പ്രതികരിച്ചു.

Post a Comment

Previous Post Next Post