രാമക്ഷേത്രപരാമര്‍ശത്തില്‍ ചട്ടലംഘനമില്ല; മോദിക്ക് ക്ലീൻചിറ്റ് നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷൻ

(www.kl14onlinenews.com)
(25-APR-2024)

രാമക്ഷേത്രപരാമര്‍ശത്തില്‍ ചട്ടലംഘനമില്ല; മോദിക്ക് ക്ലീൻചിറ്റ് നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് റാലിയിൽ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശം മാതൃകാ പെരുമാറ്റ ചട്ട ലംഘനമല്ലെന്ന നിലപാടിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ. സിഖ് തീർത്ഥാടനത്തിനുള്ള പാതയായ കർതാർപൂർ സാഹിബ് ഇടനാഴിയുടെ വികസനത്തെക്കുറിച്ചും അഫ്ഗാനില്‍നിന്ന് സിഖ് വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും പരാമർശിച്ചത് ചട്ട ലംഘനമല്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തലെന്ന് അറിയുന്നു

മാതൃകാ പെരുമാറ്റ ചട്ട ലംഘനങ്ങൾ ആരോപിച്ച് പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) എടുക്കാൻ സാധ്യതയുള്ള തീരുമാനമാണിതെന്ന് ഇന്ത്യൻ എക്സ്പ്രസ് മനസിലാക്കി.

ഹിന്ദു ദൈവങ്ങളുടെയും ഹിന്ദു ആരാധനാലയങ്ങളുടെയും സിഖ് ദേവാലയങ്ങളുടെയും പേരിൽ മോദി തന്റെ പാർട്ടിക്ക് വോട്ട് ചോദിച്ച് മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോൻഡേൽ ആണ് കമ്മിഷന് പരാതി നൽകിയത്. ഏപ്രിൽ 9 ന് ഉത്തർപ്രദേശിലെ പിലിഭിത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് മോദി അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് പരാമർശം നടത്തിയത്.

ഏപ്രിൽ 10 നാണ് ആനന്ദ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. എന്നാൽ, പരാതിയിൽ തീരുമാനം വൈകിയതിനെ തുടർന്ന് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153-ാം വകുപ്പ് പ്രകാരം മോദിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഈ ആഴ്ച പരിഗണിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാതൃക പെരുമാറ്റ ചട്ട ലംഘനമുണ്ടായിട്ടില്ലെന്ന നിലപാട് സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഉടൻ ജോൻഡേലുമായി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.

പിലിഭിത് റാലിയിൽ പ്രധാനമന്ത്രി തന്റെ സർക്കാരിന്റെ നേട്ടങ്ങൾ പറയുക മാത്രമാണ് ചെയ്തതെന്ന നിഗമനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ എത്തിയതായും മാതൃകാ പെരുമാറ്റ ചട്ട ലംഘനമൊന്നും കണ്ടെത്തിയില്ലെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷക സമിതി ചർച്ചയിൽ കണ്ടെത്തിയതായും ഇന്ത്യൻ എക്സ്പ്രസ് മനസിലാക്കി. പ്രധാനമന്ത്രിയുടെ പ്രസംഗം സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതല്ലെന്നും പ്രചാരണ പ്രസംഗത്തിൽ മതം പരാമർശിച്ചതു കൊണ്ട് മാത്രം നടപടിയെടുക്കാൻ പര്യാപ്തമല്ലെന്നുമുള്ള നിലപാടിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എത്തിയിട്ടുണ്ട്.

അതേസമയം, മോദിക്കെതിരായ കോൺഗ്രസ് പരാതിയിൽ കമ്മിഷൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ജനങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നായിരുന്നു മോദി പറഞ്ഞത്. രാജസ്ഥാനിലെ ബൻസ്‌വാരയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു മോദിയുടെ വിവാദ പരാമർശം.

Post a Comment

Previous Post Next Post