അബ്ദുൽ റഹീമിന്റെ ഉമ്മയെ കാണാനെത്തി 'ബോചെ'; നാട്ടിലൊരു കടയിട്ട് നൽകുമെന്ന് ഉറപ്പുനൽകി

(www.kl14onlinenews.com)
(13-APR-2024)

അബ്ദുൽ റഹീമിന്റെ ഉമ്മയെ കാണാനെത്തി 'ബോചെ'; നാട്ടിലൊരു കടയിട്ട് നൽകുമെന്ന് ഉറപ്പുനൽകി
കോഴിക്കോട്: റിയാദിലെ ജയിലിലുള്ള അബ്ദു റഹീമിനെ നാട്ടിലെത്തിക്കാൻ നിയമസഹായ സമിതി ഊർജ്ജിത ശ്രമം തുടരവെ ഇന്നലെ രാത്രി റഹീമിന്റെ ഫറോക്കിലെ വീട്ടിലെത്തി ബോബി ചെമ്മണ്ണൂർ. നാട്ടിലെത്തുന്ന അബ്ദു റഹീമിനായി ഒരു കടയിട്ട് നൽകുമെന്നും ബോച്ചെ ഉമ്മ ഫാത്തിമയെ സാക്ഷിയാക്കി പ്രഖ്യാപിച്ചു.

ആദ്യം റഹീമിനെ തന്റെ റോൾസ് റോയ്സ് കാറിന്റെ ഡ്രൈവറാക്കാനാണ് വിചാരിച്ചിരുന്നത്. എന്നാൽ രക്ഷപ്പെടുത്തിയ ആളെ കഷ്ടപ്പെടുത്താതെ സംരക്ഷിക്കണമെന്ന നിർദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഈ തീരുമാനത്തിലെത്തിയതെന്നും ബോബി പറഞ്ഞു.

"ഉമ്മ സന്തോഷത്തോടെ ഇരിക്ക്, നമ്മള്‍ കൂടെയുണ്ട്, ജയില്‍ മോചിതനായി തിരിച്ച് വരുന്ന അബ്ദുള്‍ റഹീമിന് എന്‍റെ റോൾസ് റോയ്സ് കാറിന്റെ ഡ്രൈവറായി നിയമിക്കാനായിരുന്നു ആലോചന , പിന്നെ അത് മാറ്റി അബ്ദുള്‍ റഹീമിന് ഒരു കട ഇട്ട് കൊടുക്കാന്‍ തീരുമാനിച്ചു. ബോച്ചെ ടീയുടെ ഹോൾ സെയിൽ കട ഇട്ടു നൽകും. എന്നിട്ട് അദ്ദേഹത്തെ ഒരു പാർട്ണറാക്കി മാറ്റുകയാണ്. ഇനി കടയും നോക്കി ഉമ്മയുടെ കൂടെ അദ്ദേഹം ഇരിക്കട്ടെ," ബോബി പറഞ്ഞു.

"ബോച്ചെ ലക്കി ഡ്രോയിലൂടെ അടുത്ത ദിവസങ്ങളിൽ ലഭിക്കുന്നത് വലിയൊരു തുകയായിരിക്കും. ഇത് ഞാൻ എടുക്കില്ല. പകരം അബ്ദു റഹീമിന് ഒരു കടയിട്ട് നൽകും. ബാക്കി തുക മറ്റു ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ഇന്ന് ഞാൻ ഇങ്ങോട്ടേക്ക് വരാൻ ഉദ്ദേശിച്ചിരുന്നതല്ല. ഇന്നാട്ടുകാരുടെ സ്നേഹമാണ് എന്നെ ഇവിടെ എത്തിച്ചത്. എല്ലാവർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു," ബോച്ചെ പറഞ്ഞു.

അബ്ദുൾ റഹീമിന്റെ ബന്ധുക്കളെയും അദ്ദേഹം ഈ കുടുംബത്തെ രക്ഷിക്കാനായി 34 കോടി രൂപ സ്വരൂപിക്കാൻ മുന്നിട്ടിറങ്ങിയ ബോച്ചെയ്ക്ക് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. വ്യവസായിയായ ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാചകയാത്ര സംഘടിപ്പിച്ചിരുന്നു. വ്യക്തിപരമായി ഒരു കോടി രൂപയും അദ്ദേഹം കൈമാറി.

ബോച്ചെയുടെ ഇടപെടലിലൂടെ സംഭവത്തിന് വാർത്താപ്രാധാന്യം ലഭിക്കുകയും സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ മുന്നോട്ടുവരികയും ചെയ്തു. മൂന്നാഴ്ചയോളം സമയമെടുത്താണ് നാട്ടിലേയും വിദേശത്തേയും സന്നദ്ധ പ്രവർത്തകരും സംഘടനകളും 34.4കോടി രൂപ സ്വരൂപിച്ചത്.

Post a Comment

Previous Post Next Post