മുസ്ലീം ലീഗിന്റെ വിചാരധാരയും ഇടതുപക്ഷത്തിന്റെ നിലപാടുകളും; കോൺഗ്രസ് പ്രകടന പത്രികക്കെതിരെ മോദി

(www.kl14onlinenews.com)
(06-APR-2024)

മുസ്ലീം ലീഗിന്റെ വിചാരധാരയും ഇടതുപക്ഷത്തിന്റെ നിലപാടുകളും; കോൺഗ്രസ് പ്രകടന പത്രികക്കെതിരെ മോദി
ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ പ്രകടനപത്രികയിലാകെ നിറഞ്ഞുനിൽക്കുന്നത് മുസ്ലീം ലീഗിന്റെ വിചാരധാരയാണെന്നും അവശേഷിക്കുന്ന ഭാഗം ഇടതുപക്ഷത്തിന്റെ നിലപാടുകളാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.

രാഷ്ട്ര നിർമ്മാണത്തിനായുള്ള ഒരു നിർദ്ദേശവും കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഈ പ്രകടനപത്രികയുമായി പോയാൽ കോൺഗ്രസിന് ഒരു മുന്നേറ്റവുമുണ്ടാകാൻ പോകുന്നില്ലെന്നും മോദി പരിഹസിച്ചു. ഉത്തർപ്രദേശിലെ സഹരൺപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് പ്രതിപക്ഷത്തിനെതിരായ പ്രധാനമന്ത്രിയുടെ വിമർശനങ്ങൾ.

ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ രാഷ്ട്ര നിർമ്മാണത്തിനുള്ള ദൗത്യത്തിലേർപ്പെടുമ്പോൾ അധികാരത്തിലെത്തിയ ശേഷം കമ്മീഷൻ സമ്പാദിക്കുക എന്നതാണ് പ്രതിപക്ഷ ഇന്ത്യാ സംഘത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപി 370-ലധികം സീറ്റുകൾ നേടുന്നത് തടയാനാണ് പ്രതിപക്ഷ സഖ്യം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോരാടുന്നത്.

“ഭരണകാലത്ത് കോൺഗ്രസിന്റെ ശ്രദ്ധ കമ്മീഷൻ സമ്പാദിക്കുന്നതിലായിരുന്നു. ഇന്ത്യാ സഖ്യവും അധികാരത്തിൽ വന്നതിന് ശേഷം കമ്മീഷൻ സമ്പാദിക്കുകയാണ് ലക്ഷ്യമിടുന്നത്, എന്നാൽ എൻഡിഎയും മോദി സർക്കാരും രാജ്യത്തിനായുള്ള ഒരു ദൗത്യത്തിലാണ്, ”മോദി പറഞ്ഞു.

യൂപിയിലെ പ്രധാന എതിരാളികളായ സമാജ്‌വാദി പാർട്ടിയേയും തിരഞ്ഞെടുപ്പ് റാലിയിൽ മോദി വിമർശിച്ചു. സമാജ്‌വാദി പാർട്ടി ഓരോ മണിക്കൂറിലും സ്ഥാനാർത്ഥികളെ മാറ്റുകയാണ്, അതേസമയം കോൺഗ്രസിന് സ്ഥാനാർത്ഥികളെ കണ്ടെത്താൻ പോലും കഴിയുന്നില്ലെന്നും മോദി പറഞ്ഞു. കോൺഗ്രസിന്റെ ശക്തികേന്ദ്രമെന്ന് കരുതുന്ന സീറ്റുകളിൽ പോലും സ്ഥാനാർത്ഥികളെ നിർത്താൻ കോൺഗ്രസിന് ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യാ സംഘം അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്റേയും പര്യായമായി മാറിയെന്നും രാജ്യത്തെ ജനങ്ങൾ അത് ഗൗരവമായി കാണുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.‘ശക്തി’ക്കെതിരെ പോരാടുന്നതിനെക്കുറിച്ച് പ്രതിപക്ഷ സഖ്യം സംസാരിക്കുന്നത് രാജ്യത്തിന്റെ ദൗർഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

“ശക്തിയെ ആരാധിക്കുന്നത് നമ്മുടെ സ്വാഭാവിക ആത്മീയ യാത്രയുടെ ഭാഗമാണ്. എന്നാൽ, തങ്ങളുടെ പോരാട്ടം ശക്തിക്കെതിരെയാണെന്നാണ് ഇന്ത്യാ സഖ്യത്തിലെ കക്ഷികൾ പറയുന്നത്-മോദി പറഞ്ഞു.

തിരഞ്ഞെടുപ്പ് ഷെഡ്യൂൾ അനുസരിച്ച്, ഏപ്രിൽ 19 ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലാണ് ഉത്തർപ്രദേശിലെ എട്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുക. സഹാറൻപൂർ, കൈരാന, മുസാഫർനഗർ, ബിജ്‌നോർ, നാഗിന (എസ്‌സി), മൊറാദാബാദ്, രാംപൂർ, പിലിഭിത് എന്നിവയാണ് അവ

Post a Comment

Previous Post Next Post