രാജ്യത്തെ ഓർത്ത് വേദനിക്കുന്നു, പ്രധാനമന്ത്രിയിൽ നിന്ന് ഇതിലും മികച്ചതൊന്നും പ്രതീക്ഷിക്കുന്നില്ല; മോദിക്കെതിരെ കപിൽ സിബൽ

(www.kl14onlinenews.com)
(22-APR-2024)

രാജ്യത്തെ ഓർത്ത് വേദനിക്കുന്നു, പ്രധാനമന്ത്രിയിൽ നിന്ന് ഇതിലും മികച്ചതൊന്നും പ്രതീക്ഷിക്കുന്നില്ല; മോദിക്കെതിരെ കപിൽ സിബൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്ന് മുൻ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ കപിൽ സിബൽ . രാജ്യത്തെഓർത്ത് വേദനിക്കുകയാണെന്നും പ്രധാനമന്ത്രി എന്ന പദവിക്കുള്ള ആദരവിന് അദ്ദേഹം അർഹൻ അല്ലെന്നും കപിൽ സിബൽ പറഞ്ഞു. ഇത് എന്ത് തരം രാഷ്ട്രീയ സംസ്കാരമാണെന്നും അദ്ദേഹം ചോദിച്ചു. രാജ്യ വ്യാപകമായി പ്രതിഷേധം ഉയരണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു.

ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ മോദിയും ആർഎസ്എസും ഭയത്തിലാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ യോഗേന്ദ്രയാദവ് പ്രതികരിച്ചു. വരും മണിക്കൂറുകളിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ ബി.ജെ.പി വീണ്ടും നടത്തും. ഇങ്ങനെ ഒരാളാണോ പ്രധാനമന്ത്രിയാകേണ്ടതെന്നും യോഗേന്ദ്രയാദവ് ചോദിച്ചു.
രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയത്. രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു വിവാദ പരാമർശങ്ങൾ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ്‌ മുസ്‍ലിംകൾക്ക് വീതിച്ചുനൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും മോദി ചോദിച്ചു.

ഭയം കാരണം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മോദി ശ്രമിക്കുന്നു എന്ന്‌ രാഹുൽ ഗാന്ധി ആരോപിച്ചു. മോദി വീണ്ടും വീണ്ടും കള്ളം പറയുകയാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേഡ പറഞ്ഞു. പ്രധാനമന്ത്രിയുടെത് വിഷം നിറഞ്ഞ ഭാഷയാണെന്ന് ജയറാം രമേശ്‌ പ്രതികരിച്ചു.ഭരണഘടനയെ തകർക്കുവാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്‍ഡ്യ മുന്നണിക്ക് വലിയ മുന്നേറ്റം ഉണ്ടാവുമെന്ന റിപ്പോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അസ്ഥസ്ഥനാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചു. ഇതാണ് വിദ്വേഷ പ്രസംഗത്തിന് കാരണമെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് മോദി ഉന്നയിക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്‍ലിംകൾക്ക് വീതിച്ചുനൽകുമെന്നും കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും മോദി പ്രസംഗിച്ചിരുന്നു. മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് നിരവധി പരാതികളാണ് ലഭിക്കുന്നത്.

‘സ്ത്രീകളുടെ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കും തീവ്രവാദികൾക്കും കോൺഗ്രസ് വിട്ടുനൽകുമെന്നാണ് പ്രധാനമന്ത്രി മോദി പ്രസംഗിച്ചത്. 20 കോടി ജനങ്ങൾ തനിക്ക് വിഷയമല്ലേ? അവർക്ക് ആഗ്രഹങ്ങളൊന്നുമില്ലേ? രാഷ്‌ട്രീയം ഈ നിലവാരത്തിലേക്ക് കൂപ്പുകുത്തി, ചരിത്രത്തിൽ ഇങ്ങനെ സംഭവിച്ചിട്ടില്ല, അത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമീഷൻ എന്തുകൊണ്ട് ഉടൻ നടപടിയെടുത്തില്ലെന്ന് ചോദിക്കാൻ ആഗ്രഹിക്കുന്ന. തെരഞ്ഞെടുപ്പ് കമീഷൻ അതിനെ അപലപിക്കുകയും പ്രധാനമന്ത്രിക്ക് നോട്ടീസ് അയക്കുകയും വേണം’ -കപിൽ സിബൽ ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഒന്നാംഘട്ട വോട്ടെടുപ്പ് തങ്ങൾക്ക് അനുകൂലമെന്ന് വ്യക്തമായതോടെയാണ് മോദി ഇത്തരത്തിൽ പരാമർശം നടത്തുന്നതെന്നും സിബൽ കൂട്ടിച്ചേർത്തു. വിഷയത്തിൽ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് പുലർത്തുന്ന മൗനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. പ്രധാനമന്ത്രി പദവിയെയും ആ പദവി വഹിക്കുന്ന വ്യക്തിയെയും തങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ പ്രധാനമന്ത്രി ബഹുമാനത്തിന് അർഹനല്ലെങ്കിൽ, രാജ്യത്തെ ബുദ്ധിജീവികൾ ശബ്ദമുയർത്തണം. മോഹൻ ഭാഗവത് നിശബ്ദനാണ്. എന്തുകൊണ്ടാണ് അദ്ദേഹം നിശബ്ദനായിരിക്കുന്നതെന്നും സിബൽ ചോദിച്ചു.

രാജ്യത്തെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്‍ലിംകളാണെന്ന് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ് അതിനർഥം. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കു നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?''-മോദി പ്രചാരണത്തിനിടെ പറഞ്ഞു. അമ്മമാരുടെയും പെൺമക്കളുടെയും സ്വർണങ്ങളുടെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നതെന്നും മോദി കുറ്റപ്പെടുത്തി.

Post a Comment

Previous Post Next Post