മോദി പറയുന്നത് നുണയെന്ന് കോൺഗ്രസ്: വിദ്വേഷ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകും

(www.kl14onlinenews.com)
(22-APR-2024)

മോദി പറയുന്നത് നുണയെന്ന് കോൺഗ്രസ്: വിദ്വേഷ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകും
ന്യൂഡൽഹി: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുസ്‌ലിം വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ്. മോദി നുണ പറയുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. വിദ്വേഷ പ്രസംഗത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും ഖാർഗെ വ്യക്തമാക്കി.

ഇൻഡ്യ സഖ്യം വിജയിക്കുമെന്ന ആദ്യഘട്ട വോട്ടെടുപ്പിന്‍റെ ഫലം മോദിയെ ഭയപ്പെടുത്തിയെന്ന് ഖാർഗെ എക്സിൽ ചൂണ്ടിക്കാട്ടി. മോദിയുടേത് വിദ്വേഷ പ്രസംഗം മാത്രമല്ല, ശ്രദ്ധ തിരിക്കാനുള്ള തന്ത്രം കൂടിയാണ്. സംഘ്പരിവാറിന്‍റെ മൂല്യങ്ങളിൽ നിന്ന് പഠിച്ചതാണ് മോദി ചെയ്തത്. അധികാരത്തിന് വേണ്ടി കള്ളം പറയുക, അടിസ്ഥാനരഹിതമായ പരാമർശങ്ങൾ നടത്തുക, എതിരാളികൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുക എന്നിവ ആർ.എസ്.എസ്- ബി.ജെ.പി പരിശീലനത്തിന്‍റെ പ്രത്യേകതയാണ്.

രാജ്യത്തെ 140 കോടി ജനങ്ങളും ഇത്തരം നുണയുടെ ഇരയാകാൻ പോകുന്നില്ല. കോൺഗ്രസിന്‍റെ പ്രകടനപത്രിക എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണ്. അത് തുല്യതയെയും നീതിയെയും കുറിച്ച് സംസാരിക്കുന്നു. സത്യത്തിൽ അടിത്തറയിട്ടതാണ് കോൺഗ്രസിന്‍റെ നീതിന്യായവ്യവസ്ഥ. ഗീബൽസിന്‍റെ രൂപത്തിലുള്ള ഏകാധിപതിയുടെ സിംഹാസനം ഇപ്പോൾ കുലുങ്ങി തുടങ്ങി. ഇന്ത്യയുടെ ചരിത്രത്തിൽ പ്രധാനമന്ത്രി പദത്തിന്‍റെ അന്തസ് ഇടിച്ചുതാഴ്ത്തുന്നതിൽ മോദിയെ പോലെ ഒരാളില്ലെന്ന് ഖാർഗെ എക്സിൽ കുറിച്ചു.

മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരിച്ചിരുന്നു. ആദ്യഘട്ട വോട്ടെടുപ്പിലെ നിരാശയിലുണ്ടായ ഭയം കാരണം മോദിയുടെ നുണകളുടെ നിലവാരം വല്ലാതെ താഴ്ന്നതായും പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

കോൺഗ്രസിന്‍റെ 'വിപ്ലവകരമായ പ്രകടനപത്രിക'ക്ക് ലഭിക്കുന്ന വൻ പിന്തുണ ഒരു ട്രെൻഡ് ആയി മാറിയിട്ടുണ്ട്. രാജ്യം ഇപ്പോൾ വിഷയങ്ങൾ അടിസ്ഥാനമാക്കി വോട്ട് ചെയ്യും. തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടി വോട്ട് ചെയ്യും. ഇന്ത്യക്ക് വഴിതെറ്റില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നരേന്ദ്ര മോദി മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്‍ലിംകൾക്ക് വീതിച്ചു നൽകുമെന്നും കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നുമാണ് മോദി ചോദിച്ചത്.

‘‘രാജ്യത്തിലെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്‍ലിംകളാണെന്ന് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ് അതിനർഥം. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കു നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?''-മോദി ചോദിച്ചു.

അമ്മമാരുടെയും പെൺമക്കളുടെയും സ്വർണങ്ങളുടെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നതെന്നും മോദി പറഞ്ഞു.

Post a Comment

Previous Post Next Post