(www.kl14onlinenews.com)
(22-APR-2024)
മോദി മുസ്ലീം വിരോധം വളർത്തുന്നു, രാജസ്ഥാനിലെ പ്രസംഗം രാജ്യവിരുദ്ധം, പ്രധാനമന്ത്രിക്കെതിരെ കേസ് എടുക്കണം: മുഖ്യമന്ത്രി
കണ്ണൂർ: പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം തീർത്തും രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ മുസ്ലീങ്ങളെ പ്രധാനമന്ത്രി പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കുകയാണ്. സങ്കൽപ്പ കഥകൾ കെട്ടിച്ചമച്ച് മുസ്ലീം വിരോധം ജനങ്ങളിൽ വളർത്തുന്ന പ്രചാരണമാണ് നടക്കുന്നതെന്നും പിണറായി വിജയൻ വിമർശിച്ചു.
മുസ്ലീം വിഭാഗത്തെ നുഴഞ്ഞു കയറ്റക്കാരായി വിശേഷിപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. എന്നാൽ രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിൽ ഒരു പാട് മുസ്ലീങ്ങളുടെ പേര് കാണാൻ സാധിക്കും. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. നടപടിയെടുക്കില്ലെന്ന ആത്മവിശ്വാസം പ്രധാനമന്ത്രിക്ക് ഉണ്ടായി," മുഖ്യമന്ത്രി വിമർശിച്ചു.
നിയമവിരുദ്ധമായ കാര്യമാണ് നടന്നത്. പ്രധാനമന്ത്രിക്കെതിരെ കേസ് എടുക്കണം. ഇന്ത്യയുടെ ജനാധിപത്യത്തിൻ്റെ ശക്തി ശരിയായ രീതിയിൽ ജനങ്ങൾ പ്രകടിപ്പിക്കണം. പ്രധാനമന്ത്രിക്കെതിരെ നടപടി എടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവണം," മുഖ്യമന്ത്രി ആവശ്യപ്പെട്ടു
പ്രധാനമന്ത്രിസ്ഥാനത്ത് ഇരിക്കുന്നയാൾക്കു മുസ്‌ലിംകൾ നുഴഞ്ഞുകയറ്റകാരാണെന്ന് എങ്ങനെയാണു പറയാൻ കഴിയുക? രാജ്യത്തെ സന്തതികൾ എങ്ങനെയാണു നുഴഞ്ഞുകയറ്റക്കാരാകുക? ചട്ടങ്ങളും നിയമങ്ങളും പരസ്യമായി ലംഘിക്കുന്ന പ്രസ്താവനയാണിത്. നടപടി ഉണ്ടാകില്ലെന്ന ആത്മവിശ്വാസം എങ്ങനെയാണു പ്രധാനമന്ത്രിക്ക് ഉണ്ടാകുന്നത്? മോദിയുടെ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും നടപടിയെടുക്കണം’’– പിണറായി വിജയൻ ആവശ്യപ്പെട്ടു.
Post a Comment