അറുപതിന്റെ അഴക്, ആരോഗ്യം: എന്നും പൊന്നുപോലെ പരിപാലനം; അതിശയമായി ദുബായിലെ മക്തൂം പാലം

(www.kl14onlinenews.com)
(10-JAN-2024)

അറുപതിന്റെ അഴക്, ആരോഗ്യം: എന്നും പൊന്നുപോലെ പരിപാലനം; അതിശയമായി ദുബായിലെ മക്തൂം പാലം
ദുബായ് :എന്നും എണ്ണയിട്ട്, തേച്ചുമിനുക്കി പൊന്നുപോലെ നോക്കുന്നൊരു പാലം. ഒരുപാലം പണിതാൽ പിന്നെ ആ വഴിക്കു തിരിഞ്ഞുനോക്കാത്ത എൻജിനീയർമാരും കരാറുകാരുമുള്ള നമ്മുടെ കേരളത്തിൽ കേട്ടുകേൾവി പോലുമുണ്ടാകില്ല ഇങ്ങനെയൊരു കാര്യം. ദുബായിലെ ഏറ്റവും പഴയ പാലങ്ങളിൽ ഒന്നായ മക്തൂം പാലത്തെ ദിവസവും പരിചരിച്ച് സൂക്ഷിക്കുന്നതിന്റെ കഥ അൽപം വേറിട്ടതാണ്. കടലിടുക്കുകൾക്ക് അക്കരെയും ഇക്കരെയുമായിരുന്ന ദെയ്റയെയും ബർ ദുബായിയെയും കൂട്ടിയിണക്കിയത് 1962ൽ തുറന്ന മക്തും പാലമാണ്. ഇന്ന് ഇരുവശത്തേക്കും മണിക്കൂറിൽ 22,000 വാഹനങ്ങൾ വരെ ഇതിലെ കടന്നുപോകുന്നുണ്ട്.

അ‍ഞ്ച് തലത്തിലാണ് മക്തൂം പാലത്തിന്റെ പരിപാലനം നടക്കുന്നത്. ദിവസേനയുള്ള പരിശോധന, ആഴ്ചയിലുള്ളത്, മാസത്തിലുള്ളത്, 3 മാസം കൂടുമ്പോഴുള്ളത്, വാർഷിക പരിശോധന എന്നിങ്ങനെയാണ് അവ. ആഴ്ചയിൽ രണ്ടു തവണ അർധരാത്രിക്കു ശേഷം ഗതാഗതം പൂർണമായും നിരോധിച്ചാണ് പരിപാലന ജോലികൾ നടത്തുന്നത്. പാലത്തിന്റെ ആയുസ്സ് വർധിപ്പിക്കാനും വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമാണ് മുടങ്ങാതെയുള്ള പരിശോധന. കഴിഞ്ഞ വർഷം 104 പ്രധാന പരിശോധനകൾ പാലത്തിൽ നടന്നു. ഏകദേശം 5,222 മണിക്കൂർ ജോലിയാണ് പരിപാലത്തിനായി വേണ്ടിവന്നത്.

വലിയ കപ്പലുകൾക്ക് കടന്നുപോകാൻ പാലം മുകളിലേക്ക് ഉയർത്തുന്നതിനാൽ ഹൈഡ്രോളിക് സംവിധാനത്തിന്റെ പരിപാലനമാണ് പ്രധാന ജോലി. കൃത്യമായ ഇടവേളകളിൽ ഹൈഡ്രോളിക് സിലിണ്ടറുകൾ മാറും. ഹൈഡ്രോളിക് സംവിധാനവുമായി ബന്ധപ്പിച്ചിരിക്കുന്ന പൈപ്പുകളും വാൽവുകളും മറ്റ് ഉപകരണങ്ങളും കാലാവധി കഴിയുന്ന മുറയ്ക്ക് മാറ്റും. വാഹനം കടന്നുപോകുന്ന ഭാഗത്ത് തെന്നലുണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ പെയിന്റടിക്കും. വെള്ളത്തിനടിയിലുള്ള ഭാഗങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തും. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ധരുടെ ടീം തന്നെ ഇവർക്കുണ്ട്. ഇലക്ട്രിക് ജനറേറ്റർ, ബ്രേക്ക് പെഡൽ എന്നിവയുടെ പ്രവർത്തനക്ഷമത ദിവസവും പരിശോധിച്ച് ഉറപ്പുവരുത്തും.

പാലത്തിലെ നടപ്പാത, ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ എന്നിവയും ദിവസേനയുള്ള പരിശോധനയിൽ ഉൾപ്പെടും. പാലത്തിന്റെ ഇരുഭാഗങ്ങളും ലോക്ക് ചെയ്ത് ഉറപ്പിക്കുന്ന ഹൈഡ്രോളിക് സ്വിച്ചുകൾ ആഴ്ചയിൽ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുന്നുമുണ്ട്. പൂർണമായും വൈദ്യുതിയിലാണ് പാലം പ്രവർത്തിക്കുന്നത്. ഹൈഡ്രോളിക് സംവിധാനം പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതി, ഡീസൽ ഉപയോഗിച്ചാണ് ഉൽപാദിപ്പിക്കുന്നത്. ഇലക്ട്രിക് മോട്ടർ പാലവുമായി ഘടിപ്പിച്ചിട്ടുണ്ട്. ഇതിലെ ഓയിൽ നിലയും ഇടയ്ക്കിടയ്ക്ക് പരിശോധിക്കും. രാജ്യാന്തര ഏജൻസിയെയാണ് പാലത്തിന്റെ പരിപാലനത്തിനായി ആർടിഎ നിയോഗിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post