മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഉടൻ യാഥാർത്ഥ്യമാകും: ഭൂമി ഏറ്റെടുക്കൽ വിജയകരം

(www.kl14onlinenews.com)
(10-JAN-2024)

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഉടൻ യാഥാർത്ഥ്യമാകും: ഭൂമി ഏറ്റെടുക്കൽ വിജയകരം
മുംബൈ: രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ഉടൻ യാഥാർത്ഥ്യമാകും. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ വിജയകരമായി പൂർത്തിയാക്കിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പദ്ധതിക്കായുളള 1389.49 ഹെക്ടർ ഭൂമി ഏറ്റെടുത്തത്. ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര നാഗർ ഹവേലി എന്നിവിടങ്ങളിലൂടെയാണ് ബുള്ളറ്റ് ട്രെയിൻ കടന്നു പോകുന്നത്.

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പുറമേ, ഉത്തരേന്ത്യയിൽ ഇതിനോടകം വിവിധ പദ്ധതികൾക്ക് കേന്ദ്രസർക്കാർ തുടക്കമിട്ടിട്ടുണ്ട്. ജാപ്പനീസ് ഷിൻകാൻസെന് സമാനമായ രീതിയിൽ MAHSR കോറിഡോർ ട്രാക്ക് സിസ്റ്റത്തിൽ റീയിൻഫോഴ്സ് കോൺക്രീറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികളും ആരംഭിച്ചു. സൂറത്തിലും ആനന്ദിലുമാണ് ഇവ സ്ഥാപിക്കുന്നത്. ഇന്ത്യയിൽ ഇതാദ്യമായാണ് ജെ-സ്ലാബ് ബാലസ്റ്റലെസ് ട്രാക്ക് സിസ്റ്റം ഉപയോഗിക്കുന്നത്. കൂടാതെ, നർമ്മദ, താപ്തി, മഹി, സബർമതി തുടങ്ങിയ നദികൾക്ക് കുറുകെ നിർമ്മിക്കുന്ന പാലങ്ങളുടെ പ്രവൃത്തിയും അന്തിമ ഘട്ടത്തിലാണ്.

മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിനും ശിൽഫാട്ടയ്‌ക്കും ഇടയിലുള്ള 21 കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ കടലിനടിയിലെ 7 കിലോമീറ്റർ പണിയും ആരംഭിച്ചു. മുംബൈ എച്ച്എസ്ആർ സ്റ്റേഷന് വേണ്ടിയുള്ള ഖനനവും ‌ആരംഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, ആനന്ദ്, വഡോദര, അഹമ്മദാബാദ്, സബർമതി എന്നിവിടങ്ങളിലെ എച്ച്എസ്ആർ സ്റ്റേഷനുകളുടെ പണിയും ആരംഭിച്ചു കഴിഞ്ഞു.

Post a Comment

Previous Post Next Post