'കുറ്റവാളികളുടെ രക്ഷാധികാരി ആരെന്ന് തെളിഞ്ഞു'; ബില്‍ക്കിസ് ബാനോ കേസിലെ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷം

(www.kl14onlinenews.com)
(08-JAN-2024)

'കുറ്റവാളികളുടെ രക്ഷാധികാരി ആരെന്ന് തെളിഞ്ഞു'; ബില്‍ക്കിസ് ബാനോ കേസിലെ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷം
ഡൽഹി :
ബിൽക്കിസ് ബാനു (Bilkis Bano) കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ(Gujarat government) ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി(supreme court) വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍(Opposition parties). ഇത് നീതിയുടെ വിജയമാണെന്നും ബിജെപി സ്ത്രീവിരുദ്ധമായ പാര്‍ട്ടിയാണെന്നും കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

ബില്‍ക്കിസ് ബാനോയുടെ അശ്രാന്തമായ പോരാട്ടം അഹങ്കാരം നിറഞ്ഞ ബിജെപി സര്‍ക്കാരിനെതിരായ നീതിയുടെ വിജയത്തിന്റെ പ്രതീകമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി നീതിയെ കൊല്ലുന്ന പ്രവണത ജനാധിപത്യ സംവിധാനത്തിന് അപകടകരമാണ്. ഇന്ന് സുപ്രീം കോടതിയുടെ വിധി, കുറ്റവാളികളുടെ രക്ഷകര്‍ ആരാണെന്ന് രാജ്യത്തോട് വീണ്ടും പറഞ്ഞുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റലൂടെയാണ് രാഹുലിന്റെ പ്രതികരണം.

സഹോദരി പ്രിയങ്ക ഗാന്ധി വധേരയും സുപ്രീം കോടതി വിധിയോട് പ്രതികരിച്ചു. ഒടുവില്‍ നീതി വിജയിച്ചുവെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

ഈ ഉത്തരവോടെ, ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കുള്ള മൂടുപടം നീങ്ങി. ഇതിനുശേഷം, നീതിന്യായ വ്യവസ്ഥയിലുള്ള പൊതുവിശ്വാസം കൂടുതല്‍ ദൃഢമാകും. ധീരമായി പോരാട്ടം തുടരുന്നതിന് ബില്‍ക്കിസ് ബാനോയ്ക്ക് അഭിനന്ദനങ്ങള്‍,' അവര്‍ പറഞ്ഞു.

11 ബലാത്സംഗക്കേസ് പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത് റദ്ദാക്കിയ സുപ്രീം കോടതി വിധി സ്ത്രീകളോടുള്ള ബിജെപിയുടെ കടുത്ത അവഗണനയെ തുറന്നുകാട്ടുന്നുവെന്ന് കോണ്‍ഗ്രസിന്റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി ഹെഡ് പവന്‍ ഖേര പറഞ്ഞു.

ഇത് കുറ്റവാളികളെ നിയമവിരുദ്ധമായി മോചിപ്പിക്കാന്‍ സൗകര്യമൊരുക്കിയവരുടെയും കുറ്റവാളികളെ ഹാരമണിയിക്കുകയും അവര്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കുകയും ചെയ്തവരുടെ മുഖത്തേറ്റ അടിയാണിതെന്നും ഖേര കൂട്ടിച്ചേര്‍ത്തു. ഇരയുടെയോ കുറ്റവാളിയുടെയോ മതത്തിലോ ജാതിയിലോ നീതി നടപ്പാക്കാന്‍ ഇന്ത്യ അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തു. ഈ വിധി സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ ബിജെപി നടത്തുന്ന പൊള്ളയായ അവകാശവാദങ്ങള്‍ തുറന്നുകാട്ടിയെന്നും അദ്ദേഹം ആരോപിച്ചു.

'ഒരു സര്‍ക്കാരും അധികാരം കൈയിലെടുക്കുകയും അത്തരം കുറ്റവാളികളുടെ മോചനത്തിന് അംഗീകാരം നല്‍കുകയും ചെയ്യരുത്. അമിത് ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്തുകൊണ്ട് മൗനം പാലിച്ചുവെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. കുറ്റവാളികളെ നേരത്തെ മോചിപ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നല്‍കി. സ്ത്രീ ശാക്തീകരണത്തെ സംസാരിക്കുന്ന മോദിയുടേത് പൊള്ളയായ അവകാശവാദങ്ങളെന്ന് വളരെ വ്യക്തമാണ്.', അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി സ്ത്രീകളെ തോല്‍പ്പിച്ചു. പ്രധാനമന്ത്രി മോദിയും ബിജെപിയും ബില്‍ക്കിസ് ബാനോയോടും കുടുംബത്തോടും മാപ്പ് പറയണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,'' ഒവൈസി കൂട്ടിച്ചേര്‍ത്തു.

ബില്‍ക്കിസ് ബാനോ കേസിലെ സുപ്രീം കോടതി വിധി 'ഈ കുറ്റവാളികളെ മോചിപ്പിക്കാന്‍ സൗകര്യമൊരുക്കുകയും കുറ്റവാളികളെ മഹത്വവല്‍ക്കരിക്കുകയും ചെയ്ത ബിജെപിയുടെ മുഖത്തേറ്റ അടി'യാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും (ടിഎംസി) പറഞ്ഞു.

'രാഷ്ട്രീയ അജണ്ടകളെക്കാള്‍ നീതി എപ്പോഴും ജയിക്കും,' പാര്‍ട്ടി എക്സില്‍ എഴുതി.

'ഒരിക്കലും മറക്കരുത്. ഗുജറാത്ത് കോടതിയില്‍ നിന്ന് ഇളവ് വരുന്നതിന് മുമ്പ്, തീരുമാനത്തിന് എന്‍ഒസി നല്‍കിയത് ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയമാണ്. നീതി ലഭിക്കാന്‍ ബില്‍ക്കിസ് ബാനോ എല്ലാ ഉന്നതര്‍ക്കും ശക്തര്‍ക്കുമെതിരെ പോരാടി.', ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുര്‍വേദിയും ട്വീറ്റ് ചെയ്തു.

ഇത് നിയമത്തിന്റെ വിജയമാണെന്ന് മഹാരാഷ്ട്ര ആസ്ഥാനമായുള്ള വഞ്ചിത് ബഹുജന്‍ ആഘാഡിയുടെ തലവന്‍ പ്രകാശ് അംബേദ്കര്‍ പ്രതികരിച്ചു.

സുപ്രീം കോടതി വിധി

2002-ലെ ഗോധ്ര കലാപത്തില്‍ ബില്‍ക്കിസ് ബാനോയെ ബലാത്സംഗം ചെയ്യുകയും അവരുടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് മതിയായ യോഗ്യതയില്ലെന്ന് വ്യക്തമാക്കിയായിരുന്നു വിധി.
2022 ഓഗസ്റ്റ് 15 ന് ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച 11 കുറ്റവാളികളോട് രണ്ടാഴ്ചയ്ക്കകം ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

2002 മാര്‍ച്ച് 3-ന് ഗുജറാത്തില്‍ ഗോധ്ര ട്രെയിന്‍ കത്തിച്ച സംഭവത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് സംഭവം നടന്നത്. കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കിസ് ബാനോയ്ക്ക് 21 വയസ്സും അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. ബില്‍ക്കിസ് ബാനോയുടെ മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെയുള്ള ഏഴ് കുടുംബാംഗങ്ങളാണ് അന്ന് കൊല്ലപ്പെട്ടത്

Post a Comment

Previous Post Next Post