സ്വർണ്ണക്കപ്പിൽ നാലാം മുത്തം; കപ്പ് ഏറ്റുവാങ്ങി കണ്ണൂർ, ഇനി അടുത്ത വ‍ർഷത്തേക്കുള്ള കാത്തിരിപ്പ്

(www.kl14onlinenews.com)
(08-JAN-2024)

സ്വർണ്ണക്കപ്പിൽ നാലാം മുത്തം; കപ്പ് ഏറ്റുവാങ്ങി കണ്ണൂർ, ഇനി അടുത്ത വ‍ർഷത്തേക്കുള്ള കാത്തിരിപ്പ്
കൊല്ലം:അഞ്ചു രാപകലുകൾ കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവ കിരീടം കണ്ണൂരിലേക്ക്. 952 പോയിന്റു നേടിയാണ് 23 വർഷങ്ങൾക്കു ശേഷം കണ്ണൂർ 117.5 പവൻ വരുന്ന സ്വർണക്കപ്പിൽ മുത്തമിട്ടത്. സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന്റെ 4-ാം കിരീടനേട്ടമാണിത്. കോഴിക്കോട് (949 പോയന്റ്) രണ്ടാം സ്ഥാനവും പാലക്കാട് (938 പോയന്റ്) മൂന്നാം സ്ഥാനവും നേടി.

മറ്റു ജില്ലകളുടെ പോയന്റു നില

തൃശൂർ 925
മലപ്പുറം 913
കൊല്ലം 910
എറണാകുളം 899
തിരുവനന്തപുരം 870
ആലപ്പുഴ 852
കാസർകോട് 846
കോട്ടയം 837
വയനാട് 818
പത്തനംതിട്ട 774
ഇടുക്കി 730

സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂള്‍ (249 പോയന്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനത്ത്.
അടുത്ത കലോത്സവം എവിടെ? പിന്നീട് അറിയിക്കും

അടുത്ത കലോത്സവം സംബന്ധിച്ച് ഇന്നു പ്രഖ്യാപനം നടത്തില്ലെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒന്നിലധികം ജില്ലകളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. ചില എംഎൽഎമാരും ഇതേ ആവശ്യം പറഞ്ഞിട്ടുണ്ട്. എല്ലാം പരിഗണിച്ച ശേഷമേ അടുത്ത വേദി എവിടെയെന്നു നിശ്ചയിക്കൂവെന്നും മന്ത്രി പറഞ്ഞു.

വരും വർഷം പുതിയ ചട്ടം

2024–25 വർഷത്തെ കലോത്സവങ്ങൾ പുതിയ ചട്ടം അനുസരിച്ചായിരിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി. വർഷങ്ങൾ പഴക്കമുള്ള കലോത്സവ മാനുവൽ പരിഷ്കരിക്കും. അതിന് ഏകദേശം 7 മാസമെടുക്കും. മുന്നോടിയായി കരട് ചട്ടം തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.

കലോത്സവത്തിലെ പരാതികൾ കുറയ്ക്കാൻ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കലോത്സവത്തെ കൊല്ലം ഹൃദയത്തിലേക്കാണ് ഏറ്റുവാങ്ങിയത്. കലോത്സവങ്ങളിൽ പങ്കെടുത്തിരുന്ന വിദ്യാർത്ഥിയായിരുന്നു താനും. സമ്മാനം കിട്ടി സന്തോഷത്തോടെയും കിട്ടാതെ സങ്കടത്തോടെയും മടങ്ങിയ അനുഭവമുണ്ട്. കുഞ്ഞുങ്ങളുടെയും രക്ഷകർത്താക്കളുടെയും കണ്ണീര് വീഴാതെ പരാതികൾ ഇല്ലാതെ കുറച്ച് കൂടി കൃത്യമായി ഭംഗിയായി വരും വർഷങ്ങളിൽ കലോത്സവം നടപ്പിലാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

എല്ലാവരുടെയും കൂട്ടായ്മയായി കലോത്സവത്തെ മിക്കച്ച വിജയമാക്കിയ എല്ലാവർക്കും ധനകാര്യമന്ത്രി കെ എൻ ബാല​ഗോപാൽ നന്ദി അറിയിച്ചു. അടുത്ത വർഷം പുതിയ മാനുവലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉറപ്പ് നൽകി. കലോത്സവം കഴിഞ്ഞ് മടങ്ങുമ്പോൾ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടിക്ക് സർക്കാ‍ർ ധനസഹായം പ്രഖ്യാപിച്ചു. 50000 രൂപയാണ് ധനസഹായമായി സർക്കാർ പ്രഖ്യാപിച്ചത്

Post a Comment

Previous Post Next Post