(www.kl14onlinenews.com)
(03-JAN-2024)
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുറച്ച് കേന്ദ്രം; ചട്ടങ്ങള്‍ തയ്യാര്‍, വിജ്ഞാപനം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ്
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ പൗരത്വ (ഭേദഗതി) നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കാന്‍ നീക്കം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. 2019ല്‍ പാര്‍ലമെന്റ് അംഗീകരിച്ച പൗരത്വനിയമ ഭേദഗതിയുടെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി കഴിഞ്ഞെന്നും വിജ്ഞാപനം വൈകില്ലെന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
'ഞങ്ങള്‍ സിഎഎയുടെ ചട്ടങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കാന്‍ പോകുന്നു. അതിന് ശേഷം നിയമം നടപ്പിലാക്കാന്‍ കഴിയും, കൂടാതെ യോഗ്യരായവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനും കഴിയും,' ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നിയമങ്ങള്‍ വിജ്ഞാപനം ചെയ്യുമോ എന്ന ചോദ്യത്തിന് കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'നിയമങ്ങള്‍ തയ്യാറാണ്, ഓണ്‍ലൈന്‍ പോര്‍ട്ടലും നിലവിലുണ്ട്. മുഴുവന്‍ പ്രക്രിയയും ഓണ്‍ലൈനില്‍ ആയിരിക്കും. അപേക്ഷകര്‍ യാത്രാ രേഖകളില്ലാതെ ഇന്ത്യയില്‍ പ്രവേശിച്ച വര്‍ഷം പ്രഖ്യാപിക്കണം. അപേക്ഷകരില്‍ നിന്ന് ഒരു രേഖയും ആവശ്യപ്പെടില്ല,' ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയ ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര കുടിയേറ്റക്കാര്‍ക്ക്(ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനമതക്കാര്‍, ബുദ്ധമതക്കാര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍) ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമം വലിയ വിവാദങ്ങള്‍ക്കും വന്‍ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. വിവേചനപരമായ നിയമമെന്ന് വിശേഷിപ്പിച്ചായിരുന്നു വിമര്‍ശനം ഏറെയും.
ഡിസംബര്‍ 27 ന് സിഎഎ 'നാടിന്റെ നിയമം' ആണെന്നും അത് നടപ്പിലാക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറപ്പിച്ചു പറഞ്ഞു. സിഎഎ നടപ്പാക്കുന്നത് പാര്‍ട്ടിയുടെ പ്രതിബദ്ധതയാണെന്ന് ഷാ വ്യക്തമാക്കി. ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ, ഐ.ടി വിങ് അംഗങ്ങളുടെ യോഗത്തിലായിരുന്നു ഈ പരാമര്‍ശം. നേരത്തെ സിഎഎയുടെ അന്തിമ കരട് 2024 മാര്‍ച്ച് 30നകം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി അജയ് മിശ്ര പറഞ്ഞിരുന്നു
Post a Comment