ചത്ത 13 പശുക്കൾക്ക് പകരം 28 പശുക്കൾ: ഇനി പുതിയ തൊഴുത്ത്

(www.kl14onlinenews.com)
(03-JAN-2024)

ചത്ത 13 പശുക്കൾക്ക് പകരം 28 പശുക്കൾ: ഇനി പുതിയ തൊഴുത്ത്
ഇടുക്കി ജില്ലയിലെ (Idukki District) തൊടുപുഴ വെള്ളിയാമറ്റത്ത് (Thodupuzha Velliyamattom) പശുക്കൾ കുട്ടത്തോടെ ചത്ത സംഭവം സംസ്ഥാനത്തെ ഞെട്ടിച്ചിരുന്നു. കപ്പത്തൊണ്ട് കഴിച്ച് പശുക്കൾ ചത്തതും ആ പശുക്കളുടെ ഉടമസ്ഥനായ കുട്ടി മാനസിക വിഷമം മൂലം ആശുപത്രിയിലായതും വളരെ വിഷമത്തോടെയാണ് ജനങ്ങൾ ശ്രവിച്ചത്. ഇതിനുപിന്നാലെ കുട്ടികൾക്ക് ആശ്വാസവാക്കുകളുമായി നാടും നാട്ടുകാരും മറ്റു പ്രമുഖരും രംഗത്തെത്തിയിരുന്നു. ക്ഷീര വികസന മന്ത്രി ചിഞ്ചുറാണി സംഭവ സ്ഥലം സന്ദർശിക്കുകയും കുട്ടികൾക്ക് അഞ്ചു പശുക്കളെ ഉൾപ്പെടെ വാഗ്ദാനം ചെയ്യുകയുമുണ്ടായി. കൂടാതെ സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഇതിനുപിന്നാലെ നടൻമാരായ മമ്മൂട്ടിയും ജയറാമും പ്രിഥ്വിരാജും സഹായ വാഗ്ദാനങ്ങളുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെത്തി കുട്ടികൾക്ക് സഹായം നൽകിയ നടൻ ജയറാം ഇവർക്ക് കൂടുതൽ സഹായം എത്തുമെന്ന് അറിയിച്ചിരുന്നു. പുതിയ ചിത്രത്തിൻറെ ട്രെയിലർ ലോഞ്ചിന് വേണ്ടി മാറ്റിവച്ച പണമാണ് ജയറാം ഇന്ന് രാവിലെ തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടി കർഷകരുടെ വീട്ടിലെത്തി കൈമാറിയത്.

അതേസമയം നാടിൻ്റെ നാനാഭാഗത്തു നിന്നും മാത്യുവിനും കുടുംബത്തിനും സഹായങ്ങൾ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്. 15 പശുക്കൾ മരണപ്പെട്ടെങ്കിലും ഇപ്പോൾ അതിൻ്റെ ഏകദേശം ഇരട്ടിയോളം പശുക്കൾ കുട്ടികളുടെ വീടുകളിൽ എത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 28 പശുക്കളെയാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് കുട്ടി കർഷകർക്ക് വാഗ്ദാനം ലഭിച്ചിരിക്കുന്നത്. നേരത്തെ 20 പശുക്കളാണ് ഇവിടെ തൊഴുത്തിൽ ഉണ്ടായിരുന്നത്. പുതിയ പശുക്കൾ കൂടി എത്തുന്നതോടെ നിലവിലെ തൊഴുത്ത് പോരാതെ വന്നേക്കുമെന്നതിനാൽ നിലവിലെ തൊഴുത്ത് ഇടിച്ചു കളഞ്ഞ് പുതിയത് നിർമ്മിക്കാനാണ് കുടുംബം ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായും കുട്ടികൾ വ്യക്തമാക്കി.

പശുക്കൾ ചത്തത് കപ്പത്തൊണ്ട് കഴിച്ചിട്ടാണെന്ന് വ്യക്തമായതിനെ തുടർന്നാണ് കുട്ടികൾക്ക് സഹായങ്ങൾ ഒഴുകിയെത്തിയത്. അതേസമയം പശുക്കളുടെ മരണത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നുള്ള കാര്യത്തിൽ സംശയങ്ങളുണ്ടായിരുന്നു. ഇക്കാര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാല പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വഭാവികമായി ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. പശുക്കൾ ചത്ത സംഭവത്തിൽ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കപ്പത്തൊണ്ട് കഴിച്ചത് തന്നെയാണ് മരണത്തിന് കാരണമെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമായത്.

ഈ ഫാമിൽ മിക്കവാറും ദിവസങ്ങളിൽ പശുക്കൾക്ക് കപ്പത്തൊണ്ട് നൽകാറുണ്ടായിരുന്നു എന്നാണ് വീട്ടുകാർ വ്യക്തമാക്കുന്നത്. ഇപ്പോൾ കപ്പത്തൊണ്ട് കഴിച്ചതിനെത്തുടർന്ന് പശുക്കൾ ഒന്നൊന്നായി കുഴഞ്ഞു വീഴുകയായിരുന്നു. മറ്റു ദിവസങ്ങളിൽ കപ്പത്തൊണ്ട് കഴിച്ചിരുന്നുവെങ്കിലും അസൗഭാവികമായി ഒന്നും സംഭവിച്ചിരുന്നില്ലെന്നായിരുന്നു വീട്ടുകാർ വ്യക്തമാക്കിയത്. ഇക്കാര്യത്തിലാണ് അധികൃതർ ആദ്യം സംശയം ഉന്നയിക്കുന്നതും. എന്നാൽ കപ്പത്തൊണ്ട് പച്ചയ്ക്കും നന്നായി ഉണങ്ങിയിട്ടും പശുക്കൾക്ക് നൽകുന്നതിലും അവ കഴിക്കുന്നതിലും പ്രശ്നങ്ങളില്ലെന്നാണ് പശു കർഷകർ പറയുന്നത്. എന്നാൽ വാടിയ കപ്പത്തൊണ്ടാണെങ്കിൽ ചിലപ്പോൾ മരണകാരണമായേക്കാമെന്നും പലരും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.


ഫാമിലുണ്ടായിരുന്ന പശുക്കളെ ഉടമസ്ഥർ ഇൻഷ്വർ ചെയ്തിരുന്നില്ലെന്നുള്ളതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചത്തുപോയ മുഴുവൻ പശുക്കളെയും പോസ്റ്റുമോർട്ടം ചെയ്യാൻ അധികൃതർ തീരുമാനിച്ചത്. പശുക്കൾ ചത്ത പശ്ചാത്തലത്തിൽ സർക്കാരിൽ നിന്നും സഹായങ്ങൾ ലഭിക്കുകയാണെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെ പേരിൽ അത് തടസ്സപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നു കരുതിയാണ് ഈ തീരുമാനമെന്ന് വാർഡ് മെമ്പർ കൃഷ്ണൻ ഇന്ത്യാ ടുഡേയോട് പറഞ്ഞിരുന്നു. കഴിഞ്ഞദിവസം മുതൽ നിരവധി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പശുക്കൾ നഷ്ടപ്പെട്ട കുട്ടിക്കർഷകരുടെ വീട് സന്ദർശിച്ചിരുന്നു. അടുത്ത ദിവസം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി വീട് സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. കുട്ടികർഷകരുടെ സാഹചര്യം മനസ്സിലാക്കി ധനസഹായം ഉൾപ്പെടെ എല്ലാവിധ സഹായങ്ങളും നൽകാൻ തന്നെയാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നതും.

Post a Comment

Previous Post Next Post