സ്ഥലം കയ്യേറി വായനശാല: വിവാദത്തിനിടെ ഉദ്ഘാടനം നടത്തി ഡിവൈഎഫ്ഐ; നീക്കുമെന്ന് നഗരസഭ

(www.kl14onlinenews.com)
(03-JAN-2024)

സ്ഥലം കയ്യേറി വായനശാല: വിവാദത്തിനിടെ ഉദ്ഘാടനം നടത്തി ഡിവൈഎഫ്ഐ; നീക്കുമെന്ന് നഗരസഭ
കാഞ്ഞങ്ങാട് : നഗരത്തിന്റെ ഹൃദയഭാഗത്ത് ഡിവൈഎഫ്ഐ പൊതുസ്ഥലം കയ്യേറി സ്ഥാപിച്ച പ്രതീകാത്മക ജനകീയ വായനശാല വിവാദത്തിനിടെ ഉദ്ഘാടനവും നടത്തി. കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്ഐ നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചാരണാർഥമാണു ബസ് സ്റ്റാൻഡ് പരിസരത്തു ജനകീയ വായനശാല പണിതത്. ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയാണു വായനശാല നിർമിച്ചത്.

4 മീറ്റർ വീതിയും അതിലേറെ നീളവുമുള്ള വായനശാലയിൽ ഒരു മുറി ഉൾപ്പെടെ രണ്ടു ഭാഗങ്ങളുണ്ട്. വായനശാലയിൽ ഇരിക്കുന്ന രീതിയിൽ 3 മനുഷ്യരൂപങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഓടുകൊണ്ടാണു മേൽക്കൂര തീർത്തത്. അലുമിനിയം പാളിയാണ് ചുമരായി ഉപയോഗിച്ചത്. ഇതിനകത്തു മരത്തിന്റെ ബെഞ്ചുകളുമുണ്ട്.

മൂന്നുപേർ ചേർന്നു കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ചർച്ച ചെയ്യുന്ന രീതിയിലാണു സമര കോർണർ തയാറാക്കിയത്. സീബ്രാലൈനിനു സമീപത്താണു നിർമിതി. ഓട്ടോ അടക്കമുള്ള വാഹനങ്ങൾ നിർത്തി ആളെ ഇറക്കുന്നതും ഇതിനു സമീപത്താണ്. തിരക്കേറിയ ഭാഗത്തുതന്നെ ഇത്തരം നിർമിതി സ്ഥാപിച്ചതാണു വിവാദത്തിനു കാരണമായത്.

നിർമിതിക്കെതിരെ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും ഇന്നലെ പ്രതിഷേധമുയർത്തി. നിർമിതി നീക്കണമെന്ന് ആവശ്യപ്പെട്ടു നഗരസഭാ സെക്രട്ടറിക്കു പരാതിയും നൽകി. എന്നാൽ ഇതിനു പിന്നാലെ ഇന്നലെ സമര കോർണർ ഉദ്ഘാടനം ചെയ്താണു ഡിവൈഎഫ്ഐ വിവാദത്തിനു മറുപടി നൽകിയത്. എം.വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല തീർക്കുമ്പോൾ ആദ്യം പൊള്ളുന്നതു കോൺഗ്രസിനും യൂത്ത് കോൺഗ്രസിനുമാണെന്ന് അദ്ദേഹം പറഞ്ഞു.

പകൽ ഖദറും രാത്രി കാക്കി ട്രൗസറും ധരിക്കുന്നവരാണു കോൺഗ്രസുകാർ. ഈ പ്രചാരണ സ്തൂപം താൽക്കാലികം മാത്രമാണെന്നും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ ജനങ്ങളുടെ മുൻപിൽ തുറന്നു കാട്ടുന്നതിനും മനുഷ്യച്ചങ്ങലയുടെ പ്രചാരണം വ്യത്യസ്തമായ രീതിയിൽ സംഘടിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ സമര കോർണർ ഡിവൈഎഫ്ഐ സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‌

ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, ജില്ലാ പ്രസിഡന്റ് ഷാലു മാത്യു, ജില്ലാ ട്രഷറർ കെ.സബീഷ്, സംഘാടക സമിതി വൈസ് ചെയർമാൻ പി.കെ.നിഷാന്ത്, ബ്ലോക്ക് സെക്രട്ടറി വി.ഗിനീഷ് എന്നിവർ പ്രസംഗിച്ചു. നഗരത്തിൽ മറ്റു പാർട്ടികൾ സ്ഥാപിച്ച കൊടികളും ഫ്ലെക്സുകളും നീക്കം ചെയ്താൽ ഡിവൈഎഫ്ഐയുടെ പ്രചാരണ സ്തൂപവും മാറ്റാൻ തയാറാണെന്നു ഡിവൈഎഫ്ഐ ഭാരവാഹികൾ അറിയിച്ചു.

അതേസമയം, പ്രതീകാത്മക വായനശാല പൊലീസ് സഹായത്തോടെ നീക്കം ചെയ്യുമെന്നു നഗരസഭാ സെക്രട്ടറി പറഞ്ഞു. ദിവസങ്ങൾക്കു മുൻപു നഗരസഭയിൽ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചു നഗരത്തിൽ ഇത്തരത്തിലുള്ള പ്രചാരണ സാമഗ്രികൾ ഉപയോഗിക്കരുതെന്ന തീരുമാനമെടുത്തിരുന്നു. നഗരത്തിൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടികളുടെയും മറ്റു സംഘടനകളുടെയും കൊടിതോരണങ്ങളും മറ്റും നഗരസഭ നേരത്തേ നീക്കം ചെയ്തതാണ്.

ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ റോഡിൽ ഇത്തരത്തിലുള്ള ഒരു നിർമിതിയും പാടില്ല. നീക്കം ചെയ്യേണ്ടതു നഗരസഭയുടെ ചുമതലയാണ്.

പൊലീസ്

റോഡരികിൽ സ്ഥാപിക്കുന്ന നിർമിതികൾ എല്ലാം അനധികൃതമാണ്. പൊതുമരാമത്ത് വകുപ്പിനു കീഴിലായതിനാൽ കയ്യേറ്റം ഒഴിപ്പിക്കേണ്ടത് അവരാണ്. നഗരസഭയ്ക്കും കയ്യേറ്റം ഒഴിപ്പിക്കാനാകും.

മോട്ടർ വാഹന വകുപ്പ്

Post a Comment

Previous Post Next Post