അണങ്കൂരിലെ അശാസ്ത്രീയ സർവീസ് റോഡ്; പരിഹാരം കാണാതെ അധികൃതർ

(www.kl14onlinenews.com)
(01-JAN-2024)

അണങ്കൂരിലെ അശാസ്ത്രീയ സർവീസ് റോഡ്; പരിഹാരം കാണാതെ അധികൃതർ
കാസർകോട് :
അണങ്കൂർ, ദേശീയപാത നിർമാണത്തിൽ അണങ്കൂർ ഗവ.ആയുർവേദ ആശുപത്രിയുടെ എതിർവശത്ത് മാത്രമായി സർവീസ് റോഡിന് വീതി കുറവ് ആണെന്ന പരാതി ഇനിയും പരിഹരിക്കപ്പെട്ടില്ല. കാസർകോട് ഭാഗത്തേക്കു പോകുന്ന സർവീസ് റോഡിലാണ് കുരുക്ക്. കുതിച്ചെത്തുന്ന വാഹനങ്ങൾക്ക് ഉടൻ വേഗം കുറയ്ക്കാൻ പറ്റിയില്ലെങ്കിൽ അപകടം ഉറപ്പാണ്. ഒരു ബസിനു കഷ്ടിച്ചു കടന്നുപോകാനുള്ള സൗകര്യം മാത്രമേയുള്ളൂ ഇവിടെ. കലക്ടർ, എംപി, എംഎൽഎ തുടങ്ങിയ ജനപ്രതിനിധികൾ പതിവായി കടന്നു പോകുന്ന സർവീസ് റോഡിലെ ഈ കുടുക്ക് ഒഴിവാക്കാൻ നടപടികൾ തുടങ്ങിയില്ല.

തന്റെ സ്ഥലത്തിനരികെ 3 മീറ്റർ ഉയരത്തിൽ റോഡ് നിർമിക്കുമ്പോൾ സുരക്ഷാ ഭിത്തി നിർമിക്കാതെ സ്ഥലം കയ്യേറി 2 മീറ്ററോളം വീതിയിൽ റോഡ് നിലനിർത്താൻ റാംപ് മണ്ണിട്ടു നികത്തിയതായി ആരോപിച്ച് ഫർണിച്ചർ വ്യാപാരി എൻ.എം. മൊഹമ്മദ് ഷാഫി ദേശീയപാത പ്രോജക്ട് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. സർവീസ് റോഡ് തകരാൻ ഇടയാകുമെന്ന് അതിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയപാത സ്ഥലം ഏറ്റെടുക്കൽ വിഭാഗം അളന്നു തന്ന സ്ഥലത്താണ് പണി നടത്തിയതെന്നു ദേശീയപാത നിർമാണ കമ്പനി പറയുന്നു. പരാതി ഉണ്ടായതിനെത്തുടർന്ന് സ്ഥലം അളന്നു തിട്ടപ്പെടുത്തി ആവശ്യമായ പരിഹാരം കാണണമെന്ന് സ്ഥലം ഏറ്റെടുക്കൽ വിഭാഗം അധികൃതർക്ക് കത്ത് നൽകിയിരുന്നുവെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്നാണ് പാത നിർമാണ അധികൃതർ പറയുന്നത്

Post a Comment

Previous Post Next Post