വിമാനത്തിൽ നിന്ന് 16,000 അടി താഴേക്ക് ഐഫോൺ! ഇപ്പോഴും പ്രവർത്തിക്കുന്നു, പിന്നിലെ രഹസ്യം ഇതാ

(www.kl14onlinenews.com)
(11-JAN-2024)

വിമാനത്തിൽ നിന്ന് 16,000 അടി താഴേക്ക് ഐഫോൺ! ഇപ്പോഴും പ്രവർത്തിക്കുന്നു, പിന്നിലെ രഹസ്യം ഇതാ
ഉയരത്തില്‍ പറന്നുകൊണ്ടിരിക്കേ വിമാനത്തിന്റെ വാതില്‍ തുറന്ന് താഴേക്കു വീഴുന്നത് ആരെയും ആശങ്കപ്പെടുത്തുന്ന അപകടമാണ്. അത്തരമൊരു അപകടത്തിനാണ് അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനം കഴിഞ്ഞ ആഴ്ചയില്‍ സാക്ഷ്യം വഹിച്ചത്. ആര്‍ക്കും ജീവാപായമൊന്നും സംഭവിച്ചില്ലെങ്കിലും അലാസ്‌ക എയര്‍ലൈന്‍ വിമാനത്തില്‍ നിന്നും നിരവധി സാധനങ്ങള്‍ താഴേക്കു വീണിരുന്നു. ഇക്കൂട്ടത്തില്‍ ഒരു ഐഫോണും താഴേക്കു വീണു. ഇത്രയും ഉയരത്തില്‍ നിന്നും താഴേക്കു വീണ ഫോണിന്റെ പൊടിപോലും കണ്ടേക്കില്ലെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി.

ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയ വാഷിങ്ടണ്‍ സ്വദേശി ഷോണ്‍ ബേറ്റ്‌സാണ് റോഡരികില്‍ ഐഫോണ്‍ വീണുകിടക്കുന്നതു കണ്ടത്. എയര്‍പ്ലൈന്‍ മോഡിലായിരുന്ന ഐഫോണില്‍ പകുതി ബാറ്ററിയുമുണ്ടായിരുന്നു. വെള്ളിയാഴ്ച അപകടത്തില്‍പെട്ട അലാസ്‌ക എയര്‍ലൈനിന്റെ എഎസ്എ 1282 വിമാനത്തില്‍ നിന്നുള്ളതാണ് ഈ ഐഫോണ്‍ എന്നറിഞ്ഞപ്പോള്‍ ഞെട്ടിയത് ഷോണ്‍ ബേറ്റ്‌സാണ്. ഫോണിന്റെ ചാര്‍ജറിന്റെ ഒരുഭാഗവും ഐഫോണില്‍ നിന്നും ലഭിച്ചു.

വിമാനത്തില്‍ നിന്നും വീണെങ്കിലും ഐഫോണിന് കാര്യമായ കേടുപാടുകൾ പറ്റിയിരുന്നില്ല. അലാസ്‌ക എയര്‍ലൈന്‍ വിമാനത്തില്‍ നിന്നു വീണതെന്നു കരുതുന്ന ഐഫോണിന്റെ വിശദാംശങ്ങള്‍ ഷോണ്‍ ബേറ്റ്‌സ് എന്‍ടിഎസ്ബിയില്‍ വിളിച്ച് അറിയിച്ചിരുന്നു. അപ്പോഴാണ് ഈ അപകടത്തില്‍ പെട്ട, തിരിച്ചു കിട്ടിയ രണ്ടാമത്തെ ഐഫോണ്‍ ആണിതെന്ന് ബേറ്റ്‌സ് എക്‌സ് പോസ്റ്റില്‍ പറയുന്നു. വിമാനത്തിന്റെ വാതില്‍ ഇതുവരെ കിട്ടിയിട്ടില്ലെന്നും തമാശയായി ബേറ്റ്‌സ് കൂട്ടിച്ചേര്‍ക്കുന്നു.

റോഡരികില്‍ ചെടികള്‍ക്കിടയില്‍ നിന്നാണ് ബേറ്റ്‌സിന് ഐഫോണ്‍ ലഭിക്കുന്നത്. ആരെങ്കിലും കാറില്‍ നിന്നോ മറ്റോ പുറത്തേക്കെറിഞ്ഞതാകാം ഫോൺ എന്നാണ് ബേറ്റ്‌സ് കരുതിയത്. സ്‌ക്രീന്‍ ലോക്ക് ഒന്നുമില്ലാതിരുന്നതിനാല്‍ എളുപ്പത്തില്‍ ഫോണ്‍ തുറന്നു നോക്കാനായെന്നും ബേറ്റ്‌സ് പറയുന്നു. വിമാനയാത്ര സംബന്ധിച്ച സന്ദേശങ്ങള്‍ കൂടി കണ്ടതോടെയാണ് അലാസ്‌ക എയര്‍ലൈന്‍സിന്റെ അപകടത്തില്‍ പെട്ട വിമാനത്തില്‍ നിന്നു വീണതാണോ ഈ ഐഫോണ്‍ എന്ന ചിന്ത ബേറ്റ്‌സിനുണ്ടായത്.

വിമാനത്തിന്റെ വാതിലിന്റെ പിടിയും മറ്റു ഭാഗങ്ങളും വാതിലുമെല്ലാം പിന്നീട് കണ്ടുകിട്ടിയിരുന്നു. വിമാനത്തിനുള്ളിലെ സീറ്റിന്റെ ഹെഡ്‌റെസ്റ്റും ട്രേ ടേബിളുമെല്ലാം താഴേക്കു വീണിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടു ഫോണുകള്‍ വിമാനത്തില്‍ നിന്നും വീണുകിട്ടിയെന്ന് പിന്നീട് എന്‍ടിഎസ്ബി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഒന്ന് റോഡരികില്‍ നിന്നാണെങ്കില്‍ മറ്റൊന്ന് വീടിന്റെ പുറകുവശത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്നായിരുന്നു ലഭിച്ചത്. ഒരു അധ്യാപകന്റെ വീടിന്റെ പിന്നിലെ പറമ്പില്‍ നിന്നാണ് വിമാനത്തിന്റെ താഴേക്കു വീണ വാതില്‍ ലഭിച്ചത്.

ചെടികളുടെ ശിഖരങ്ങളിൽതട്ടി ഫോണിന്റെ വീഴ്ചയുടെ ആഘാതം കുറഞ്ഞിരിക്കാമെന്നും പ്രൊട്ടക്ടീവ് കെയ്സുകളും സ്ക്രീൻ ഗാർഡുകൾക്കുമൊപ്പം അൽപം ഭാഗ്യം കൂടി ചേർന്നതിനാലാകാം ഫോൺ കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടതെന്നാണ് സൂചന.

ബോയിങ് 737 മാക്‌സ്9 വിമാനമാണ് വാതില്‍ താഴേക്കു വീണ അപകടത്തില്‍ പെട്ടത്. ഈ വിഭാഗത്തില്‍ പെട്ട എല്ലാ വിമാനങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഇനി പറക്കൂ എന്ന് ബോയിങ് വക്താവ് അറിയിച്ചിട്ടുണ്ട്. ഇതോടെ അലാസ്‌ക എയര്‍ലൈന്‍സിന്റേയും യുണൈറ്റഡ് എയര്‍ലൈന്‍സിന്റേയും മുന്നൂറിലേറെ വിമാനങ്ങളാണ് റദ്ദാക്കിയത്. മാക്‌സ്9 വിമാനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഈ രണ്ട് എയര്‍ലൈനുകളാണ്.

Post a Comment

Previous Post Next Post